ഗഗൻയാൻ ദൗത്യത്തിലെ നിർണായക പരീക്ഷണം, ഇന്റഗ്രേറ്റഡ് എയർ ഡ്രോപ്പ് ടെസ്റ്റ് വിജയകരം

Sunday 24 August 2025 10:22 AM IST

ന്യൂഡൽഹി: ഗഗൻയാൻ ദൗത്യത്തിന് മുന്നോടിയായുളള ഐഎസ്ആർഓയുടെ ഇന്റഗ്രേറ്റഡ് എയർ ഡ്രോപ്പ് ടെസ്റ്റ് പൂർത്തിയായി. ഗഗൻയാൻ യാത്രാ പേടകത്തിന്റെ മാതൃക ഹെലികോപ്ടർ ഉപയോഗിച്ച് താഴേക്ക് ഇടുന്നതായിരുന്നു പരീക്ഷണം. ഇന്ന് രാവിലെ ശ്രീഹരിക്കോട്ടയിലായിരുന്നു ഇത് നടന്നത്. ചിനൂക്ക് ഹെലികോപ്ടർ ഉപയോഗിച്ച് ഗഗൻയാൻ ക്രൂ മൊഡ്യൂളിനെ നാല് കിലോമീറ്റർ ഉയരത്തിൽ നിന്ന് താഴേക്കിട്ടു. ഇതോടെ പേടകം കടലിൽ വിജയകരമായി ഇറങ്ങി. പാരച്യൂട്ടുകളുടെ പ്രവർത്തനക്ഷമത വിലയിരുത്താനായിരുന്നു പരീക്ഷണം.

ഐഎസ്ആർഒ, ഇന്ത്യൻ വ്യോമസേന, നാവികസേന എന്നിവ സംയുക്തമായാണ് പരീക്ഷണം നടത്തിയത്. കാലാവസ്ഥ പ്രശ്നങ്ങൾ കാരണം നേരത്തെ ഈ പരീക്ഷണം മാ​റ്റിവച്ചിരുന്നു. അനുകൂലമായ കാലാവസ്ഥയും സാങ്കേതിക സാഹചര്യങ്ങളും ഉറപ്പാക്കിയാണ് ഇന്ന് നടത്താൻ തീരുമാനിച്ചത്. പരീക്ഷണത്തിൽ ഗഗൻയാൻ യാത്രികരെ വഹിക്കുന്ന പേടകത്തിന് സമാനമായ 4000-4500 കിലോഗ്രാം ഭാരമുളള പേടകമാണ് ഉപയോഗിച്ചത്. ഗഗൻയാൻ ദൗദ്യം ഈ വർഷം അവസാനത്തോടെ ആരംഭിക്കാനാണ് ഐഎസ്ആർഒ ലക്ഷ്യമിടുന്നത്. ബഹിരാകാശ യാത്ര കഴിഞ്ഞെത്തിയ ശുഭാംശു ശുക്ല, ഗ്രൂപ്പ് ക്യാപ്​റ്റൻ പ്രശാന്ത് ബി നായർക്കൊപ്പം നടത്തിയ വാർത്താസമ്മേളനത്തിലാണ് ഐഎസ്ആർഒ മേധാവി വി നാരായണൻ ഇക്കാര്യം അറിയിച്ചത്.

അതേസമയം, ബഹിരാകാശ രംഗത്ത് ഇന്ത്യ ശ്രദ്ധേയമായ പുരോഗതി കൈവരിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. വൈകാതെ ഗഗൻയാൻ ദൗത്യം നടപ്പാക്കുമെന്നും വരുംവർഷങ്ങളിൽ ഇന്ത്യ സ്വന്തമായി ബഹിരാകാശ നിലയം സ്ഥാപിക്കുമെന്നും അദ്ദേഹം അറിയിച്ചു. 'ഇന്ത്യ ഇതിനകം ചന്ദ്രനിലും ചൊവ്വയിലും എത്തിക്കഴിഞ്ഞു. ഇനിയും ബഹിരാകാശത്തിൽ കൂടുതൽ പരീക്ഷണങ്ങൾ നടത്തേണ്ടതുണ്ട്. പര്യവേക്ഷണം ചെയ്യപ്പെടാത്ത മേഖലകൾക്ക് മനുഷ്യരാശിയുടെ ഭാവിക്കുവേണ്ടിയുള്ള നിർണായകരഹസ്യങ്ങൾ നൽകാൻ കഴിയും. ആകാശഗംഗകൾക്ക് അപ്പുറമാണ് നമ്മുടെ ചക്രവാളം. ബഹിരാകാശത്തിന്റെ അനന്തമായ വിശാലത ഒരു ലക്ഷ്യസ്ഥാനവും അവസാനത്തേതല്ലെന്ന് നമ്മെ നിരന്തരം ഓർമ്മിപ്പിക്കുന്നു'- നരേന്ദ്രമോദി പറഞ്ഞു.