വളർത്തുമൃഗങ്ങളെയും കടിച്ച് കുടഞ്ഞ് തെരുവ് നായ്ക്കൾ
കോട്ടയം : മനുഷ്യരെ മാത്രമല്ല വളർത്തു മൃഗങ്ങളെയും കടിച്ചു കുടഞ്ഞ് തെരുവുനായ്ക്കൾ. കഴിഞ്ഞ രണ്ട് വർഷത്തിനിടെ 5226 വളർത്തു മൃഗങ്ങൾക്കാണ് കടിയേറ്റത്. ദിവസവും ശരാശരി പത്തിലേറെ മൃഗങ്ങൾക്ക് കടിയേൽക്കുന്നു. പശു, ആട്, വളർത്തുനായ, പോത്ത്, തുടങ്ങിയവയ്ക്ക് നേരെയാണ് ആക്രമണം കൂടുതൽ. കടിയേറ്റ് ചത്തതും ലക്ഷണം പ്രകടിപ്പിച്ചതുമായ 46 മൃഗങ്ങളെ പരിശോധിച്ചതിൽ 31 എണ്ണത്തിനും പേവിഷബാധ സ്ഥിരീകരിച്ചു. ഇതിൽ ആടും വളർത്തു നായ്ക്കളുമാണ് കൂടുതൽ. വളർത്തുമൃഗങ്ങൾക്ക് തെരുവുനായയുടെ കടിയേറ്റാൽ ഒഴുകുന്ന വെള്ളത്തിൽ 15 മിനിറ്റോളം സോപ്പ് ഉപയോഗിച്ച് മുറിവ് കഴുകണം. ഇത് അണുക്കളെ ഇല്ലാതാക്കാൻ സഹായിക്കും. കഴുകുന്നയാൾ ഗ്ലൗസ് ധരിക്കണം. മുറിവ് വൃത്തിയാക്കി കഴിഞ്ഞാൽ മൃഗാശുപത്രിയിൽ എത്തിക്കണം. ചെറിയ മുറിവ് ആണെങ്കിലും വൈദ്യസഹായം ഉറപ്പാക്കണം. കടിയേറ്റ ദിവസം തന്നെ പ്രതിരോധ കുത്തിവയ്പ്പ് എടുക്കണം. തുടർന്ന് ആകെ 6 ഡോസ് കുത്തിവയ്പ്പ് എടുക്കണം.
മൃഗങ്ങൾക്കുമുണ്ട് നഷ്ടപരിഹാരം
തെരുവുനായയുടെ കടിയേറ്റ് ചത്താൽ മൃഗങ്ങൾക്കും നഷ്ടപരിഹാരം ലഭിക്കും. മൃഗാശുപത്രി വഴിയാണ് അപേക്ഷിക്കേണ്ടത്. മൃഗസംരക്ഷണ വകുപ്പ് ഇത് പരിശോധിച്ച് ഉറപ്പുവരുത്തും. പശു ഒന്നിന് 16,000 രൂപ വരെയും ആടിന് 1650 വരെയും നഷ്ടപരിഹാരം ലഭിക്കാം. കോഴി ഒന്നിന് 50 രൂപ വീതവും പരമാവധി 50,000 രൂപ വരെയും ലഭിക്കാൻ അർഹതയുണ്ട്.
വാഹകരായി കീരി മുതൽ കുറുനരി വരെ
കീരി ഉൾപ്പെടെ നായകളുടെ കടിയേറ്റ് പേവിഷബാധയുടെ വാഹകരാകാമെന്നാണ് മൃഗസംരക്ഷണ വകുപ്പിന്റെ കണ്ടെത്തൽ. ഈ ജീവികളുടെ എണ്ണം കൂടുന്നതിനാൽ നായ്ക്കളെ മാത്രമല്ല, ഇവയുടെ കടിയേറ്റാലും കരുതണം.
ഈ വർഷം കടിയേറ്റ വളർത്തുമൃഗങ്ങൾ : 2101
'' പേപ്പട്ടിയുടെ കടിയേറ്റ് എത്തുന്ന മൃഗങ്ങളുടെ എണ്ണവും കൂടകയാണ്. മൃഗങ്ങളുടെ കടിയേറ്റാൽ ഉറപ്പായും ചികിത്സ തേടണം. ഡോ.പി. ബിജു, റിട്ട.ചീഫ് വെറ്ററിനറി ഓഫീസർ