വഴിയാധാരമായി വഴിയിടം
ആറ്റിങ്ങൽ: ആറ്റിങ്ങൽ കോർട്ട് കോപ്ലക്സിലെ കോടതിയിൽ എത്തുന്നവർക്ക് പബ്ളിക്ക് കംഫർട്ട് സ്റ്റേഷൻ വേണമെന്ന ആവശ്യം ശക്തം. കുടുംബ കോടതിയടക്കം പത്തിലധികം കോടതികളാണ് ആറ്റിങ്ങൽ കോർട്ട് കോംപ്ലക്സിൽ പ്രവർത്തിക്കുന്നത്. ഓരോ കോടതിയിലും ദിനംപ്രതി സ്ത്രികളും രോഗികളും അടക്കം നൂറു കണക്കിനാളുകളാണ് വന്നു പോകുന്നത്. ഇവർക്ക് പ്രാഥമികാവശ്യങ്ങൾ നിറവേറൻ കംഫർട്ട് സ്റ്റേഷൻ ഇവിടെയില്ല. ഉള്ളത് തന്നെ എവിടെ എന്ന് നിശ്ചയവുമില്ല. രാവിലെ കേസ് സംബന്ധമായി കോർട്ട് കോംപ്ലക്സിലെത്തുന്നവർ വൈകിട്ട് പോകുന്നതുവരെ സഹിച്ചിരിക്കണം. ഇവിടെ എത്തുന്നവർക്ക് ശങ്ക തീർക്കണമെങ്കിൽ തിരിച്ച് വീട്ടിലെത്തണം.
ക്ലോംപ്ലക്സിൽ പ്രവർത്തിക്കുന്നത്
മോട്ടോർ ആക്സിഡന്റ് ക്ലെയിംസ് ട്രൈബ്യൂണൽ
കുടുംബ കോടതി
ഫാസ്റ്റ് ട്രാക്ക് സെപ്ഷ്യൽ കോടതി
സബ് കോടതി ആൻഡ് അസിസ്റ്റന്റ് കോടതി
മുനിസിഫ് ആൻഡ് ജുഡിഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി
ജൂഡിഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി - 1,
ജൂഡിഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി - 2,
ജൂഡിഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി -3
പൊറുതിമുട്ടി അഭിഭാഷകരും
അഭിഭാഷകരുടെ കാര്യവും മറിച്ചല്ല. അറുനൂറോളം വരുന്ന അഭിഭാഷകർക്ക് ബാർ അസോസിയേഷൻ കെട്ടിടത്തിൽ പുരുഷന്മാർക്കായി ഒരു ബാത്ത് റൂം മാത്രം. വനിതാ അഭിഭാഷകർക്ക് മറ്റൊന്നുമുണ്ട്. കോടതികൾ കൂടി വരുന്നതിനനുസരണമായി അടിസ്ഥാന സൗകര്യങ്ങൾ ഇവിടെ അധികൃതർ ഒരുക്കുന്നില്ലന്നാണ് പരക്കെയുള്ള ആക്ഷേപം.
വഴിയിടം എവിടെ...
കുടുംബ കോടതിയിലെത്തുന്നവരിൽ ഏറെയും വനിതകളാണെന്ന പരിഗണനയും ഇവിടെയില്ല. കോടതി ജീവനക്കാരുടെ കാര്യവും ഏറക്കുറെ ഇതു തന്നെ. ജീവനക്കാർക്കും കോടതിയിൽ എത്തുന്നവർക്കുമെല്ലാമായി നഗരസഭയുടെ രണ്ടാമത്തെ വഴിയിടം കോടതി പരിസരത്ത് നിർമ്മിക്കുമെന്ന് പറയുന്നെങ്കിലും ഇനിയും നിർമ്മാണം തുടങ്ങിട്ടില്ല.