യു.എസ് ഡിഫൻസ് ഇന്റലിജൻസ് ഏജൻസിയുടെ മേധാവിയെ പുറത്താക്കി
വാഷിംഗ്ടൺ : യു.എസ് പ്രതിരോധ മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന ഡിഫൻസ് ഇന്റലിജൻസ് ഏജൻസിയുടെ (ഡി.ഐ.എ) മേധാവി ലെഫ്. ജനറൽ ജെഫ്രി ക്രൂസിനെ പുറത്താക്കി. പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സേത്തിന്റേതാണ് നടപടി.
രണ്ട് മുതിർന്ന സൈനിക ഉദ്യോഗസ്ഥരെയും ഏജൻസിയിൽ നിന്ന് പുറത്താക്കി. ജെഫ്രിയെ പുറത്താക്കിയതിന്റെ ഔദ്യോഗിക വിശദീകരണം പുറത്തുവിട്ടിട്ടില്ല. എന്നാൽ, ജൂണിൽ യു.എസ് നടത്തിയ വ്യോമാക്രമണത്തിൽ ഇറാന്റെ ആണവ ശേഷി ഇല്ലാതാക്കിയെന്ന പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വാദത്തിൽ സംശയമുളവാക്കുന്ന തരത്തിലെ ഡി.ഐ.എയുടെ പ്രാഥമിക വിലയിരുത്തൽ റിപ്പോർട്ട് ചില യു.എസ് മാദ്ധ്യമങ്ങൾക്ക് ചോർന്നത് വിവാദമായിരുന്നു. ഇതാകാം പുറത്താക്കലിലേക്ക് നയിച്ചതെന്ന് അഭ്യൂഹമുണ്ട്.
യു.എസ് ആക്രമണം ഫോർഡോ അടക്കം ഇറാന്റെ ആണവ കേന്ദ്രങ്ങളെ കാര്യമായി ബാധിച്ചില്ലെന്ന റിപ്പോർട്ട് ട്രംപ് തള്ളിയിരുന്നു. ഇറാന്റെ ആണവ ശേഷി പൂർണമായും നശിപ്പിച്ചെന്നും ട്രംപ് അവകാശപ്പെട്ടു. ഏജൻസിയുടെ വിലയിരുത്തൽ തെറ്റാണെന്ന് വൈറ്റ് ഹൗസും വ്യക്തമാക്കിയിരുന്നു.
ഏജൻസിയുടെ റിപ്പോർട്ട് കുറഞ്ഞ ഇന്റലിജൻസ് വിവരങ്ങളുടെ അടിസ്ഥാനത്തിൽ തയ്യാറാക്കിയതാണെന്നും റിപ്പോർട്ട് ചോർന്നത് സംബന്ധിച്ച് എഫ്.ബി.ഐ അന്വേഷണം തുടങ്ങിയെന്നും ഹെഗ്സേത്ത് വിശദീകരണം നൽകിയിരുന്നു.