തലസ്ഥാനത്തെ മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥൻ മോശം സന്ദേശങ്ങൾ അയച്ചു, വനിതാ എസ്‌ഐമാരുടെ പരാതിയിൽ അന്വേഷണം

Sunday 24 August 2025 8:49 AM IST

തിരുവനന്തപുരം: മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥൻ മോശമായി പെരുമാറിയെന്ന് വനിതാ എസ്‌ഐമാരുടെ പരാതി. സ്ത്രീകളുടെയും കുട്ടികളുടെയും പരാതി അന്വേഷിക്കുന്ന ഡിഐജി അജിതാ ബീഗത്തിനാണ് പരാതി നൽകിയിരിക്കുന്നത്. മോശം പരാമർശങ്ങൾ അടങ്ങിയ സന്ദേശങ്ങൾ അയച്ചെന്നാണ് പരാതി. സംഭവത്തിൽ പൊലീസ് ആസ്ഥാനത്തെ എസ്‌പി മെറിൻ ജോസഫിന് അന്വേഷണച്ചുമതല നൽകി. പോഷ് ആക്‌ട് പ്രകാരം അന്വേഷണം വേണമെന്ന ഡിഐജിയുടെ റിപ്പോർട്ടിനെത്തുടർന്നാണ് നടപടി.

പരാതിക്കാരുടെ മൊഴിയെടുത്തിരുന്നു. തലസ്ഥാനത്തുള്ള ഒരു ഐപിഎസ് ഉദ്യോഗസ്ഥനെതിരെയാണ് പരാതി ഉയർന്നത്. ക്രമസമാധാന ചുമതല വഹിച്ചിരുന്നു. തലസ്ഥാനത്ത് നിലവിൽ വളരെ പ്രധാനപ്പെട്ട ചുമതലയാണ് വഹിക്കുന്നത്. തെക്കൻ ജില്ലയിൽ ജില്ലാ പൊലീസ് മേധാവിയായിരിക്കെ മോശം സന്ദേശങ്ങൾ അയച്ചെന്നാണ് പരാതിയിൽ പറയുന്നത്. അതീവ രഹസ്യമായി ആയിരുന്നു പരാതിയിൽ അന്വേഷണം നടന്നത്. രണ്ട് വനിതാ ഉദ്യോഗസ്ഥരും പരാതിയിൽ ഉറച്ചുനിൽക്കുന്നുണ്ട്. ആഴ്‌ചകൾക്ക് മുൻപാണ് ഐപിഎസ് ഉദ്യോഗസ്ഥനെതിരെ എസ്‌ഐമാർ പരാതി നൽകിയതെന്നാണ് വിവരം.