അവതാർ മെഗാ ഓണം എക്സ്പോ

Sunday 24 August 2025 1:30 AM IST

തിരുവനന്തപുരം: അവതാർ മെഗാ ഓണം എക്‌സ്‌പോയും പ്രദർശന വിപണനമേളയും ലുലു മാളിനു സമീപമുള്ള വേൾഡ് മാർക്കറ്റ് മൈതാനത്ത് ആരംഭിച്ചു. മൂന്നാഴ്ച നീണ്ടുനിൽക്കുന്ന മെഗാമേളയുടെ ഉദ്ഘാടനം മന്ത്രി ജി.ആർ.അനിൽ നിർവഹിച്ചു. വാർഡ് കൗൺസിലർ ഡി.ജി.കുമാരൻ,എ.കെ.നായർ, ഷാജി, ലാലു ജോസഫ്, ജി.അജയകുമാർ എന്നിവർ പങ്കെടുത്തു.

വേൾഡ് ഓഫ് പണ്ടോരയുടെ അതിശയ വിസ്മയലോകം പുനഃസൃഷ്ടിക്കുന്ന കാഴ്ചാനുഭവമാണ് മേളയുടെ പ്രത്യേകത. ആദ്യമായാണ് അവതാർ ആധാരമായ ഈ ഷോ തിരുവനന്തപുരത്ത് പ്രദർശനത്തിന് എത്തുന്നത്. അരുമപ്പക്ഷികൾ,വർണ്ണ മത്സ്യങ്ങൾ,അപൂർവ ജന്തുജാലങ്ങൾ ഇവയുടെ പ്രദർശനവുമുണ്ട്.

കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ആസ്വദിക്കാൻ,ഗെയിമുകളും സജ്ജമാണ്. ഫുഡ് ഫെസ്റ്റിവൽ,സസ്യ -പുഷ്പമേള, വാഹനമേള എന്നിവയും മേളയിലുണ്ട്. അവധി ദിവസങ്ങളിൽ രാവിലെ 11 മുതൽ രാത്രി 10 വരെയും പ്രവൃത്തി ദിവസങ്ങളിൽ ഉച്ചയ്ക്ക് 2 മുതൽ രാത്രി 9 വരെയുമാണ് പ്രദർശനം. സെപ്തംബർ 14ന് മേള സമാപിക്കും.