ആശങ്കയായി അമീബിക് മസ്തിഷ്‌കജ്വരം

Sunday 24 August 2025 2:09 AM IST

സംസ്ഥാനത്ത് വീണ്ടും ആശങ്ക സൃഷ്ടിച്ച് അമീബിക് മസ്തിഷ്‌ക ജ്വരം (അമീബിക് മെനഞ്ചോ എൻസെഫലൈറ്റിസ്) കേസുകൾ വർദ്ധിക്കുകയാണ്. മലപ്പുറം ചേലമ്പ്രം സ്വദേശിക്ക് കഴിഞ്ഞദിവസം രോഗം സ്ഥിരീകരിച്ചതാണ് ഏറ്റവും ഒടുവിൽ റിപ്പോർട്ട് ചെയ്ത സംഭവം. 47കാരനായ യുവാവ് കഴിഞ്ഞ ഇരുപത് ദിവസമായി കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. കഴിഞ്ഞയാഴ്ച താമരശ്ശേരിയിൽ അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് മരിച്ച ഒൻപത് വയസുകാരിയുടെ സഹോദരനായ ഏഴ് വയസുകാരനും രോഗം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മരിച്ച പെൺകുട്ടിയും സഹോദരനും ഒരേ കുളത്തിൽ കുളിച്ചിരുന്നതായാണ് വിവരം. മലപ്പുറം ജില്ലയിലെ ചേളാരി സ്വദേശിനിയായ 11കാരിക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. നിലവിൽ അഞ്ചുപേരാണ് കോഴിക്കോട് മെഡിക്കൽ കോളേജിൽ അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ചികിത്സയിലുള്ളത്. കോഴിക്കോടും മലപ്പുറത്തും രോഗബാധ കണ്ടെത്തിയ സാഹചര്യത്തിൽ രോഗബാധിതർക്ക് ജലസമ്പർക്കമുണ്ടായ ഇടങ്ങളിൽ പരിശോധനയും ശുചീകരണ പ്രവർത്തനങ്ങളും ആരോഗ്യവകുപ്പ് ശക്തമാക്കിയിട്ടുണ്ട്. 2016ൽ ആലപ്പുഴയിലെ തിരുമലയിലാണ് സംസ്ഥാനത്തെ ആദ്യ കേസ് റിപ്പോർട്ട് ചെയ്യുന്നത്. അമീബിക്ക് മസ്തിഷ്‌ക ജ്വരം മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് പകരില്ല. മൂക്കിനേയും മസ്തിഷ്‌കത്തേയും വേർതിരിക്കുന്ന നേർത്ത പാളിയിലുള്ള സുഷിരങ്ങൾ വഴിയോ കർണ്ണപടലത്തിലുണ്ടാകുന്ന സുഷിരം വഴിയോ അമീബ തലച്ചോറിലേക്ക് കടക്കുമ്പോഴാണ് മെനിഞ്ചോ എൻസെഫലൈറ്റിസ് ഉണ്ടാവുന്നത്. സമയം വൈകുംതോറും രോഗാവസ്ഥ വർദ്ധിക്കാനും മരണത്തിനും കാരണമാകും എന്നതിനാൽ പനി, കടുത്ത തലവേദന തുടങ്ങിയ പ്രാഥമിക ലക്ഷണങ്ങൾ അനുഭവപ്പെട്ടാൽ ഉടൻതന്നെ വൈദ്യസഹായം തേടണം. രോഗബാധിത മേഖലകളിൽ പ്രത്യേകിച്ച് മലിനീകരണ സാദ്ധ്യതയുള്ള ഇടങ്ങളിലെ കെട്ടിക്കിടക്കുന്ന വെള്ളത്തിൽ കുളിക്കാതിരിക്കുന്നതാണ് നിലവിൽ അഭികാമ്യം. കെട്ടിക്കിടക്കുന്ന വെള്ളത്തിൽ ഇറങ്ങുമ്പോൾ അടിത്തട്ടിലെ ചേറിലുള്ള അമീബ വെള്ളത്തിൽ കലങ്ങുകയും മൂക്കിലൂടെ ശരീരത്തിൽ പ്രവേശിക്കുകയും ചെയ്താണ് രോഗമുണ്ടാവുന്നത്. വേനൽക്കാലത്താണ് മുൻപ് കൂടുതൽ രോഗബാധ കണ്ടെത്തിയിരുന്നതെങ്കിൽ ഇപ്പോൾ മഴക്കാലത്തും രോഗവാഹക അമീബയുടെ സാന്നിദ്ധ്യം കണ്ടതോടെ ആരോഗ്യ വകുപ്പ് കൂടുതൽ പഠനത്തിന് ഒരുങ്ങുകയാണ്. 2015 വരെയുള്ള കണക്കുകൾ പ്രകാരം ഇന്ത്യയിലാകെ 16 പേർക്ക് മാത്രമാണ് അമീബിക് മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ചിട്ടുള്ളത്. 2021 വരെയുള്ള കണക്കുകൾ പ്രകാരം ലോകത്താകെ 154 പേർക്ക് ഈ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിൽ 150 പേർ മരിക്കുകയും 4 പേർ രക്ഷപ്പെടുകയും ചെയ്തു.

അവഗണിക്കരുത്... രോഗാണുബാധയുണ്ടായി ഒന്ന് മുതൽ ഒൻപത് ദിവസങ്ങൾക്കുള്ളിലാണ് രോഗലക്ഷണങ്ങൾ പ്രകടമാകുന്നത്. തീവ്രമായ തലവേദന, പനി, ഓക്കാനം, ഛർദി, കഴുത്ത് തിരിക്കാൻ ബുദ്ധിമുട്ട് തുടങ്ങിയവയാണ് പ്രാഥമിക ലക്ഷണങ്ങൾ. പിന്നീട് ഗുരുതരാവസ്ഥയിൽ എത്തുമ്പോൾ അപസ്മാരം, ബോധക്ഷയം, ഓർമക്കുറവ് തുടങ്ങിയ ലക്ഷണങ്ങളും ഉണ്ടാവുന്നു. നട്ടെല്ലിൽ നിന്നും സ്രവം കുത്തിയെടുത്ത് പരിശോധിക്കുന്നത് വഴിയാണ് രോഗനിർണയം നടത്തുന്നത്.

വെല്ലുവിളികളേറെ...

രോഗം ബാധിച്ചു കഴിഞ്ഞാൽ എത്രയും പെട്ടെന്ന് കണ്ടെത്താൻ സാധിച്ചില്ലെങ്കിൽ ജീവിതത്തിലേക്കുള്ള തിരിച്ചുവരവ് അസാദ്ധ്യമാണെന്നതാണ് പ്രധാന വെല്ലുവിളി. 97 ശതമാനത്തിന് മുകളിലാണ് മരണ നിരക്ക്. ആഗോളതലത്തിൽ തന്നെ റിപ്പോർട്ട് ചെയ്തിട്ടുള്ള കേസുകൾ പരിശോധിച്ചാൽ 100 ശതമാനത്തിന് അടുത്താണ് മരണനിരക്ക്. അതായത്, രോഗത്തെ അതിജീവിച്ച് തിരിച്ചെത്തിയത് നാലോ അഞ്ചോ പേർ മാത്രമാണ്. രോഗത്തിന് ഫലപ്രദമായ ചികിത്സ ഇപ്പോഴുമില്ല. രോഗലക്ഷണങ്ങളെ ചികിത്സിക്കുക എന്നത് കൂടാതെ, രോഗിയുടെ ശ്വാസകോശം, ഹൃദയം എന്നിവയുടെ പ്രവർത്തനം നിലനിറുത്തുക, അപസ്മാരം നിയന്ത്രിക്കുക എന്നിവയാണ് ചെയ്യുന്നത്.

തടാകങ്ങൾ, പുഴകൾ, നീരുറവകൾ, അരുവികൾ തുടങ്ങിയിടത്തെല്ലാം രോഗകാരിയായ അമീബയുടെ സാന്നിദ്ധ്യം കാണാം. മലിനമായ ജലാശയങ്ങളിൽ കുളിക്കുന്നതിലൂടെയും ആ വെള്ളം മുഖം കഴുകുമ്പോഴോ മറ്റോ മൂക്കിലൂടെ കയറിയാലും രോഗം ബാധിക്കും. എന്നാൽ ഈ വെള്ളം കുടിച്ചാൽ അമീബ ഉള്ളിൽ എത്തില്ല. മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് പടരുകയുമില്ല. നെഗ്ലേരിയ ഫൗലെറി ബാധക്ക് ഉയർന്ന മരണനിരക്കുണ്ടെങ്കിലും ഇതിന്റെ അണുബാധ നിരക്ക് വളരെ കുറവാണ്. വളരെ കുറഞ്ഞ നിലയിൽ മാത്രമേ ഈ രോഗം കാണപ്പെടാറുള്ളൂ. 1965ൽ ഓസ്‌ട്രേലിയയിലാണ് നെഗ്ലേരിയ ഫൗലെറി ആദ്യമായി കണ്ടെത്തിയത്. ഇന്ത്യ ഉൾപ്പടെയുള്ള വിവിധ ലോക രാജ്യങ്ങളിൽ ഈ അമീബയുടെ സാന്നിദ്ധ്യം പിന്നീട് സ്ഥിരീകരിച്ചിട്ടുണ്ട്.

ജാഗ്രത വേണം

മലിനമായ കുളത്തിൽ കുളിക്കരുത്, വാട്ടർ തീം പാർക്കുകളിലെയും സ്വിമ്മിംഗ് പൂളുകളിലെയും വെള്ളം ക്ലോറിനേറ്റ് ചെയ്ത് ശുദ്ധമാണെന്ന് ഉറപ്പാക്കുക, പായൽ പിടിച്ചതോ മൃഗങ്ങളെ കുളിപ്പിക്കുന്നതോ മാലിന്യമുള്ളതോ ആയ കുളത്തിലെ വെള്ളത്തിൽ കുളിക്കാനോ മുഖം കഴുകാനോ മുതിരരുത്, മൂക്കിൽ വെള്ളം കയറാതിരിക്കാൻ നേസൽ ക്ലിപ്പ് ഉപയോഗിക്കാം, കെട്ടിക്കിടക്കുന്ന വെള്ളത്തിൽ കുളിക്കുന്നതും ഡൈവ് ചെയ്യുന്നതും പരമാവധി ഒഴിവാക്കുക, ചെവിയിൽ പഴുപ്പുള്ളവർ കുളത്തിലും തോട്ടിലും കെട്ടിക്കിടക്കുന്ന വെള്ളിത്തിൽ കുളിക്കുന്നത് ഒഴിവാക്കുക, മൂക്കിൽ ശസ്ത്രക്രിയയ്ക്ക് വിധേയമായവർ, തലയിൽ ക്ഷതമേറ്റവർ, തലയിൽ ശസ്ത്രക്രിയയ്ക്ക് വിധേയരായവർ എന്നിവർ പ്രത്യേകം ശ്രദ്ധിക്കണം, തല വെള്ളത്തിൽ മുക്കിവച്ചുകൊണ്ടുള്ള മുഖം കഴുകൽ ഒഴിവാക്കുക.