ഫിൻലന്റിൽ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസ്; യുവാവ് അറസ്റ്റിൽ
കൽപ്പറ്റ: ഫിൻലന്റിൽ ജോലി വാഗ്ദ്ദാനം ചെയ്ത് പണം തട്ടിയ യുവാവിനെ പൊലീസ് പിടികൂടി. വയനാട് കൽപ്പറ്റ സ്വദേശിയായ അർജ്ജുൻ പ്രസാദ് ( 31) നെയാണ് പിടികൂടിയത്. ഒരു വർഷത്തിന് മുൻപ് വണ്ടിപ്പെരിയാർ സ്വദേശിയുടെ പക്കൽ നിന്നും ഫിൻലന്റിൽ ഡ്രൈവർ ജോലി വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ് നടത്തിയത്. എറണാകുളത്ത് വച്ച് നടന്ന അഭിമുഖത്തിന്‌ശേഷം അർജ്ജുൻ പ്രസാദിന്റെ കമ്പനിയുടെ പേരിലുള്ള അക്കൗണ്ടിൽ ഒരു ലക്ഷത്തി പതിനേഴായിരം രൂപ വണ്ടിപ്പെരിയാർ സ്വദേശി നിക്ഷേപിച്ചു. തുടർന്ന് ഒരു വർഷത്തോളമായിട്ടും യാതൊരു നടപടികളും ഉണ്ടായില്ല. ഫോണിൽ ബന്ധപ്പെട്ടാൽ ഉടനെ ജോലി ലഭിക്കും എന്ന് പറഞ്ഞു കബളിപ്പിക്കുകയായിരുന്നു. തുടർന്ന് വണ്ടിപ്പെരിയാർ സ്വദേശി പൊലീസിൽ പരാതി നൽകിയിരുന്നു. വണ്ടിപ്പെരിയാർ സ്റ്റേഷൻ ഹൗസ് ഓഫീസർ അമൃത് സിംഗ് നായ്ക്കരുടെ നേതൃത്വത്തിലുള്ള സംഘമാണ് അർജ്ജുൻ പ്രസാദിനെ വയനാട്ടിൽ നിന്നും പിടികൂടിയത്. വണ്ടിപ്പെരിയാർ പൊലീസ് സ്റ്റേഷനിൽ എത്തിച്ച് വിശദമായിചോദ്യം ചെയ്തതോടെ വിവിധ സ്ഥലങ്ങളിൽ സമാന സ്വഭാവമുള്ള കേസുകളും പരാതികളും നിലവിലുണ്ടെന്ന് വ്യക്തമായി. ഗ്രേഡ് എസ്.ഐ എ.ജെ റെജി,സിവിൽ പൊലീസ് ഓഫീസർ സാദിക്ക്, എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.
പ്രതിയെകോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.