'രാഹുൽ ആൻഡ് രാഹുൽ' ; രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ആരോപണങ്ങൾ ദേശീയ തലത്തിൽ ചർച്ചയാക്കി ബി ജെ പി
ന്യൂഡൽഹി: രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എയ്ക്കെതിരെ ഉയർന്ന ലൈംഗികാരോപണങ്ങൾ ദേശീയതലത്തിൽ ചർച്ചയാക്കി ബി.ജെ.പി. രാഹുൽ ഗാന്ധിക്കൊപ്പമുള്ള രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എയുടെ ചിത്രം പങ്കുവച്ചാണ് ബി.ജെ.പിയുടെ പ്രചാരണം. മറ്റൊരു കോൺഗ്രസ് നേതാവിനെതിരെ കൂടി ലൈംഗികാരോപണം ഉയർന്നിരിക്കുന്നു എന്ന് ചിത്രം പങ്കുവച്ച് കൊണ്ട് ബി.ജെ.പി എക്സ് പേജിൽ കുറിച്ചു. രാഹുൽ ആൻഡ് രാഹുൽ എന്ന തലക്കെട്ടും നൽകിയിട്ടുണ്ട്. രാഹുൽ ഗാന്ധിയുടെ അടുത്ത അനുയായിയും കേരളത്തിലെ യൂത്ത് കോൺഗ്രസ് അദ്ധ്യക്ഷനും എം.എൽ.എയുമായ മാങ്കൂട്ടത്തിലിനെതിരെയാണ് ആരോപണമെന്നും ബി.ജെ.പി ചിത്രത്തിനൊപ്പം കുറിച്ചിട്ടുണ്ട്.
Congress at it, again! 😡Another Congress leader, Kerala MLA Rahul Mamkootathil, has been accused of sexual behaviour towards women. pic.twitter.com/fRMzcRjBVX
— BJP (@BJP4India) August 24, 2025
അതേസമയം രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എയുമായി ബന്ധപ്പെട്ടുയരുന്ന വിവാദങ്ങൾ ഗൗരവം നിറഞ്ഞതാണെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ. സി. വേണുഗോപാൽ പറഞ്ഞു. പ്രശ്നം വന്ന് 24 മണിക്കൂറിനകം രാഹുൽ യൂത്ത് കോൺഗ്രസ് അദ്ധ്യക്ഷസ്ഥാനം രാജിവച്ചെന്നും മറ്റുളള തീരുമാനം പിന്നീട് അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു. വിവാദങ്ങൾക്കിടെ രാഹുൽ മാങ്കൂട്ടത്തിൽ മാദ്ധ്യമങ്ങളെ കണ്ടതിനു ശേഷമായിരുന്നു കെ.സി. വേണുഗോപാലിന്റെ പ്രതികരണം.
ഒരുരീതിയിലും പാർട്ടിയെ പ്രതിസന്ധിയിലാക്കാൻ ശ്രമിക്കില്ലെന്ന് രാഹുൽ മാങ്കൂട്ടത്തിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞിരുന്നു. ട്രാൻസ്‌ജെൻഡറും സുഹൃത്തുമായ അവന്തികയുമായുളള ചാറ്റ് വിവരങ്ങളും രാഹുൽ മാദ്ധ്യമങ്ങളോട് പങ്കുവച്ചിരുന്നു. തന്നെ സ്‌നേഹിക്കുന്നവർ ഇപ്പോഴും പിന്തുണയ്ക്കുന്നുണ്ടെന്നും രാഹുൽ പറഞ്ഞു. എം.എൽ.എ പദവിയിൽ നിന്ന് രാജി വയ്ക്കുന്നതിനെക്കുറിച്ച് രാഹുൽ പ്രതികരിച്ചില്ല.