നെഹ്‌റു ട്രോഫി : നിറച്ചാർത്ത് മത്സരം ഇന്ന്
ആലപ്പുഴ: പുന്നമടക്കായലിൽ 30ന് നടക്കുന്ന 71-ാമത് നെഹ്‌റു ട്രോഫി വള്ളംകളിയുടെ ഭാഗമായി പബ്ലിസിറ്റി കമ്മിറ്റി വിദ്യാർഥികൾക്കായി നടത്തുന്ന 'നിറച്ചാർത്ത്' മത്സരം ഇന്ന് രാവിലെ 9.30ന് സെന്റ് ജോസഫ്‌സ് ഗേൾസ് സ്‌കൂൾ ഓഡിറ്റോറിയത്തിൽ നടക്കും. പി.പി. ചിത്തരഞ്ജൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. നഗരസഭ ചെയർപെഴ്‌സൺ കെ.കെ ജയമ്മ അദ്ധ്യക്ഷത വഹിക്കും. എൽ.പി സ്‌കൂൾ വിദ്യാർത്ഥികൾക്ക് കളറിംഗ് മത്സരവും യു.പി, ഹൈസ്‌കൂൾ വിദ്യാർത്ഥികൾക്ക് ചിത്രരചന (പെയിന്റിംഗ്) മത്സരവുമാണ് നടത്തുക. ക്രയോൺ, പോസ്റ്റൽസ്, ജലച്ചായം, പോസ്റ്റർ കളർ എന്നിങ്ങനെ ഏതു മാദ്ധ്യമവും ഉപയോഗിക്കാം. ഓയിൽ പെയിന്റ് ഉപയോഗിക്കാൻ പാടില്ല. എല്ലാ വിഭാഗത്തിലും ആദ്യ മൂന്നു സ്ഥാനങ്ങൾ നേടുന്നവർക്ക് സർട്ടിഫിക്കറ്റും ട്രോഫിയും നൽകും. കളറിംഗ് മത്സരത്തിൽ ജില്ലയിലെ എൽ. പി സ്‌കൂൾ വിദ്യാർഥികൾക്ക് പങ്കെടുക്കാം. നിറം നൽകാനുള്ള രേഖാചിത്രം സംഘാടകർ നൽകും. മറ്റ് സാമഗ്രികൾ മത്സരാർഥികൾ കൊണ്ടുവരണം. ഒന്നര മണിക്കൂറാണ് മത്സര സമയം. ചിത്രരചന (പെയിന്റിംഗ്) മത്സരത്തിൽ രണ്ടു വിഭാഗങ്ങളിലായി ജില്ലയിലെ യു.പി, ഹൈസ്‌കൂൾ വിദ്യാർഥികൾക്ക് പങ്കെടുക്കാം. വരയ്ക്കാനുള്ള പേപ്പർ സംഘാടകർ നൽകും. മറ്റ് സാമഗ്രികൾ മത്സരാർത്ഥികൾ കൊണ്ടുവരണം. ഇവർക്ക് രണ്ടു മണിക്കൂറാണ് മത്സരസമയം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0477 -2251349.
വിജയിയെ പ്രവചിക്കാം
സമ്മാനം നേടാം
ഇത്തവണത്തെ നെഹ്രുട്രോഫി വള്ളംകളിയിൽ ട്രോഫി സ്വന്തമാക്കുന്ന ചുണ്ടൻ വള്ളത്തിന്റെ പേര് പ്രവചിച്ച് സമ്മാനം നേടാം. നെഹ്‌റു ട്രോഫി പബ്ലിസിറ്റി കമ്മിറ്റിയാണ് മത്സരം സംഘടിപ്പിക്കുന്നത്. വിജയിക്ക് പി.ടി. ചെറിയാൻ സ്മാരക കാഷ് അവാർഡ് (10,001 രൂപ) സമ്മാനമായി ലഭിക്കും. ചുണ്ടൻ വള്ളങ്ങളുടെ ഫൈനലിൽ ഒന്നാമത് ഫിനിഷ് ചെയ്ത് നെഹ്‌റു ട്രോഫി സ്വന്തമാക്കുന്ന ചുണ്ടന്റെ പേര്, എൻട്രി അയയ്ക്കുന്നയാളുടെ പേര്, വിലാസം, ഫോൺ നമ്പർ എന്നിവ തപാൽ കാർഡിൽ എഴുതിയാണ് അയക്കേണ്ടത്. ഒരാൾക്ക് ഒരു വള്ളത്തിന്റെ പേര് മാത്രമേ പ്രവചിക്കാനാകൂ. ഒന്നിലധികം പേരുകൾ അയയ്ക്കുന്നവരുടെ എൻട്രികൾ തള്ളുേ. കാർഡിൽ നെഹ്‌റു ട്രോഫി പ്രവചനമത്സരം- 2025 എന്നെഴുതണം. 28ന് വൈകിട്ട് അഞ്ച് മണിക്കകം ലഭിക്കുന്ന എൻട്രികളാണ് പരിഗണിക്കുക. വിലാസം: കൺവീനർ, നെഹ്‌റു ട്രോഫി പബ്ലിസിറ്റി കമ്മിറ്റി, ജില്ലാ ഇൻഫർമേഷൻ ഓഫീസ്, സിവിൽ സ്റ്റേഷൻ, ആലപ്പുഴ- 688001.
'ഓളപ്പോര് " പ്രകാശനം നെഹ്റു ട്രോഫി വള്ളംകളിയുടെ ഔദ്യോഗിക തീം സോംഗ് 'ഓളപ്പോര്' പി.പി ചിത്തരഞ്ജൻ എം.എൽ.എ കളക്ടർ അലക്സ് വർഗീസിന് കൈമാറി പ്രകാശനം ചെയ്തു. ഗായിക അമൃത സുരേഷാണ് ഗാനം ആലപിച്ചത്. ജയൻ തോമസിന്റേതാണ് രചന. ഗൗതം വിൻസന്റാണ് സംഗീതം നൽകിയത്. നാലാംതവണയാണ് ഗൗതം വിൻസെന്റ് നെഹ്‌റു ട്രോഫി തീം സോങ്ങിനായി സംഗീതമൊരുക്കുന്നത്. അരുൺ തിലകനാണ് കുട്ടനാടിന്റെ വശ്യ സൗന്ദര്യം ഒപ്പിയെടുത്ത് ചിത്രീകരണം നടത്തിയത്. ആലപ്പുഴക്കാരനും സിനിമാതാരവുമായ പ്രമോദ് വെളിയനാട്, അമൃത സുരേഷ്, ഗൗതം വിൻസെന്റ് എന്നിവർ ഗാനരംഗങ്ങളിൽ അഭിനയിച്ചു. മുൻ വർഷങ്ങളിൽ നിന്നും വ്യത്യസ്തമായി സ്ത്രീ ശബ്ദത്തിലുള്ള ഔദ്യോഗിക തീം സോങ് ആണ് ഇത്തവണ. സുവിനീർ കമ്മറ്റിയാണ് തീം സോങ് പുറത്തിറക്കുന്നത്.