യു.എസിൽ ബസ് അപകടം: ഇന്ത്യക്കാർ അടക്കം 5 മരണം
വാഷിംഗ്ടൺ: യു.എസിൽ ടൂറിസ്റ്റ് ബസ് നിയന്ത്രണംതെറ്റി മറിഞ്ഞ് ഇന്ത്യക്കാർ അടക്കം 5 പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. പ്രാദേശിക സമയം വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.20ഓടെ ന്യൂയോർക്കിലെ പെംബ്രോക്കിലെ ഹൈവേയിലായിരുന്നു അപകടം. നയാഗ്ര വെള്ളച്ചാട്ടം സന്ദർശിച്ച് മടങ്ങിയ 54 വിനോദ സഞ്ചാരികളുമായി ന്യൂയോർക്ക് സിറ്റിയിലേക്ക് വരികയായിരുന്നു ബസ്. നിരവധി ഇന്ത്യക്കാരാണ് ബസിലുണ്ടായിരുന്നത്. അപകടത്തിൽപ്പെട്ടവരുടെ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. ബസ് ഡ്രൈവറുടെ ശ്രദ്ധ തെറ്റിയതാണ് അപകടത്തിലേക്ക് നയിച്ചതെന്ന് കരുതുന്നു.
പരിക്കേറ്റ ഡ്രൈവറുടെ നില ഗുരുതരമല്ലെന്നും അദ്ദേഹം അന്വേഷണത്തോട് സഹകരിക്കുന്നുണ്ടെന്നും പൊലീസ് വ്യക്തമാക്കി. ചൈനീസ്, ഫിലിപ്പീൻസ് പൗരന്മാരും മരിച്ചവരിൽ ഉൾപ്പെടുന്നതായി പൊലീസ് അറിയിച്ചു. അപകടത്തിൽ നിന്ന് രക്ഷപ്പെട്ട, ഇംഗ്ലീഷ് ഭാഷ അറിയാത്തവരെ സഹായിക്കാൻ പരിഭാഷകരെ ഏർപ്പെടുത്തി.