മുസ്ലിം ലീഗ് ദേശീയ ആസ്ഥാന മന്ദിരം : ഇന്ന് ഉദ്ഘാടനം

Sunday 24 August 2025 12:12 AM IST

ന്യൂഡൽഹി: മുസ്ലിം ലീഗ് ദേശീയ ആസ്ഥാന മന്ദിരം 'ഖാഇദേ മില്ലത്ത് സെന്റർ' (ക്യു.എം.സി)​

ഇന്ന് ഡൽഹിയിൽ പാർട്ടി ദേശീയ രാഷ്ട്രീയകാര്യ സമിതി ചെയർമാൻ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും. ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിലെ വെയ്റ്റ് ലിഫ്റ്റിംഗ് ഹാളിൽ വൈകിട്ട് നാലിനാണ് ചടങ്ങ്. കോൺഗ്രസ് പാർലമെന്ററി പാർട്ടി നേതാവ് സോണിയ ഗാന്ധി, പ്രിയങ്ക ഗാന്ധി,​ സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ് തുടങ്ങിയവർ പങ്കെടുക്കും.

അത്യാധുനിക സൗകര്യത്തോടെ ഡൽഹി ദരിയാഗഞ്ചിലെ ശ്യാംലാൽ മാർഗിലാണ് മന്ദിരം നിർമ്മിച്ചത്. ക്രൗഡ് ഫണ്ടിംഗിലൂടെ ലഭിച്ച 28 കോടിയോളം ചെലവിട്ടാണ് നി‌ർമ്മാണം. രാജ്യം സ്വാതന്ത്ര്യം നേടിയ ശേഷം രാജ്യ തലസ്ഥാനത്ത് മന്ദിരം തുറക്കുന്നത് പാർട്ടിയുടെയും പ്രവർത്തകരുടെയും സ്വപ്‌ന സാക്ഷാത്കരമാണെന്ന് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ,​ പാർട്ടി ദേശീയ പ്രസിഡന്റ് പ്രൊഫ. കെ.എം.ഖാദർ മൊയ്‌തീൻ, ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി എന്നിവ‌ർ പറഞ്ഞു. പാർട്ടി പ്രതിനിധികളും നേതാക്കളുമടക്കം മൂവായിരത്തോളം പേർ സംബന്ധിക്കും.

അഞ്ചു നിലകളുള്ള സമുച്ചയത്തിൽ ദേശീയ ഭാരവാഹികൾക്കുള്ള ഓഫീസുകൾ, മീറ്റിംഗ് ഹാളുകൾ, ഡിജിറ്റൽ സ്ക്രീനോടു കൂടിയ കോൺഫ്രൻസ് ഹാൾ, പബ്ലിക് ഹാൾ, ഡൈനിങ് ഏരിയ, പ്രാർത്ഥനാ മുറി, ലൈബ്രറി എന്നിവയുണ്ട്. ഡൽഹി കേരള ഹൗസിൽ നടന്ന വാർത്താ സമ്മേളനത്തിൽ പാർട്ടി ട്രഷറർ പി.വി. അബ്‌ദുൾ വഹാബ് എം.പി, ഓർഗനൈസിങ് സെക്രട്ടറി ഇ.ടി.മുഹമ്മദ് ബഷീർ എം.പി, അബ്ദുൽ സമദ് സമദാനി എം.പി, അഡ്വ. ഹാരിസ് ബീരാൻ എം.പി, ഖുറം അനീസ് ഉമർ തുടങ്ങിയവർ പങ്കെടുത്തു.