അടിപ്പാത : സ്ഥലം സന്ദർശിച്ച് പി.കെ.കൃഷ്ണദാസ്
കൊടുങ്ങല്ലൂർ : കൊടുങ്ങല്ലൂർ ബൈപാസിൽ സി.ഐ ഓഫീസ് സിഗ്‌നൽ പരിസരത്ത് അടിപ്പാത വേണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നതിനിടെ സ്ഥലത്ത് ബി.ജെ.പി നേതാവ് പി.കെ.കൃഷ്ണദാസ് സന്ദർശിച്ചു. ബി.ജെ.പി കൊടുങ്ങല്ലൂർ മണ്ഡലം കമ്മിറ്റിയുടെയും ബൈപാസ് ഏരിയ ഉൾപ്പെടുന്ന പ്രദേശത്തെ പാർട്ടി കൗൺസിലർമാരുടെയും നിരന്തരമായ ആവശ്യത്തിന്റെ ഫലമായി ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറിന്റെയും മന്ത്രി നിതിൻ ഗഡ്ഗരിയുടെയും നിർദ്ദേശപ്രകാരമാണ് പി.കെ.കൃഷ്ണദാസ് സി.ഐ ഓഫീസ് പരിസരത്ത് അടിപ്പാത നിർമ്മാണവുമായി ബന്ധപ്പെട്ട സ്ഥലം സന്ദർശിച്ചത്. ജനങ്ങളുടെ യാത്രാദുരിതത്തിന് പരിഹാരം കാണാൻ കേന്ദ്ര മന്ത്രിസഭയിൽ നിന്നും ജനങ്ങൾക്ക് അനുകൂലമായ നിലപാട് ഉണ്ടാകാൻ പാർട്ടി പ്രവർത്തിക്കുമെന്നും കൃഷ്ണദാസ് പറഞ്ഞു. സൗത്ത് ജില്ലാ പ്രസിഡന്റ് എ.ആർ.ശ്രീകുമാർ, മണ്ഡലം പ്രസിഡന്റ് ജിതേഷ്, ജനറൽ സെക്രട്ടറി ജെമി, സെക്രട്ടറിമാരായ പ്രജീഷ് ചള്ളിയിൽ, ദീപ രാജേന്ദ്രൻ, പ്രതിപക്ഷ നേതാവ് ടി.എസ്.സജീവൻ, പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഒ.എൻ.ജയദേവൻ തുടങ്ങിയവരുമുണ്ടായിരുന്നു.