കാർത്തിയുടെ വില്ലനായി ആദി പിനിസെട്ടി
നിവിൻ പോളി പിൻമാറി
കാർത്തി നായകനാവുന്ന മാർഷൽ സിനിമയിൽ പ്രതിനായകനായി ആദി പിനിസെട്ടി. നിവിൻ പോളിയെ ആണ് പ്രതിനായകനായി നിശ്ചയിച്ചിരുന്നത്. എന്നാൽ രാഘവ ലോറൻസ് ചിത്രവുമായി ഡേറ്റ് ക്ളാഷ് വന്നതാണ് നിവിൻ പോളിയുടെ പിൻമാറ്റത്തിന് കാരണം. രാഘവലോറൻസ് നായകനായി ലോകേഷ് കനകരാജ് യൂണിവേഴ്സിലെ ബെൻസിലും നിവിൻപോളി ആണ് പ്രതിനായകൻ. തുടർച്ചയായി രണ്ടു ചിത്രങ്ങളിൽ പ്രതിനായക വേഷം ചെയ്യേണ്ട എന്ന തീരുമാനം നിവിൻ സ്വീകരിക്കുകയായിരുന്നുവത്രേ.
രണ്ടു ഭാഗങ്ങളായാണ് കാർത്തി ചിത്രം മാർഷൽ പുറത്തിറങ്ങുക. കല്യാണിപ്രിയദർശൻ ആണ് നായിക. അതേസമയം മലയാളത്തിനും പരിചിതയായ തെന്നിന്ത്യൻ താരം നിക്കി ഗൽറാണിയുടെ ഭർത്താവും തെലുങ്ക് സംവിധായകൻ രവിരാജ പെനിസെട്ടിയുടെ മകനുമായ ആദി, ഒക്ക ചിത്തിരം എന്ന സിനിമയിലൂടെയാണ് അഭിനയത്തിലേക്ക് എത്തുന്നത്. തമിഴ്, തെലുങ്ക്, മലയാളം ഭാഷകളിൽ സജീവ സാന്നിദ്ധ്യം അറിയിച്ച താരം ആണ് നിക്കി ഗൽറാണി. നിവിൻപോളിയുടെ 1983 സിനിമയിലൂടെയാണ് നിക്കി ഗൽറാണി മലയാളത്തിൽ തുടക്കം കുറിക്കുന്നത്. വെള്ളിമൂങ്ങ, ഓംശാന്തി ഓശാന, രാജമ്മ അറ്റ് യാഹു, മര്യാദരാമൻ, ഒരു സെക്കന്റ് ക്ളാസ് യാത്ര, ധമാക്ക എന്നീ സിനിമകളിലും അഭിനയിച്ചു. അർജുൻ നായകനായ വിരുന്ന് എന്ന ചിത്രത്തിലാണ് മലയാളത്തിൽ അവസാനം അഭിനയിച്ചത്.