ഓട്ടോ ഡ്രൈവറെ ആക്രമിച്ച പരാതിയിൽ കേസെടുക്കാതെ പൊലീസ്
വർക്കല: ഹൃദ്രോഗിയായ ഓട്ടോ ഡ്രൈവറെ റിസോർട്ട് ഉടമ ആക്രമിച്ച പരാതിയിൽ കേസെടുക്കാതെ പൊലീസ്.
മർദ്ദനമേറ്റ കുരയ്ക്കണ്ണി സ്വദേശി സുനിൽകുമാർ (55) ചികിത്സയിലാണ്. സുനിൽകുമാർ മൊഴി നൽകാൻ എത്താതിരുന്നത് കാരണമാണ് നടപടിയെടുക്കാൻ വൈകുന്നതെന്നാണ് വർക്കല പൊലീസ് സ്റ്റേഷനിൽ നിന്നുള്ള വിശദീകരണം. എന്നാൽ മർദ്ദനത്തിൽ ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെട്ട സുനിൽകുമാർ തിരുവനന്തപുരം ശ്രീചിത്രയിൽ ചികിത്സ തേടിയിരിക്കുകയാണ്. ഇന്ന് സ്റ്റേഷനിലെത്തി മൊഴി നൽകുമെന്നും സുനിൽകുമാർ പറഞ്ഞു.
ശാരീരിക അസ്വസ്ഥ്യമുള്ള പരാതിക്കാരുടെ മൊഴി സാധാരണ പൊലീസ് അങ്ങോട്ടുപോയാണ് എടുക്കുന്നത്. എന്നാൽ ഇവിടെ അങ്ങനെയുണ്ടായില്ല. റിസോർട്ട് ഉടമ ഇന്നലെ സ്റ്റേഷനിൽ ഹാജരായെന്നും എസ്.ഐ പറഞ്ഞു. ഓട്ടോ കൂലി തർക്കവുമായി ബന്ധപ്പെട്ടാണ് ഇക്കഴിഞ്ഞ 19ന് കൊച്ചുവിളമുക്ക് ഓട്ടോ സ്റ്റാൻഡിൽ വച്ച് സുനിൽകുമാറിന് മർദ്ദനമേറ്റത്.
ഓട്ടോ സ്റ്റാൻഡിലെത്തിയാണ് റിസോർട്ട് ഉടമ സുനിലിനെ മർദ്ദിച്ചത്. മർദ്ദനത്തിന്റെ സി.സി ടിവി ദൃശ്യങ്ങൾ പുറത്തുവന്നത് കൊണ്ടു മാത്രമാണ് പൊലീസ് സംഭവത്തിൽ നടപടികൾ ആരംഭിച്ചത്. രണ്ടു പ്രാവശ്യം ഹൃദയശസ്ത്രക്രിയക്ക് വിധേയനായിട്ടുള്ളയാളാണ് സുനിൽകുമാർ. പൊലീസിന്റെ തണുപ്പൻ സമീപനത്തിനെതിരെ പ്രതിഷേധം ഉയർന്നിട്ടുണ്ട്.