ക്ഷാമം രൂക്ഷം: ഗാസയിൽ പട്ടിണി മരണം 281

Sunday 24 August 2025 7:03 AM IST

ടെൽ അവീവ്: ഇസ്രയേൽ ആക്രമണങ്ങൾക്കൊപ്പം കടുത്ത ക്ഷാമവും പിടിമുറുക്കവെ, ഗാസയിൽ പട്ടിണി മൂലം മരിച്ചവരുടെ എണ്ണം 281 ആയി ഉയർന്നു. ഇതിൽ 114 പേർ കുട്ടികളാണ്. 24 മണിക്കൂറിനിടെ രണ്ട് കുട്ടികൾ അടക്കം 8 പേരാണ് ഭക്ഷണം കിട്ടാതെ മരിച്ചത്. 3,20,000 കുഞ്ഞുങ്ങൾക്ക് പോഷകാഹാരം ലഭിക്കുന്നില്ലെന്ന് ഗാസ സിറ്റിയിലെ അൽ-ഷിഫാ ആശുപത്രി അധികൃതർ പറയുന്നു.

ഗാസയിലെ 5,14,000 മനുഷ്യർ ക്ഷാമം നേരിടുന്നതായി യു.എന്നിന്റെ പിന്തുണയുള്ള ഇന്റഗ്രേറ്റഡ് ഫുഡ് സെക്യൂരിറ്റി ഫേസ് ക്ലാസിഫിക്കേഷന്റെ (ഐ.പി.സി) റിപ്പോർട്ട് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഇസ്രയേൽ ബോധപൂർവ്വം ഗാസയിൽ ക്ഷാമം സൃഷ്ടിക്കുകയാണെന്ന് ഹമാസ് ആരോപിച്ചു. അതേ സമയം, റിപ്പോർട്ട് നുണയാണെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ആവർത്തിച്ചു.

'പട്ടിണി തടയുകയാണ് ഇസ്രയേലിന്റെ നയം. ഗാസയിൽ ഇസ്രയേലി ബന്ദികളെയാണ് ഹമാസ് ബോധപൂർവ്വം പട്ടിണിക്ക് വിട്ടുകൊടുക്കുന്നത്. ഇസ്രയേലിനെതിരെയുള്ള ഹമാസിന്റെ പട്ടിണി പ്രചാരണം കാട്ടുതീ പോലെ പടരുന്നു. ഇതുകൊണ്ടൊന്നും, ബന്ദികളെ മോചിപ്പിക്കുന്നതിൽ നിന്നോ ഹമാസിനെ ഇല്ലാതാക്കുന്നതിൽ നിന്നോ ഇസ്രയേൽ പിന്നോട്ട് പോകില്ല " - നെതന്യാഹു പറഞ്ഞു. അതേ സമയം, ഗാസയുടെ വിവിധ ഭാഗങ്ങളിൽ ഇന്നലെയുണ്ടായ ഇസ്രയേൽ ആക്രമണങ്ങളിൽ 51 പേർ കൊല്ലപ്പെട്ടു. ആകെ മരണ സംഖ്യ 62,620 കടന്നു.