ഉത്തരാഖണ്ഡിൽ വീണ്ടും മേഘവിസ്‌ഫോടനം: ഒരു മരണം, നിരവധി പേരെ കാണാതായി

Sunday 24 August 2025 12:34 AM IST

ന്യൂഡൽഹി: ഉത്തരാഖണ്ഡിലെ ചമോലിയിൽ മേഘവിസ്‌ഫോടനത്തിലും മിന്നൽ പ്രളയത്തിലും ഒരു മരണം. ചമോലിയിലെ തരാലി മേഖലയിൽ വെള്ളിയാഴ്ച രാത്രിയാണ് മേഘവിസ്‌ഫോടനമുണ്ടായത്. നിരവധി പേരെ കാണാതായി. സ്ഥലത്ത് എൻ.ഡി.ആർ.എഫും എസ്.ഡി.ആർ.എഫും രക്ഷാപ്രവർത്തനം നടത്തിവരുകയാണ്. അതേസമയം, കനത്തമഴ രക്ഷാപ്രവർത്തനത്തിന് തടസം സൃഷ്ടിക്കുന്നുണ്ട്.

മേഘവിസ്‌ഫോടനത്തെ തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ അവശിഷ്ടങ്ങൾ തരാലി ഗ്രാമത്തിലേക്ക് ഒഴുകിയെത്തി. തരാലി മാർക്കറ്റും സബ് ഡിവിഷണൽ മജിസ്‌ട്രേറ്റിന്റെ വസതിയടക്കം നിരവധി കെട്ടിടങ്ങളും അവശിഷ്ടങ്ങൾ കൊണ്ട് മൂടിയ നിലയിലാണ്. നിരവധി വാഹനങ്ങളും മണ്ണിനടിയിലായി. കനത്ത മഴയും മണ്ണിടിച്ചിലും കാരണം തരാലി- സഗ്വാര റോഡും തരാലി-ഗ്വാൽഡം റോഡും അടച്ചിട്ടു. നിരവധി ആളുകളെ സുരക്ഷിതസ്ഥാനങ്ങളിലേക്ക് മാറ്റി. പ്രാദേശിക ഭരണകൂടവുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്നും ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമി സമൂഹമാദ്ധ്യമമായ എക്‌സിൽ കുറിച്ചു. ഉത്തരാഖണ്ഡിൽ കനത്ത മഴ തുടരുകയാണ്. 25 വരെ സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്. ഈ ദിവസങ്ങളിൽ സംസ്ഥാനത്തെ വിവിധ പ്രദേശങ്ങളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു.