വസ്ത്രങ്ങളും സ്വർണവുമില്ല; വീടിന്റെ മാലിന്യ ടാങ്കിനുള്ളിൽ കണ്ടെത്തിയ മൃതദേഹം 61കാരിയുടേത്
കൊച്ചി: എറണാകുളം ഊന്നുകല്ലിൽ ആൾത്താമസമില്ലാത്ത വീടിന്റെ മാലിന്യ ടാങ്കിനുള്ളിൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു. പെരുമ്പാവൂർ വേങ്ങൂർ ദുർഗാദേവി ക്ഷേത്രത്തിന് സമീപം കുന്നത്തുതാഴെ ബേബിയുടെ ഭാര്യ ശാന്ത (61) ആണ് കൊല്ലപ്പെട്ടത്. തലയ്ക്ക് പിന്നിലേറ്റ ക്ഷതമാണ് മരണകാരണമെന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. നേരൃമംഗലത്ത് വാടകയ്ക്ക് താമസിക്കുന്ന അടിമാലി സ്വദേശി പാലക്കാട്ടേൽ രാജേഷാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പൊലീസ് സംശയിക്കുന്നത്. ഇയാൾക്കായി തെരച്ചിൽ ഊർജിതമാക്കി. മോഷണശ്രമമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് നിഗമനം.
ഊന്നുകല്ലിൽ അടച്ചിട്ടിരിക്കുന്ന ഹോട്ടലിന്റെ പിന്നിലെ വീട്ടിലെ മാലിന്യ ടാങ്കിനുള്ളിൽ വെള്ളിയാഴ്ച ഉച്ചയ്ക്കാണ് മൃതദേഹം കണ്ടെത്തിയത്. പെരുമ്പാവൂർ സ്വദേശിയായ വെെദികന്റെ ഉടമസ്ഥതയിലുള്ളതാണ് ഹോട്ടലും വീടും. വീടിന്റെ അടുക്കള ഭാഗത്തെ വർക്ക് ഏരിയയിലെ ടാങ്കിലായിരുന്നു മൃതദേഹം. വീട്ടിൽ നിന്ന് ദുർഗന്ധം വമിച്ചതിനെ തുടർന്ന് പൊലീസെത്തി പരിശോധന നടത്തിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്.
മാൻഹോളിൽ നിന്ന് പുറത്തെടുത്ത മൃതദേഹത്തിൽ വസ്ത്രങ്ങളോ ആഭരണങ്ങളോ ഉണ്ടായിരുന്നില്ലെന്നാണ് വിവരം. ഒരു ചെവി മുറിച്ച നിലയിലാണ്. ഇവർ ധരിച്ചിരുന്ന 12 പവൻ സ്വർണവും നഷ്ടമായി. വർക്ക് ഏരിയയിൽ വച്ച് കൊലപാതകം നടത്തിയ ശേഷം മൃതദേഹം മാൻഹോളിൽ ഒളിപ്പിച്ചതാകാം. മൃതദേഹം ആദ്യം ബന്ധുക്കൾക്ക് തിരിച്ചറിയാൻ കഴിഞ്ഞിരുന്നില്ല. തുടർന്ന് മെഡിക്കൽ കോളേജിൽ വച്ച് ശനിയാഴ്ചയാണ് മൃതദേഹം തിരിച്ചറിഞ്ഞത്. ഓഗസ്റ്റ് 18 മുതൽ ശാന്തയെ കാണാനില്ലെന്ന് പറഞ്ഞ് ബന്ധുക്കൾ പരാതി നൽകിയിരുന്നു. പോസ്റ്ര്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകിയ മൃതദേഹം സംസ്കരിച്ചു.