അയിരൂപ്പാറ ശങ്കരൻ വധം: പ്രതിക്ക് ജീവപര്യന്തം കഠിന തടവ്

Sunday 24 August 2025 1:26 AM IST

തിരുവനന്തപുരം: ഉത്രാടദിവസം രാത്രിയിൽ അയിരൂപ്പാറ ജംഗ്ഷണിൽ വച്ച് സി.ഐ.റ്റി.യു പ്രവർത്തകനായ ശങ്കരൻ എന്ന രാജേന്ദ്രനെ വെട്ടി കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതിക്ക് ജീവപര്യന്തം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും. ഉളിയാഴ്ത്തുറ വില്ലേജിൽ അരുവിക്കര കോണം ചിറ്റൂർ പൊയ്കവീട്ടിൽ രാജപ്പൻ മകൻ കുട്ടൻ എന്ന സുനിലിനാണ് (48) ശിക്ഷ. തിരുവനന്തപുരം ഏഴാം അഡീഷണൽ സെഷൻസ് ജഡ്ജി അനസ്. വിയുടേതാണ് ഉത്തരവ്.

2003 സെപ്തംബർ 8 നാണ് സംഭവം. ആയിരൂപ്പാറ ജംഗ്ഷനിൽ സ്ഥിരമായ പ്രശ്നങ്ങൾ സൃഷ്ടിക്കാറുള്ള പ്രതിയെ മരണപ്പെട്ട ശങ്കരൻ ഒരു വർഷം മുൻപ് ഉപദ്രവിച്ചതിന്റെ വിരോധത്തിലാണ് ഉത്രാട ദിവസം രാത്രി പത്തിന് ആയിരൂപ്പാറ ജംഗ്ഷനിലെ പഞ്ചായത്ത് കിണറിന് സമീപം വച്ച് പ്രതി വാൾ കൊണ്ട് കഴുത്തിൽ വെട്ടി കൊലപ്പെടുത്തിയത്.

പോത്തൻകോട്, കഴക്കൂട്ടം സ്റ്റേഷനുകളിൽ 17 ഓളം കേസുകളിൽ പ്രതിയാണ് പ്രതി. ഈ കേസിൽ നേരത്തേ ജാമ്യം എടുത്ത് ഒളിവിൽ പോയ പ്രതിയെ 2025നാണ് പിടികൂടിയത്. ഇയാളുടെ കേസിൽ രണ്ടു മുതൽ അഞ്ചുവരെ പ്രതികളെ നേരത്തേ തെളിവുകളുടെ അഭാവത്തിൽ വെറുതെ വിട്ടിരുന്നു.

2025ൽ പിടികൂടിയ പ്രതിയുടെ വിചാരണക്കോടതി ഏപ്രിൽ അഞ്ചിനാണ് ആരംഭിച്ചത്. പ്രതി ഇപ്പോൾ റിമാൻഡിലാണ്. 2005 ജൂൺ ആറിന് കഴക്കുട്ടം പൊലീസ് കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ വേണി .കെ ഹാജരായി.