ഒന്നാംഘട്ടം മൂന്നുമാസത്തിനകമെന്ന് ശില്പശാല; ഇക്കോ ടൂറിസം പദ്ധതിയിലേക്ക് ചുവടുവച്ച് മുണ്ടേരിക്കടവ് പക്ഷിസങ്കേതം

Saturday 23 August 2025 8:58 PM IST

കണ്ണൂർ: ദേശാടനപക്ഷികളുടെ പറുദീസയായ മുണ്ടേരിക്കടവ് പക്ഷി സങ്കേതത്തിൽ ഇക്കോ ടൂറിസം പദ്ധതിയുടെ ആദ്യഘട്ടം ചർച്ച ചെയ്ത് സംസ്ഥാനതല ശില്പശാല. മണ്ടേരി പി.എച്ച്.സി കമ്മ്യൂണിറ്റി ഹാളിൽ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയാണ് ശില്പശാല ഉദ്ഘാടനം ചെയ്തത്. ടൂറിസം വകുപ്പ് മുണ്ടേരിക്കടവ് ഇക്കോ ടൂറിസം നടത്തിപ്പിനായി ഒന്നാംഘട്ടത്തിൽ അനുവദിച്ച 79 ലക്ഷം രൂപയുടെ പദ്ധതിനിർവഹണമാണ് ശില്പശാലയിൽ ജനകീയ ചർച്ച നടത്തി അംഗീകരിച്ചത്.

ഇന്നലെ രാവിലെയാണ് തെന്മല ഇക്കോ ടൂറിസം സൊസൈറ്റിയുടെ നേതൃത്വത്തിൽ പദ്ധതി നിർവഹണ ശില്പശാല ആരംഭിച്ചത്.ഒന്നാംഘട്ടപദ്ധതിക്ക് ഇതിനകം ടെൻഡർ നൽകിക്കഴിഞ്ഞു.ഇതിൽ സൗന്ദര്യവൽകരണം, ടോയ്‌ലെറ്റ് ബ്ലോക്ക് നിർമ്മാണം, മൊബൈൽ കൗണ്ടറുകൾ, ദിശാ സൂചിക ബോർഡുകൾ, ബേർഡ് ഡെൻ( പക്ഷികളെ കാണാനുള്ള മുറികൾ ) പ്ലാന്റുകൾ, വാച്ചു ടവറുകൾ എന്നിവ വരും. ഏച്ചൂർ സർവീസ് സഹകരണ ബാങ്കിനെയാണ് ടെൻ‌ഡർ വഴി പദ്ധതിയുടെ തുടർപരിപാലന ഏജൻസിയായി സർക്കാർ നിശ്ചയിച്ചിരിക്കുന്നത്.

ശില്പശാലയിൽ മുണ്ടേരിയിലെ പക്ഷികൾ, പക്ഷി നിരീക്ഷണവും ജീവനോപാധി അവസരങ്ങളും,സഞ്ചാരവും പ്രകൃതി സംരക്ഷണവും,ഗൈഡിംഗ് സേവനങ്ങൾ,മണ്ടേരി കടവ് പദ്ധതി പരിചയപ്പെടുത്താൻ തുടങ്ങിയ വിഷയങ്ങളിൽ കണ്ണൂർ സർവ്വകലാശാല പരിസ്ഥിതി പഠനവകുപ്പ് മുൻ ഡയറക്ടർ ഡോക്ടർ ഖലീൽ ചൊവ്വ, ഡബ്ലിയു.ഡബ്ലിയു.എഫ് വന്യജീവി ശാസ്ത്രജ്ഞൻ സി.അർജുൻ ,മുണ്ടേരി കടവ് പഠനഗ്രൂപ്പ് കൺവീനർ പി.പി.ബാബു കാരക്കാട്ട്,പ്രോജക്ട് എക്സിക്യൂട്ടീവ് ടി മനോജ് കുമാർ എന്നിവർ വിവിധ വിഷയങ്ങൾ അവതരിപ്പിച്ചു മാർക്ക്, കെ.എസ്.എസ്.പി എന്നിവയിലെ സന്നദ്ധ പ്രവർത്തകരും ജനപ്രതിനിധികളും പരിസ്ഥിതി പ്രവർത്തകരും വിദ്യാർത്ഥികളും തദ്ദേശ വാസികളും സെമിനാറിൽ പങ്കെടുത്തു.തുടർന്നുള്ള ദിവസങ്ങളിൽ ഇക്കോ ടൂറിസം മേഖലയിലെ സംരംഭകരുടെയും വിവിധ സ്റ്റേക്ക് ഹോൾഡേഴ്സിന്റെയും യോഗം ചേരും.ശ്രീധന്യ സുരേഷിന്റെ നേതൃത്വത്തിലാണ് പദ്ധതികൾ ഏകോപിപ്പിക്കുന്നത്.

മുണ്ടേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.അനിഷയാണ് സെമിനാറിൽ അദ്ധ്യക്ഷത വഹിച്ചത്. എടക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.കെ.പ്രമീള, ഇക്കോ ടൂറിസം ഡയറക്ടർ ആർ.സുജിത്ത് , ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വി.കെ. സുരേഷ് ബാബു, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ കെ.ബിന്ദു,കെ.ബാലൻ ഗ്രാമപഞ്ചായത്ത് അംഗമായ കെ.മുംതാസ്, ഏച്ചൂർ ബാങ്ക് പ്രസിഡന്റ് എം.പത്മനാഭൻഎന്നിവർ ആശംസകൾ നേർന്നു.മുണ്ടേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എ. പങ്കജാക്ഷൻ സ്വാഗതവും തെന്മല ഇക്കോ ടൂറിസം പ്രോജക്ട് എക്സിക്യൂട്ടീവ് ഡിമനോജ് കുമാർ നന്ദിയും പറഞ്ഞു

ദേശാടനപക്ഷികളുടെ സ്വർഗഭൂമി

ദേശാടന പക്ഷികളുടെ പറുദീസയാണ് മണ്ടേരി കടവ്. അഞ്ഞൂറിലധികം തരം പക്ഷികളും നിരവധി മൽസ്യങ്ങളും, ഞണ്ടുകളും തുമ്പികളും മറ്റ് സസ്യ ജന്തുവൈവിദ്ധ്യങ്ങളും ഇവിടെ ഉണ്ട്.ഇവ സംരക്ഷിക്കുവാൻ 11 വർഷം മുമ്പ് ബന്ധ്ജറ്റിൽ തുക നീക്കിവെച്ചെങ്കിലും അന്ന് നടന്നില്ല. തുടർന്ന് രാമചന്ദ്രൻ കടന്നപ്പള്ളിക്ക് തദ്ദേശീയരും വിവിധ സംഘടനകളും ഇടപെട്ടതിനെ തുടർന്നാണ് ടൂറിസം വകുപ്പ് പദ്ധതി ആരംഭിക്കുന്നത്.