ഇനി ശത്രുരാജ്യങ്ങൾ വിറയ്ക്കും; പുതിയ വ്യോമ പ്രതിരോധ സംവിധാനം വിജയകരമായി പരീക്ഷിച്ച് ഇന്ത്യ, വീഡിയോ

Sunday 24 August 2025 11:20 AM IST

ന്യൂഡൽഹി: ഒഡീഷ തീരത്ത് ഇന്റഗ്രേറ്റഡ് എയർ ഡിഫൻസ് വെപ്പൺ സിസ്റ്റത്തിന്റെ (ഐഎഡിഡബ്ല്യുഎസ്) ആദ്യ പറക്കൽ പരീക്ഷണം വിജയകരമായി പൂർത്തിയാക്കി ഇന്ത്യ. പരീക്ഷണം വിജയിച്ച വിവരം പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗാണ് തന്റെ എക്സ് പേജിലൂടെ അറിയിച്ചത്. സായുധ സേനയെ അഭിനന്ദിച്ചും അദ്ദേഹം കുറിപ്പ് പങ്കുവച്ചിട്ടുണ്ട്. ഓപ്പറേഷൻ സിന്ദൂർ നടന്ന് മാസങ്ങൾക്ക് ശേഷമാണ് പുതിയ വ്യോമ പ്രതിരോധ സംവിധാനത്തിന്റെ പരീക്ഷണം നടന്നത്.

ഇന്നലെ ഉച്ചയ്ക്ക് 12.30ഓടെയാണ് പരീക്ഷണം നടന്നതെന്നാണ് വിവരം. ഇന്റഗ്രേറ്റഡ് എയർ ഡിഫൻസ് വെപ്പൺ സിസ്റ്റം എന്നത് ഒരു മൾട്ടി-ലെയേർഡ് എയർ ഡിഫൻസ് സിസ്റ്റമാണ്. ഇതിൽ തദ്ദേശീയ പ്രതിരോധ എയർ മിസെെലുകളും ഷോർട്ട് റേഞ്ച് എയർ ഡിഫൻസ് സിസ്റ്റം മിസെെലുകളും ഹൈ പവർ ലേസർ ഡയറക്‌റ്റഡ് എനർജി വെപ്പൺസും ഉൾപ്പെടുന്നു. ഇത് ശത്രുരാജ്യത്തിൽ നിന്ന് വരുന്ന ഒന്നിലധികം ഡ്രോണുകൾ,​ മിസെെലുകൾ,​ മെെക്രോ - യുവികൾ എന്നിവയെ തടയാൻ സഹായിക്കുന്നു.

'ഐഎഡിഡബ്ല്യുഎസിന്റെ വിജയകരമായ വികസനത്തിന് ഡിആർഡിഒയെയും ഇന്ത്യൻ സായുധ സേനയെയും ഞാൻ അഭിനന്ദിക്കുന്നു. ഈ പരീക്ഷണ വിജയം നമ്മുടെ രാജ്യത്തിന്റെ പ്രതിരോധ ശേഷിയെ കൂട്ടി. ശത്രുകളുടെ വ്യോമ ഭീഷണികൾക്കെതിരായി രാജ്യത്തിന്റെ പ്രതിരോധം ശക്തിപ്പെടുത്തുന്നതാണ് ഇത്'- പ്രതിരോധ മന്ത്രി കുറിച്ചു.