പാത വീണ്ടും ഇടിയുന്നു, നെഞ്ച് പിടയുന്നു
അന്ത്യാളം-പയപ്പാർ റോഡ് ഇടിഞ്ഞ് തോട്ടിൽ പതിച്ചു
പാലാ : ബസോ മറ്റ് വാഹനങ്ങളോ തോട്ടിൽ പോയി ദുരന്തമുണ്ടായാൽ ആര് ഉത്തരവാദിത്വമേൽക്കും? അന്ത്യാളം പയപ്പാർ റോഡിന്റെ ഒരു ഭാഗം ഇടിഞ്ഞ് തോട്ടിലേക്ക് വീണനിലയിലാണ്. ആറ് മാസമായി ഇതാണ് അവസ്ഥ. പഞ്ചായത്തംഗം ലിന്റൺ ജോസഫിന്റെ നേതൃത്വത്തിൽ പൊതുമരാമത്ത് വകുപ്പ് അധികാരികൾക്ക് പരാതിയും നൽകിയിരുന്നു. പക്ഷേ ഒരു നടപടിയുമില്ല. വാഹനങ്ങൾ കടന്നുപോകുമ്പോൾ ഇപ്പോഴും റോഡിന്റെ വശം ഇടിയുന്നുണ്ട്. ദുരന്തത്തിന് വഴിമരുന്നിടുകയാണോ അധികാരികൾ. രാമപുരം റൂട്ടിൽ നിന്ന് തൊടുപുഴ റൂട്ടിലേക്കുള്ള പി. ഡബ്ലി.യു.ഡി റോഡാണ് അന്ത്യാളം മുതൽ പയപ്പാർ വരെയുള്ളത്. ചൂഴിപാലത്തിന്റെ താഴെ ഭാഗത്താണ് മുപ്പത് മീറ്ററോളം നീളത്തിൽ റോഡ് ഇടിഞ്ഞ് ഏഴാച്ചേരി വലിയതോട്ടിലേക്ക് പതിച്ചത്. വീതി കുറഞ്ഞ റോഡ് ഇടിഞ്ഞതോടെ വാഹന യാത്രതന്നെ അപകടഭീഷണിയിലാണ്. പരാതിയെ തുടർന്ന് റോഡ് ഇടിഞ്ഞ ഭാഗത്ത് മൂന്ന് വീപ്പ നിരത്തിയ ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിഞ്ഞുമാറുകയാണ് അധികാരികൾ.
മറുവശത്തും വലിയ കുഴി
ഇടിഞ്ഞ റോഡിന്റെ നേരെ മറുവശത്തും വലിയ കുഴികളുണ്ട്. മഴക്കാലത്ത് ഏഴാച്ചേരി വലിയതോട് കരകവിഞ്ഞപ്പോൾ റോഡ് ഇടിഞ്ഞ ഭാഗത്ത് വെള്ളം കയറിയിരുന്നു. ഇതോടെ ഈ ഭാഗത്തെ മണ്ണ് കൂടുതൽ കുതിർന്നിരിക്കുകയാണ്. മഴ മാറിയെങ്കിലും റോഡ് ഇടിഞ്ഞ ഭാഗം ഇപ്പോഴും ഉറച്ചിട്ടില്ല. ബസ് ഉൾപ്പെടെ ഭാരവാഹനങ്ങൾ കടന്നുപോകുമ്പോൾ കൂടുതൽ ഭാഗം ഇടിയുകയാണ്. സ്വകാര്യ ബസ് ഉൾപ്പെടെ നിരവധി വാഹനങ്ങളാണ് ഇതുവഴി നിത്യേന കടന്നുപോകുന്നത്.
ചൂഴിപ്പാലത്തിന് സമീപം റോഡ് ഇടിഞ്ഞ് തോട്ടിൽ വീണ ഭാഗം ഇപ്പോഴും അപകടഭീഷണിയിലാണ്. ഏത് നിമിഷവും ബാക്കി ഭാഗംകൂടി ഇടിഞ്ഞ് തോട്ടിൽ പതിക്കാം.
ലിന്റൺ ജോസഫ്, കരൂർ പഞ്ചായത്ത് മെമ്പർ