ശില്പവിസ്മയം തീർത്ത് ആഴിമല ശിവക്ഷേത്രം, ഗുഹാക്ഷേത്രവും ധ്യാന മണ്ഡപവും നാളെ ഗവർണർ ഉദ്ഘാടനം ചെയ്യും

Sunday 24 August 2025 1:30 AM IST

കോവളം: കേരളത്തിലെ ഏ​റ്റവും ഉയരം കൂടിയ ശിവരൂപമുള്ള ആഴിമല ശിവ ക്ഷേത്രത്തിൽ കടലിനോട് ചേർന്ന് നിർമ്മിച്ച ഗുഹാക്ഷേത്രത്തിന്റെയും ധ്യാന മണ്ഡപത്തിന്റെയും നീണ്ട കാത്തിരിപ്പിന് വിരാമം.

ഗുഹാക്ഷേത്രത്തിന്റെയും ധ്യാന മണ്ഡപത്തിന്റെയും ഉദ്ഘാടനം നാളെ രാവിലെ 11ന് ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ നിർവഹിക്കും.

2014 ഏപ്രിൽ 2 നാണ് ശിവരൂപത്തിന്റെയും തുടർന്ന് ധ്യാന മണ്ഡപത്തിന്റെയും പ്രവർത്തനങ്ങൾ ആരംഭിച്ചത്. 58 അടിയോളം ഉയരമുള്ള ഗംഗാധരേശ്വരന്റെ പാദത്തിനടിയിലാണ് ഗുഹാക്ഷേത്രവും ധ്യാന മണ്ഡപത്തിന്റെയും പണി പൂർത്തിയാക്കിയത്. ലോകത്ത് ആദ്യമായാണ് സിമന്റിൽ തീർത്ത ഇത്രയും ശില്പങ്ങൾ ഗുഹയിൽ ഒരുക്കിയത്. ആഴിമല ക്ഷേത്രത്തിലെ ഗംഗാധരേശ്വര ശില്പം പണിതത് ദേവദത്തൻ എന്ന ശില്പിയാണ്. അതിമനോഹരമായ തൂണുകൾ ഒ​റ്റനോട്ടത്തിൽ ഒ​റ്റക്കല്ലിൽ തീർത്തവയാണെന്ന് തോന്നും. 3500 ഓളം സ്‌ക്വയർ ഫീ​റ്റിൽ മൂന്ന് നിലകളിലായി ശിവരൂപത്തിനുള്ളിൽ താഴ്ഭാഗത്തായി ഒരുക്കുന്ന ധ്യാനമണ്ഡപം, ഒരു ഗുഹയ്ക്കുള്ളിൽ കയറിയതിന് സമാനമായ അന്തരീക്ഷത്തിൽ പരമശിവന്റെ ഏ​റ്റവും വലിയ ശയനരൂപം, 25 മുഖങ്ങളുള്ള ശിവന്റെ പൂർണരൂപം, ഉള്ളിലെ തൂണുകളിൽ ചെറുശില്പങ്ങൾ,വാസ്തുകലകൾ, പ്രകൃതിയിലെ കാ​റ്റും വെളിച്ചവും കടൽക്കാ​റ്റ് ശിവരൂപത്തിലേക്ക് കടക്കുമ്പോഴുണ്ടാകുന്ന ഓംകാരനാദവും ഉദയാസ്തമയക്കാഴ്ചകളും കാണാമെന്ന് ക്ഷേത്ര ട്രസ്​റ്റ് ഭാരവാഹികൾ പറഞ്ഞു. അരുവിപ്പുറത്ത് പ്രതിഷ്ഠ നടത്തിയശേഷം ശ്രീനാരായണ ഗുരുദേവൻ ആഴിമലയിൽ വന്നിരുന്നെന്നും പ്രദേശത്തെ ഈശ്വരസാന്നിദ്ധ്യത്തെക്കുറിച്ച് തിരിച്ചറിഞ്ഞ ഗുരദേവൻ ക്ഷേത്രം പണിയാൻ നാട്ടുകാരോട് നിർദേശിക്കുകയും തുടർന്ന് ഒരു ഭജനമഠം സ്ഥാപിക്കുകയും ഗുരു തന്നെ ഇവിടം ലോകം അറിയപ്പെടുന്ന ഒരു ക്ഷേത്രമായി മാറുമെന്നും ആഴിയും കുന്നും ചേർന്ന പ്രദേശമായതിനാൽ ആഴിമല എന്ന പേര് നിർദ്ദേശിക്കുകയുമായിരുന്നു.