രാഹുല്‍ മാങ്കൂട്ടത്തിലിന്റെ രാജിക്കായി കോണ്‍ഗ്രസില്‍ മുറവിളി; സമ്മര്‍ദ്ദത്തിന് വഴങ്ങാതെ പാലക്കാട് എംഎല്‍എ

Sunday 24 August 2025 8:58 PM IST

തിരുവനന്തപുരം: സ്ത്രീ വിഷയവുമായി ബന്ധപ്പെട്ട എണ്ണിയാലൊടുങ്ങാത്ത ആരോപണങ്ങള്‍ നേരിടുന്ന രാഹുല്‍ മാങ്കൂട്ടത്തിലിന്റെ രാജിക്കായി കോണ്‍ഗ്രസില്‍ മുറവിളി. പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍, മുതിര്‍ന്ന നേതാവ് രമേശ് ചെന്നിത്തല, കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്, മറ്റ് മുതിര്‍ന്ന നേതാക്കള്‍, വിദ്യാര്‍ത്ഥി യുവജന വിഭാഗം നേതാക്കള്‍, ട്രേഡ് യൂണിയന്‍ നേതാക്കള്‍, പാര്‍ട്ടിയിലെ വനിതാ നേതാക്കള്‍ എന്നിങ്ങനെ ഗ്രൂപ്പ് വ്യത്യാസമില്ലാതെ രാഹുലിന്റെ രാജിക്കായുള്ള ആവശ്യം ശക്തമാണ്.

യൂത്ത് കോണ്‍ഗ്രസ് അദ്ധ്യക്ഷ സ്ഥാനം രാജിവെച്ചത് കൊണ്ടായില്ലെന്നും എംഎല്‍എ സ്ഥാനവും പാര്‍ട്ടി ഭാരവാഹിത്വവും ഒഴിയണമെന്നും ആവശ്യം ഉയരുന്നുണ്ട്. രാജിവെക്കാന്‍ തയ്യാറായില്ലെങ്കില്‍ രാഹുലിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കണമെന്നാണ് ഗ്രൂപ്പ് വ്യത്യാസമില്ലാതെ നേതാക്കള്‍ ആവശ്യപ്പെടുന്നത്. എന്നാല്‍ ഇത്രയധികം സമ്മര്‍ദ്ദമുണ്ടായിട്ടും വഴങ്ങാന്‍ പാലക്കാട് എംഎല്‍എ തയ്യാറായിട്ടില്ല. തന്നെ കുടുക്കാനുള്ള ആസൂത്രിത ശ്രമമാണ് ഇപ്പോള്‍ നടക്കുന്നതെന്ന് വരുത്തിതീര്‍ക്കാനാണ് രാഹുല്‍ ശ്രമിക്കുന്നത്.

തനിക്ക് പാര്‍ട്ടി നേതൃത്വത്തോട് കാര്യങ്ങള്‍ പറയാനുണ്ടെന്നും എംഎല്‍എ വ്യക്തമാക്കുന്നു. രാഹുലിന്‍ പറയാനുള്ളത് കേള്‍ക്കുമെന്നും അന്തിമ തീരുമാനം വൈകില്ലെന്നുമാണ് പാര്‍ട്ടി നേതൃത്വത്തിന്റെ നിലപാട്. ഉചിതമായ സമയത്ത് തന്നെ തീരുമാനമുണ്ടാകുമെന്നാണ് കെപിസിസി അദ്ധ്യക്ഷന്‍ സണ്ണി ജോസഫ് പ്രതികരിച്ചത്. തീരുമാനം വൈകില്ലെന്നാണ് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലും പ്രതികരിച്ചത്.

പാര്‍ട്ടിയുടെ ഏക വനിതാ എംഎല്‍എയായ ഉമാ തോമസും വനിതാ നേതാക്കളും രാഹുല്‍ രാജി വെക്കണമെന്ന ആവശ്യവുമായി പരസ്യമായി രംഗത്തെത്തി. പൊതുരംഗത്ത് നിന്നടക്കം രാഹുല്‍ മാങ്കൂട്ടത്തില്‍ മാറി നില്‍ക്കണമെന്ന് ഷാനിമോള്‍ ഉസ്മാനും രാജി വേണമെന്ന് ബിന്ദു കൃഷ്ണയും ആവശ്യപ്പെട്ടു. രാഹുലിനെതിരെ രമേശ് ചെന്നിത്തല ദേശീയ നേതൃത്വത്തെ സമീപിച്ചുവെന്നാണ് വിവരം. ഇനിയും വെളിപ്പെടുത്തലുകള്‍ വന്നാല്‍ അത് പാര്‍ട്ടിക്ക് താങ്ങാവുന്നതിലും അധികമായിരിക്കുമെന്നാണ് സംസ്ഥാനത്തിന്റെ ചുമതലയുള്ള ദീപ ദാസ് മുന്‍ഷിയെ അദ്ദേഹം അറിയിച്ചത്.