സുധാകർ റെഡ്ഡി; സമരങ്ങളുടെ നായകൻ
ന്യൂഡൽഹി: സമരമായിരുന്നു എസ്. സുധാകർ റെഡ്ഡിയുടെ ജീവിതം. തൊഴിലാളികൾ, കർഷകർ, വിദ്യാർത്ഥികൾ, യുവാക്കൾ, അടിച്ചമർത്തപ്പെട്ടവർ എന്നിവരുടെ ക്ഷേമത്തിനായി ജീവിതം സമർപ്പിച്ച ഇടത് നേതാവ്. 15ാം വയസിൽ ബ്ളാക്ക് ബോർഡും ചോക്കും പുസ‌്തകങ്ങളും ആവശ്യപ്പെട്ട് കുർണൂരിലെ തന്റെ സ്‌കൂളിൽ സഹപാഠികളെ നയിച്ചാണ് സമരപോരാട്ടം ആരംഭിച്ചത്. 1942 മാർച്ച് 25ന് ആന്ധ്രയിലെ കൊണ്ട്രവ്പള്ളി ഗ്രാമത്തിൽ ജനനം.
വിദ്യാർത്ഥി കാലം മുതൽ ഇടതോരം ചേർന്നു നടന്നു. ആന്ധ്രാപ്രദേശിലെ ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ വളർച്ചയിൽ നിർണായക പങ്കുവഹിച്ചു. ഹൈദരാബാദിലെ ഒസ്‌മാനിയ യൂണിവേഴ്സിറ്റി ലാ കോളേജിൽ സ്റ്റുഡന്റ്സ് യൂണിയൻ ജനറൽ സെക്രട്ടറിയായി. 1960കളുടെ അവസാനത്തിൽ ഓൾ ഇന്ത്യ സ്റ്റുഡന്റ്സ് ഫെഡറേഷന്റെ ജനറൽ സെക്രട്ടറിയായി രണ്ടുതവണ തിരഞ്ഞെടുക്കപ്പെട്ടു. ഹോസ്റ്റലുകൾ, സ്കോളർഷിപ്പുകൾ, ക്ഷേമ നടപടികൾ എന്നിവ ആവശ്യപ്പെട്ട് 62 ദിവസത്തെ രാജ്യവ്യാപക സമരത്തിന് നേതൃത്വം നൽകി. നിരവധി തവണ ജയിൽവാസം അനുഭവിച്ചു. 1972ൽ ഓൾ ഇന്ത്യ യൂത്ത് ഫെഡറേഷന്റെ പ്രസിഡന്റായിരിക്കെ,വോട്ടവകാശം 21ൽ നിന്ന് 18 വയസാക്കാൻ പോരാടി ഇന്ത്യയുടെ ജനാധിപത്യ പ്രക്രിയയിൽ മായാത്ത മുദ്ര പതിപ്പിച്ചു. 2012ൽ പാട്നയിൽ നടന്ന സി.പി.ഐ 21-ാം പാർട്ടി കോൺഗ്രസിലാണ് എ.ബി.ബർദന്റെ പിൻഗാമിയായി ദേശീയ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്. പദവിയിൽ മൂന്നാം ടേം തികയ്ക്കാൻ രണ്ടുവർഷം അവശേഷിക്കെ 2019ൽ ആരോഗ്യപരമായ കാരണങ്ങളാൽ രാജിവച്ചു.
മികച്ച പാർലമെന്റേറിയൻ
നൽഗൊണ്ടയിൽ നിന്ന് 1998ലും 2004ലും ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. പാർലമെന്ററി സ്റ്റാൻഡിംഗ് കമ്മിറ്റി ഓൺ ലേബർ ചെയർമാനായിരിക്കെ, അസംഘടിത തൊഴിലാളികൾക്കുള്ള സാമൂഹിക സുരക്ഷ, സ്വകാര്യ സ്‌കൂൾ അദ്ധ്യാപകർക്കുള്ള ഗ്രാറ്റുവിറ്റി തുടങ്ങിയവയിലെ അദ്ദേഹത്തിന്റെ ശുപാർശകൾ നിയമനിർമ്മാണങ്ങളുടെ അടിസ്ഥാനമായി. നൽഗൊണ്ടയിലെ ഫ്ലൂറൈഡ് മലിനീകരണം,കാർഷിക ദുരിതം,കള്ളപ്പണം, ടുജി അഴിമതി എന്നീ വിഷയങ്ങളിൽ പാർലമെന്റിൽ അദ്ദേഹം നടത്തിയ ഇടപെടലുകൾ ശ്രദ്ധിക്കപ്പെട്ടു. ആന്ധ്രാപ്രദേശിലെ വൈദ്യുതി വില സമരം ഉൾപ്പെടെയുള്ള പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകി. ലോകബാങ്ക് നയങ്ങളെ എതിർത്തു. സി.പി.ഐ ആന്ധ്രാപ്രദേശ് സംസ്ഥാന സെക്രട്ടറി (1997–2005),ഡെപ്യൂട്ടി ജനറൽ സെക്രട്ടറി (2008) എന്നീ നിലയിലും പ്രവർത്തിച്ചു. തെലുങ്ക്, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിൽ പ്രഗത്ഭനായ പ്രാസംഗികനായിരുന്നു, എഴുത്തുകാരനും.