ട്രംപിന് ജയശങ്കറിന്റെ മറുപടി; ഇഷ്ടമില്ലെങ്കിൽ ഇന്ത്യൻ ഉത്പന്നങ്ങൾ വാങ്ങേണ്ട
ന്യൂഡൽഹി: ഇന്ത്യയിൽ നിന്ന് ഉത്പന്നങ്ങൾ വാങ്ങുന്നതിൽ ഏതെങ്കിലും രാജ്യങ്ങൾക്ക് പ്രശ്‌നമുണ്ടെങ്കിൽ അത് തങ്ങളെ ബാധിക്കില്ലെന്ന് വിദേശകാര്യമന്ത്രി എസ്. ജയശങ്കർ. ഇന്ത്യൻ ഉത്പന്നങ്ങൾ ഇഷ്ടമില്ലെങ്കിൽ വാങ്ങേണ്ടെന്ന് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് പരോക്ഷ മറുപടിയും നൽകി. ട്രംപിനെ പോലെ ഇത്രയും പരസ്യമായി വിദേശനയം പറഞ്ഞു നടപ്പാക്കുന്ന മറ്രൊരു യു.എസ് പ്രസിഡന്റ് ഉണ്ടായിട്ടില്ലെന്നും അദ്ദേഹം ആരേപിച്ചു. ഡൽഹിയിൽ ഒരു ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പരമ്പരാഗത യാഥാസ്ഥിതിക രീതിയിൽ നിന്നുള്ള വ്യതിയാനമാണിത്. യു.എസ് താരിഫ് അന്യായവും നീതികരിക്കാൻ കഴിയാത്തതുമാണ്. റഷ്യയിൽ നിന്ന് ഇന്ത്യ കൂടുതൽ എണ്ണ ഇറക്കുമതി ചെയ്യുന്നുവെന്ന് പറഞ്ഞാണിത്. സ്വന്തം രാജ്യത്തിന്റെ താത്പര്യങ്ങളാണ് ഇന്ത്യയ്‌ക്കും വലുത്. കർഷകരുടെയും ചെറുകിട ഉത്പാദകരുടെയും താത്പര്യം സംരക്ഷിക്കും. അതിൽ ഒരു വിട്ടുവീഴ്ചയ്‌ക്കും ഇന്ത്യ ഒരുക്കമല്ല. യു.എസും ഇന്ത്യയും രണ്ട് വൻ രാഷ്ട്രങ്ങളാണ്. താരിഫിൽ അടക്കം നയതന്ത്ര തലത്തിൽ ഇപ്പോഴും ചർച്ചകൾ തുടരുകയാണ്. ബന്ധം വിച്ഛേദിച്ചിട്ടില്ല. ചർച്ചകൾ ഏതു ദിശയിലേക്ക് പോകുമെന്ന് നോക്കാമെന്നും ജയശങ്കർ വ്യക്തമാക്കി. ആഗസ്റ്റ് 27 മുതൽ 50 ശതമാനം യു.എസ് താരിഫ് പ്രാബല്യത്തിൽ വരാൻ പോകുന്നതിനിടെയാണ് പ്രതികരണം. യുക്രെയിനും റഷ്യയുമായുള്ള തർക്കങ്ങൾ അവർ തന്നെ ചർച്ച ചെയ്‌തു പരിഹരിക്കേണ്ടതാണെന്നും കൂട്ടിച്ചേർത്തു.
യു.എസും പാകിസ്ഥാനും ചരിത്രം അവഗണിക്കുന്നു
യു.എസും പാകിസ്ഥാനും ചരിത്രം അവഗണിക്കുന്ന ശീലമുണ്ടെന്ന് വിമർശിച്ച് വിദേശകാര്യ മന്ത്രി ഡോ.എസ്. ജയശങ്കർ. അമേരിക്കയെ നടുക്കിയ 2001 സെപ്‌തംബറിലെ ഭീകരാക്രമണത്തിലെ സൂത്രധാരൻ ഒസാമ ബിൻ ലാദനെ ഒളിപ്പിച്ചത് പാകിസ്ഥാനാണ്. യു.എസ് സൈന്യം പാകിസ്ഥാനിൽ കടന്ന് ലാദനെ കണ്ടെത്തുകയായിരുന്നുവെന്ന് ജയശങ്കർ ചൂണ്ടിക്കാട്ടി. യു.എസും പാകിസ്ഥാനും തമ്മിലുള്ള നയതന്ത്ര ബന്ധം ശ്രദ്ധയിൽപ്പെടുത്തിയപ്പോഴാണ് ജയശങ്കറിന്റെ പ്രതികരണം. ഓപ്പറേഷൻ സിന്ദൂറുമായി ബന്ധപ്പെട്ട് ഇന്ത്യയ്‌ക്കും പാകിസ്ഥാനുമിടയിൽ യു.എസ് മദ്ധ്യസ്ഥത വഹിച്ചിട്ടില്ലെന്ന് അദ്ദേഹം ആവർത്തിച്ചു.