ഭാര്യയെ ജീവനോടെ കത്തിച്ച യുവാവ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ചു, വെടിവച്ച് പൊലീസ്

Sunday 24 August 2025 2:44 PM IST

നോയിഡ: സ്ത്രീധനത്തിന്റെ പേരിൽ ഭാര്യയെ തീകൊളുത്തി കൊലപ്പെടുത്തിയ കേസിൽ പ്രതിയെ പൊലീസ് വെടിവച്ചു.യുവതിയുടെ ഭർത്താവായ വിപിനാണ് കസ്റ്റഡിയിൽ നിന്നും രക്ഷപ്പെടാൻ ശ്രമിച്ചത്. ഉദ്യോഗസ്ഥനിൽ നിന്ന് തോക്ക് തട്ടിപ്പറിക്കുന്നതിനിടെയാണ് പ്രതിയെ പൊലീസ് കീഴ്‌പ്പെടുത്തിയത്. കാലിൽ പരിക്കേറ്റ പ്രതി ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിലാണ്.

ഏറ്റുമുട്ടലിനെക്കുറിച്ച് പ്രതികരിച്ച യുവതിയുടെ പിതാവ് പൊലീസ് ശരിയായ നടപടി സ്വീകരിച്ചുവെന്ന് പറഞ്ഞു. മകളുടെ കൊലപാതകത്തിന് ഉത്തരവാദികളായ മറ്റുള്ളവരെക്കൂടി ഉടൻ പിടികൂടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 36ലക്ഷം രൂപ സ്ത്രീധനം ആവശ്യപ്പെട്ടായിരുന്നു ഭാര്യ നിക്കി ഭാട്ടിയയെ ഭർത്താവ് വിപിൻ തീകൊളുത്തി കൊന്നത്.

2016ലാണ് വിപിനും നിക്കിയും വിവാഹിതരായത്. കല്യാണം കഴിഞ്ഞതിന് പിന്നാലെ സ്ത്രീധനത്തിന്റെ പേരിൽ ഭർത്താവും കുടുംബവും നിക്കിയെ നിരന്തം ഉപദ്രവിച്ചിരുന്നതായി സഹോദരി കാഞ്ചൻ പറയുന്നു. കാഞ്ചൻ വിപിന്റെ സഹോദരനെയാണ് വിവാഹം ചെയ്തത്. നിക്കിയെ ഉപദ്രവിക്കുന്ന ദൃശ്യങ്ങൾ കാഞ്ചൻ പകർത്തി സോഷ്യൽ മീഡിയയിൽ പങ്കുവച്ചത് കേസിൽ നിർണായകമായി. നിക്കിയെ ക്രൂരമായി മർദ്ദിക്കുന്നതും ശരീരത്തിൽ തീ പടർന്നതും ദൃശ്യങ്ങളിൽ കാണാം. ഗുരുതരമായി പൊള്ളലേറ്റ നിക്കിയെ നാട്ടുകാർ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കഴിഞ്ഞ വ്യാഴാഴ്ചയാണ് നിക്കി മരിച്ചത്.

തന്റെ പിതാവും മുത്തശ്ശിയും ചേർന്നാണ് അമ്മയെ കൊലപ്പെടുത്തിയതെന്ന് നിക്കിയുടെ മകൻ വെളിപ്പെടുത്തിയിരുന്നു. 'ആദ്യം അവർ അമ്മയുടെ ദേഹത്ത് എന്തോ പുരട്ടി. പിന്നെ അവർ അമ്മയെ അടിക്കുകയും ഒരു ലെെറ്റർ ഉപയോഗിച്ച് തീ കൊളുത്തുകയും ചെയ്തു'- കുട്ടി പൊലീസിനോട് പറഞ്ഞു. വിപിൻ ഭാട്ടിയെ പൊലീസ് എൻകൗണ്ടർ ചെയ്യണമെന്ന് നിക്കിയുടെ പിതാവ് ആവശ്യപ്പെട്ടു.