യുദ്ധവിമാനങ്ങളും എൻജിനുകളും തദ്ദേശീയമായി നിർമ്മിക്കാൻ ഇന്ത്യ സഫ്രാനുമായി സഹകരിക്കുമെന്ന് പ്രതിരോധ മന്ത്രി

Sunday 24 August 2025 7:02 AM IST

ന്യൂഡൽഹി: അഞ്ചാം തലമുറ യുദ്ധവിമാനങ്ങളും വിമാന എൻജിനുകളും ഇന്ത്യ തദ്ദേശീയമായി നിർമ്മിക്കുമെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. ഫ്രഞ്ച് കമ്പനിയായ സഫ്രാനുമായി ചേർന്ന് ഇന്ത്യയിൽ എൻജിൻ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുകയാണെന്ന് ഇ.ടി വേൾഡ് ലീഡേഴ്‌സ് ഉച്ചകോടിയിൽ രാജ്‌നാഥ് സിംഗ് പറഞ്ഞു.

അമേരിക്കയുമായുള്ള അധികത്തീരുവ പ്രശ്ന പശ്ചാത്തലത്തിൽ, യു.എസിന്റെ ജനറൽ ഇലക്ട്രിക്, യു.കെയുടെ റോൾസ് റോയ്സ് എന്നിവയെ പിന്തള്ളിയാണ് സഫ്രാനെ തിരഞ്ഞെടുത്തത്. ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്‌മെന്റ് ഓർഗനൈസേഷനുമായി (ഡി.ആർ.ഡിഒ) ചേർന്നാണ് സഫ്രാൻ എൻജിൻ നിർമ്മാണ പ്രവർത്തനം ഏകോപിപ്പിക്കുക. വ്യാവസായിക പങ്കാളിത്തത്തോടെ നടപ്പാക്കുന്നതിനുള്ള പ്രധാന സ്ഥാപനമായി ബംഗളൂരു ആസ്ഥാനമായുള്ള എയറോനോട്ടിക്കൽ ഡെവലപ്‌മെന്റ് ഏജൻസിയെ തിരഞ്ഞെടുത്തു.

വ്യോമസേന നിലവിൽ ഉപയോഗിക്കുന്ന റഫാൽ യുദ്ധവിമാനങ്ങളിലെ എം88 എൻജിനുകൾക്കായി ഹൈദരാബാദിൽ എം.ആർ.ഒ സൗകര്യം നിർമ്മിക്കുന്ന പ്രക്രിയയിലാണ് സഫ്രാൻ. ഓപ്പറേഷൻ സിന്ദൂറിന് ശേഷം ശക്തമായി തിരിച്ചടിക്കാനുള്ള ഇന്ത്യയുടെ കഴിവിനെക്കുറിച്ച് പാകിസ്ഥാൻ കരസേന മേധാവി അസിം മുനീറിന് യാതൊരു വ്യാമോഹവും വേണ്ടെന്ന് രാജ്നാഥ് സിംഗ് പറഞ്ഞു. അതേസമയം, 48,000 കോടിയുടെ 83 വിമാനങ്ങൾക്കുള്ള മുൻ ഓർഡറുകൾക്ക് പുറമേ, 97 തേജസ് യുദ്ധവിമാനങ്ങൾക്കായി 66,000 കോടിയുടെ പുതിയ ഓർഡറുകൾ ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡിന് ലഭിച്ചതായി അദ്ദേഹം കൂട്ടിച്ചേർത്തു.