17കാരിയുമായി സൗഹൃദം: 50കാരന് ക്രൂരമർദ്ദനം
കോവളം: 17കാരിയുമായി സൗഹൃദത്തിലായ നെടുമങ്ങാട് അഴിക്കോട് സ്വദേശിയായ 50കാരനെ മൂന്നംഗ സംഘം മർദ്ദിച്ച് അവശനാക്കിയെന്ന് പരാതി. ഇന്നലെ ഉച്ചയോടെ തിരുവല്ലം ജഡ്ജിക്കുന്നിന് സമീപമായിരുന്നു സംഭവം.
ഗുരുതരമായി പരിക്കേറ്റ ഇയാളെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിതുര സ്വദേശിയായ പെൺകുട്ടിയുമായി ഉയാൾക്ക് പരിചയമുണ്ടായിരുന്നു. പെൺകുട്ടിയുടെ മൊബൈൽ ഫോണിൽ ദിവസവും സന്ദേശങ്ങളും അയച്ചിരുന്നു. പെൺകുട്ടിയെ വീട്ടുകാർ സൗഹൃദത്തിൽ നിന്ന് പിന്തിരിപ്പിക്കാൻ ശ്രമിച്ചു. എന്നാലിത് അനുസരിക്കാതെ വന്നതിനെ തുടർന്ന് ബന്ധുക്കൾ 50കാരന്റെ ഫോണിൽ സന്ദേശമയച്ച് ജഡ്ജിക്കുന്നിൽ വരാൻ ആവശ്യപ്പെടുകയായിരുന്നു. തുടർന്ന് ഉച്ചയോടെ ഇയാൾ സ്ഥലത്തെത്തി.
ഈ സമയം പെൺകുട്ടിയെയും അവിടെ എത്തിച്ചിരുന്നു. തുടർന്ന് മൂന്നുപേർ ചേർന്ന് 50കാരനെ മർദ്ദിച്ച് അവശനാക്കിയ ശേഷം രക്ഷപ്പെടുകയായിരുന്നെന്ന് തിരുവല്ലം പൊലീസ് പറഞ്ഞു. തിരുവല്ലം പൊലീസ് കേസെടുത്തു.