ഓണമെത്തും മുന്നേ കുടിവെള്ളം മുട്ടി

Sunday 24 August 2025 1:51 AM IST

പൈപ്പ് ലൈനിലെ പൊട്ടലാകാം കാരണമെന്ന് അധികൃതർ

കിളിമാനൂർ: ഓണമെത്താൻ ദിവസങ്ങൾ ബാക്കി നിൽക്കെ പ്രദേശങ്ങളിൽ കുടിവെള്ളം മുട്ടിച്ച് വാട്ടർ അതോറിട്ടി. പഴയകുന്നുമ്മൽ പഞ്ചായത്തിലെ കാനാറ, പാപ്പാല വാർഡുകളിൽ വാട്ടർ അതോറിട്ടിയുടെ പൈപ്പിൽ വെള്ളമെത്തിയിട്ട് ഒരു മാസത്തോളമാകുന്നു. ഭൂമിക്കടിയിലെ പൈപ്പ്ലൈനിൽ പൊട്ടലുണ്ടാകാമെന്നാണ് വാട്ടർ അതോറിട്ടി അധികൃതർ പറയുന്നത്. കാനാറ വാർഡിലെ അഞ്ചൽകുന്ന്,വെട്ടിയിട്ട് കോണം,സബ് സ്റ്റേഷൻ ഭാഗം എന്നിവിടങ്ങളിൽ പല വീടുകളിലും കിണറുകൾ പോലുമില്ല. പട്ടികജാതിക്കാർ ഉൾപ്പെടെ നൂറോളം കുടുംബങ്ങളുടെ ആശ്രയം പൈപ്പ് ലൈനായിരുന്നു. കുറച്ചു ദിവസം മുൻപുവരെ മഴ ലഭിച്ചിരുന്നതിനാൽ മഴവെള്ളം ശേഖരിച്ച് ജലക്ഷാമം പരിഹരിച്ചിരുന്നു. മഴ മാറിയതോടെ വീണ്ടും ജലക്ഷാമം നേരിടുകയാണ്. കുട്ടികളും ചെറുപ്പകാരുമെല്ലാം സമീപത്തെ കുളങ്ങളും തോടുകളും ആശ്രയിക്കുമെങ്കിലും പ്രായമായവരും കിടപ്പുരോഗികളും ഉൾപ്പെടെയുള്ളവരുടെ അവസ്ഥ പരിതാപകരമാണ്. തലച്ചുമടായി കിലോമീറ്ററുകൾ താണ്ടി വേണം ഇവിടങ്ങളിൽ വെള്ളമെത്തിക്കാൻ.

പരാതി നൽകി മടുത്ത് ജനങ്ങൾ

പാപ്പാല വാർഡിൽ പാപ്പാല പള്ളി മുതൽ ശില്പ ജംഗ്ഷൻ വരെയും ചാക്കുടി കോളനിയിലും അവസ്ഥ ഇതു തന്നെയാണ്. ആറ്റിങ്ങൽ വാട്ടർ അതോറിട്ടി ഓഫീസിൽ പരാതി നൽകി മടുത്തെന്ന് ജനങ്ങൾ പറയുന്നു. ഭൂമിക്കടിയിലുള്ള പൈപ്പ് ലൈനുകളിൽ പൊട്ടലുണ്ടാകാമെന്നും പൊട്ടിയ സ്ഥലം കണ്ടെത്തിയാലേ പ്രശ്നപരിഹാരമാകൂവെന്നും വാട്ടർ അതോറിട്ടി അധികൃതർ പറയുന്നു. ഓണത്തിനും ചുമട്ടുവെള്ളം കോരേണ്ടിവരുമോ, പൈസ കൊടുത്തു ടാങ്കറിൽ വെള്ളം എത്തിക്കേണ്ടി വരുമോ എന്നാണ് ജനങ്ങൾ ചോദിക്കുന്നത്.

ജലക്ഷാമം നേരിടുന്ന പ്രദേശങ്ങൾ

കാനാറ വാർഡിലെ അഞ്ചൽകുന്ന്,വെട്ടിയിട്ട് കോണം,സബ് സ്റ്റേഷൻ ഭാഗം