പോരിനിറങ്ങി ആതിഥേയർ
ആലപ്പുഴ: ഇത്തവണ നടുഭാഗം ചുണ്ടന് നെഹ്റു ട്രോഫി നേടിക്കൊടുക്കാനുള്ള തീവ്ര പരിശീലനത്തിലാണ് വള്ളംകളിയുടെ ആതിഥേയരായ പുന്നമടക്കാർ. സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള മികവുറ്റ തുഴച്ചിൽക്കാരുമായാണ് പുന്നമട ബോട്ട് ക്ലബിന്റെ വരവ്.
പലതവണ ഫൈനലിലെത്തിയിട്ടും കൈവിട്ടുപോയ വെള്ളിക്കപ്പ് ഇത്തവണ നടുഭാഗത്തിന് നേടിക്കൊടുമെന്ന ആത്മവിശ്വാസത്തിലാണ് ക്ളബ്. 2007 മുതൽ 2009 വരെ അമ്പലക്കാടൻ വെപ്പ് വള്ളത്തിൽ ഹാട്രിക്ക് നേടിയിട്ടുണ്ട് പുന്നമട ക്ലബ്ബ്. നിരവധി ഫൈനൽ മത്സരങ്ങളിൽ പോരാടിയെങ്കിലും മൈക്രോ സെക്കൻഡുകളുടെ വ്യത്യാസത്തിൽ കപ്പ് പലവട്ടം കൈവിട്ടു പോയി. കൊറ്റംകുളങ്ങര എൻ.എസ്.എസ് കരയോഗം ഓഡിറ്റോറിയം കേന്ദ്രീകരിച്ചാണ് ക്യാമ്പ് .
നടുഭാഗം ചുണ്ടൻ
ചരിത്രപാരമ്പര്യവുമായാണ് 'നടുഭാഗം' ചുണ്ടൻ പുന്നമടയിൽ പോരിനിറങ്ങുന്നത്. 1952ൽ ആലപ്പുഴ കാണാനെത്തിയ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിനെ അതിർത്തിയിൽനിന്ന് സ്വീകരിച്ചത് വള്ളംകളി മത്സരം നടത്തിയായിരുന്നു.ആവേശലഹരിയിൽ വിജയിച്ചുവന്ന 'നടുഭാഗം' ചുണ്ടനിലേക്കാണ് ചാടിക്കയറിയത്. ഈ വള്ളംകളിയുടെ ഓർമ്മയിൽ നിന്നാണ് നെഹ്റു ട്രോഫിയുടെ പിറവി. ഈ ചരിത്രത്തിനൊപ്പമാണ് നടുഭാഗം ചുണ്ടന്റെ യാത്ര.
രാവിലെ ആറുമുതൽ പരിശീലനം
ഡയറ്റ് അനുസരിച്ചുള്ള ഭക്ഷണം
120 പേരടങ്ങുന്ന ടീം.
തുഴച്ചിൽക്കാർ -83
അമരത്ത് - 5
താളം - 7
ചെലവ് - ഒരുകോടി
കപ്പിൽ കുറഞ്ഞതൊന്നും പ്രതീക്ഷിക്കുന്നില്ല. തീവ്രപരിശീലനം നടന്നുവരികയാണ്. ചരിത്രത്തിന്റെ ഭാഗമായ നടുഭാഗം ചുണ്ടനുമായി കപ്പടിക്കും
- പ്രെറ്റി ചാക്കോ ക്ലബ്ബ് പ്രസിഡന്റ്