രോഗികൾക്ക് ആശ്വാസമാകാൻ പി.എം.എസ്.എസ്.വെെ ബ്ലോക്ക്
നിന്നു തിരിയാൻ ഇടമില്ലാതെ ഇനി തിക്കി തിരക്കേണ്ട. തീയും പുകയും ഭീതി പടർത്തിയ കോഴിക്കോട് മെഡി. കോളേജിലെ പി.എം.എസ്.എസ്.വൈ കെട്ടിടം നാലുമാസങ്ങൾക്ക് ശേഷം ഇന്ന് തുറക്കന്നതോടെ രോഗികളെപ്പോലെ കൂട്ടിരിപ്പുകാർക്കും ആശ്വാസമാകും. ജില്ലാ കളക്ടറുടെ നേതൃത്വത്തിലുള്ള സാങ്കേതിക സമിതിയാണ് കെട്ടിടത്തിന്റെ സുരക്ഷ വിലയിരുത്തിയ ശേഷം തുറക്കാൻ അനുമതി നൽകിയത്. അറ്റകുറ്റ പണികൾ പൂർത്തിയാക്കിയ കെട്ടിടത്തിന് കഴിഞ്ഞദിവസം ഫയർ എൻ.ഒ.സി ലഭിക്കുകയും ചെയ്തിരുന്നു. ഇതോടെ പ്രതിദിനം ആയിരക്കണക്കിന് ആളുകളെത്തുന്ന മെഡിക്കൽ കോളേജിന്റെ അത്യാഹിത വിഭാഗത്തിന്റെ പ്രവർത്തനം ഇനി കൂടുതൽ സുഗമമാകും. കഴിഞ്ഞ മേയ് രണ്ടിനായിരുന്നു കെട്ടിടത്തിലെ അത്യാഹിത വിഭാഗത്തിലെ യു.പി.എസ് മുറിയിൽ തീയും പുകയും പടർന്നത്. പിന്നാലെ മേയ് ആറിന് വീണ്ടും ഭീതിയുയർത്തി കെട്ടിടത്തിലെ ആറാം നിലയിലെ ഓപ്പറേഷൻ തിയേറ്ററിലും തീപിടിത്തമുണ്ടായി. തുടർന്ന് കെട്ടിടം അടയ്ക്കുകയായിരുന്നു. പിന്നാലെ ആരോഗ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള സംഘം ആശുപത്രിയിലെത്തി കാര്യങ്ങൾ വിലയിരുത്തി. ടെക്നിക്കൽ കമ്മിറ്റി രൂപീകരിച്ച് എല്ലാവിധ സുരക്ഷിതത്വവും ഉറപ്പാക്കുന്നതിന് വേണ്ടിയിട്ടുള്ള നടപടികൾ സ്വീകരിക്കാൻ മന്ത്രി നിർദേശം നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ ഫയർ ആൻഡ് റെസ്ക്യൂ വിഭാഗം, ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ്, പൊതുമരാമത്ത് വിഭാഗം എന്നിവർ ചേർന്ന സമിതി സുരക്ഷിതത്വം ഉറപ്പാക്കി റിപ്പോർട്ട് സമർപ്പിച്ചു. ഈ സാഹചര്യത്തിലാണ് സർജിക്കൽ സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്ക് തുറന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചത്. ജില്ലാ കളക്ടറും പ്രിൻസിപ്പലും ഈ പ്രവർത്തനങ്ങൾക്ക് നേരിട്ട് നേതൃത്വം നല്കി. ഇനിയും വീഴ്ചകൾ ഉണ്ടാകില്ലെന്ന് ഉറപ്പുവരുത്താൻ മെഡിക്കൽ കോളേജ് അധികൃതരുടേയും ഡോക്ടർമാരുടേയും പരിശോധനകൾ പുരോഗമിക്കുകയാണ്. കാരണം ഇനിയൊരു പാളിച്ചയുണ്ടായാൽ അത് ആരോഗ്യവകുപ്പിനെ ഒന്നടക്കം പ്രതിക്കൂട്ടിൽ നിറുത്തുന്ന സ്ഥിതിയാകും. മാത്രമല്ല മലബാറിലെ 5 ജില്ലകളിൽ നിന്നെത്തുന്ന രോഗികൾക്കും അത് വലിയ ബുദ്ധിമുട്ട് സൃഷ്ടിക്കും. ഇന്ന് മുതലുള്ള സേവനങ്ങൾ സർജിക്കൽ സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്കിലെ ഗ്രൗണ്ട് ഫ്ളോർ, ഒന്നാം നില എന്നിവയാണ് ഇന്ന് വൈകിട്ട് മുതൽ തുറന്ന് പ്രവർത്തിക്കുക. എം.ആർ.ഐ, സി.ടി മറ്റ് സേവനങ്ങളും ഈ ബ്ലോക്കിൽ ലഭ്യമാക്കുന്നതാണ്. 27ന് രണ്ട്, മൂന്ന്, നാല് നിലകളിലുള്ള വാർഡുകളും ന്യൂറോ സർജറി തീവ്ര പരിചരണ വിഭാഗവും തുറന്ന് പ്രവർത്തിക്കും. രോഗികളെയും മറ്റും വാർഡുകളിലേക്ക് മാറ്റുന്ന പ്രവർത്തനങ്ങൾ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. അതിവേഗ പ്രവൃത്തി നിർമാണ കമ്പനിയായ എച്ച്.എൽ.എൽ ഇൻഫ്രാസ്ട്രെക്ചറിന്റെ വിഭാഗമായ ഹൈറ്റ്സാണ് കെട്ടിടത്തിന്റെ അറ്റകുറ്റപ്പണികൾ നടത്തിയത്. രാത്രി പകലെന്യേയുള്ള പ്രവർത്തനമാണ് കെട്ടിടത്തിലെ പോരായ്മകൾ ഓരോന്നും കണ്ടെത്തി പരിഹരിച്ചത്. കെട്ടിടത്തിലെ തീപടർന്ന എം.ആർ.ഐ യൂണിറ്റിന്റെ യു.പി. എസ് അടക്കം എല്ലാ നിലകളിലേയും ബാറ്ററികളെല്ലാം മാറ്റിയിട്ടുണ്ട്. അനുബന്ധ ഉപകരണങ്ങൾ സ്ഥാപിച്ചു. സി.സി.ടി.വികൾ സ്ഥാപിച്ചു. പൊളിഞ്ഞ വാതിലുകളും ലൈറ്റുകളും പുനസ്ഥാപിച്ചു. ഓരോ നിലയിലെയും വയറിംഗുമായുള്ള പ്രശ്നങ്ങളും മറ്റും പരിശോധന നടത്തി പ്രശ്നമില്ലെന്നുറപ്പിച്ചു. രണ്ടാമത് തീ പടർന്ന കെട്ടിടത്തിന്റെ ആറാം നിലയിലെ ഓപ്പറേഷൻ വിഭാഗത്തിലും അറ്റകുറ്റപ്പണികൾ നടത്തി. തീപിടിച്ച് കത്തി നശിച്ച ബെഡുകളും കിടക്കകളും ഉൾപ്പെടെ മാറ്റിയിട്ടുണ്ട്. നേരത്തേ ഓരോ വിഭാഗത്തിലുമായി ട്രയൽ റൺ നടത്തിയിരുന്നു. സുരക്ഷ ഉറപ്പുവരുത്തുന്നതിനായി കളക്ടറുടെ നിർദേശപ്രകാരം മോക്ഡ്രില്ലും പരിശീലനവും അധികൃതരുടെ നേതൃത്വത്തിൽ നടത്തി. അഗ്നിരക്ഷാസേന, ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ് വിഭാഗങ്ങളാണ് മോക്ഡ്രില്ലിനും ബോധവത്ക്കരണ ക്ലാസിനും നേത്യത്വം നൽകിയത്.
രോഗികൾക്ക് ആശ്വാസം പ്രധാനമന്ത്രി സ്വാസ്ഥ്യ സുരക്ഷ യോജന പദ്ധതി (പി.എം.എസ്.എസ്.വൈ) പ്രകാരം കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ 195 കോടി ചെലവിട്ടാണ് 16,263 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ പുതിയ അത്യാഹിത വിഭാഗം കോംപ്ലക്സിന്റെ നിർമ്മാണം. ഏഴ് നിലകളിലായി നിരവധി വാർഡുകൾ, സൂപ്പർ സ്പെഷ്യാലിറ്റി സർജറി യൂണിറ്റുകൾ, ആധുനിക സൗകര്യങ്ങളുള്ള അത്യാഹിത വിഭാഗം, നടക്കാനും ഇരിക്കാനും ഇരിപ്പിടങ്ങൾ തുടങ്ങി രോഗികൾക്ക് ഏറെ സൗകര്യങ്ങൾ ഇവിടെ ലഭിച്ചിരുന്നു. എന്നാൽ തീപിടിത്തത്തെ തുടർന്ന് രോഗികളുടെ സുരക്ഷ മുൻനിറുത്തി കെട്ടിടം അടക്കുകയും അത്യാഹിത വിഭാഗം പഴയ കെട്ടിടത്തിലേക്കും പി.എം.എസ്.എസ്.വെെ ബ്ലോക്കിലെ മറ്റു രോഗികളെ മെഡിക്കൽ കോളജിലെ മറ്റ് വാർഡുകളിലേക്കും മാറ്റുകയുമായിരുന്നു. എന്നാൽ തീപിടിത്തമുണ്ടായതോടെ വീണ്ടും പഴയ സ്ഥാനത്തേക്ക് തന്നെ തിരിച്ചു വരേണ്ടി വന്നതോടെ രോഗികൾ അക്ഷരാർത്ഥത്തിൽ വീർപ്പുമുട്ടുകയായിരുന്നു. രോഗികൾ നിലത്തും വരാന്തയിലും കിടക്കേണ്ട അവസ്ഥയായി. ഇരുണ്ട മുറികൾ, പലയിടത്തും പൊട്ടിയൊലിക്കുന്ന മേൽക്കൂര. നിന്നു തിരിയാൻ ഇടമില്ലാത്ത അവസ്ഥ. തിക്കും തിരക്കും കൊണ്ടു ശ്വാസം മുട്ടുന്ന സ്ഥിതിയായിരുന്നു. കെട്ടിടം തുറക്കുന്നതോടെ രോഗികൾക്ക് ആശ്വാസമാകും.