തലയിൽ കുത്തിനിർത്തിയ നിലയിൽ കത്തി; കൂസലില്ലാതെ അമ്മയുടെ കെെപിടിച്ച് ആശുപത്രിലെത്തി മൂന്നുവയസുകാരി

Sunday 24 August 2025 5:09 PM IST

ബീജിംഗ്: തലയിൽ കത്തി കുത്തിനിർത്തിയ നിലയിലെ ഒരു കുട്ടിയുടെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. തെക്ക് പടിഞ്ഞാറൻ ചെെനയിലെ യുനാൻ പ്രവിശ്യയിലെ കുമിംഗ് നഗരത്തിലാണ് സംഭവം നടന്നത്. അവിടത്തെ ഡോംഗ്ചുങ് പീപ്പിൾസ് ആശുപത്രിയിലാണ് അമ്മയുടെ കെെയും പിടിച്ച് ഒരു കുട്ടി എത്തിയത്.

കുട്ടിയെ കണ്ട ഡോക്ടർമാരും ആശുപത്രിയിൽ ഉണ്ടായിരുന്നവരും അടക്കം അമ്പരന്നു. സോഷ്യൽ മീഡിയയിൽ വീഡിയോ വെെറലായതിന് പിന്നാലെ നിരവധി പ്രതികരണങ്ങളാണ് വരുന്നത്. കത്തി തലയിൽ തറച്ചിട്ടും മുറിവിൽ നിന്ന് രക്തം വരുന്നില്ലായിരുന്നു. അതുപോലെ തന്നെ ഒന്നും സംഭവിക്കാത്ത പോലെയാണ് ആ കുട്ടി അമ്മയുടെ കെെയിൽ പിടിച്ച് ആശുപത്രിയിൽ നടന്നത്. ഓഗസ്റ്റ് 15നാണ് സംഭവം നടന്നതെന്നാണ് റിപ്പോർട്ട്. ഹു എന്ന് പേരുള്ള മൂന്ന് വയസുകാരിയാണ് വീഡിയോയിലുള്ള കുട്ടി. വീട്ടിലെ കിടക്ക വിരി അമ്മ വിരിക്കുന്നതിനിടെ പഴങ്ങൾ മുറിക്കുന്ന കത്തി കിടക്കയിൽ ഉണ്ടായിരുന്നു.

ഇത് അറിയാതെ അമ്മ കിടക്ക കുടഞ്ഞതും കത്തി അടുത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയുടെ തലയിൽ തറച്ചുകയറുകയായിരുന്നു. ആദ്യം കത്തി ഊരാൻ അമ്മ ശ്രമിച്ചെങ്കിലും മകൾക്ക് വേദനയെടുത്തതോടെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. 15 സെന്റീ മീറ്റ‌ർ നീളമുള്ള കത്തിയാണ് കുട്ടിയുടെ തലയിൽ തറച്ചത്. കുട്ടിയുടെ തലയിൽ നിന്ന് കത്തി മാറ്റിയതായും കുട്ടി സുഖം പ്രാപിച്ചുവരുന്നതായും ആശുപത്രി അധികൃതർ അറിയിച്ചു.