ഓണമെത്തി:ട്രാഫിക് നിയന്ത്രണത്തിനൊരുങ്ങി കിളിമാനൂർ

Monday 25 August 2025 1:32 AM IST

കിളിമാനൂർ: ഓണക്കാലത്ത് ടൗണിലെ ഗതാഗത പരിഷ്കരണം നടപ്പിലാക്കാൻ പഞ്ചായത്ത് തീരുമാനം. വാണിജ്യ കേന്ദ്രങ്ങളിലും സ്ഥാപനങ്ങളിലും റോഡികളിലും അനുഭവപ്പെടുന്ന തിരക്ക് ഒഴിവാക്കാനുള്ള പഞ്ചായത്തുതല യോഗം സംഘടിപ്പിച്ചു.

യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് എൻ. സലീൽ, ജനപ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി, മാദ്ധ്യമ പ്രതിനിധികൾ, സ്വകര്യ ബസ് ഉടമകൾ, ആട്ടോ ടാക്സി- ടെമ്പോ തൊഴിലാളി,​ കെ.എസ്.ആർ.ടി.സി,​ പി ഡബ്ല്യൂ.ഡി എന്നിവരുടെ പ്രതിനിധികൾ,​ വ്യാപാരി വ്യവസായ സമിതി പ്രസിഡന്റ് ബാബുരാജ്, കിളിമാനൂർ എസ്.ഐ പ്രദീപ് എന്നിവർ പങ്കെടുത്തു. ട്രാഫിക് നിരോധനമല്ല ട്രാഫിക് നിയന്ത്രണമാണ് ഉദ്ദേശിക്കുന്നതെന്ന് യോഗം അറിയിച്ചു.

യോഗത്തിലെ തീരുമാനങ്ങൾ: കൊട്ടാരക്കര ഭാഗത്തേക്കുള്ള വാഹനങ്ങൾ ഇംഗ്ഷനിലെ പെട്രോൾ പമ്പിന് സമീപത്തേക്ക് മാറ്റിയ സ്റ്റോപ്പിൽ നിറുത്തണം. ആ ഭാഗത്ത് മറ്റ് വാഹന പാർക്കിം പാടില്ല. കടയുടമകളുടെ വാഹനങ്ങൾ പാർക്കിംഗ് പ്രദേശത്തേക്ക് മാറ്റണം.

മഹാദേവേശ്വരം മുതൽ വലിയ പാലം വരേയും പഞ്ചായത്ത് ബസ് സ്റ്റാൻഡ് വരേയും റോഡിനു ഒരു വശം മാത്രം വാഹനങ്ങൾ പാർക്ക്ചെയ്യണം. ഇവിടെ സ്ഥിരമായി പാർക്കിംഗ് അനുവദിനീയമല്ല. ട്രാഫിക് വാർഡന്മാരുടെ നിർദ്ദേശങ്ങൾ അനുസരിക്കണം.

തിരുവനന്തപുരത്തേക്ക് പോകുന്ന വാഹനങ്ങൾ വെയിറ്റിംഗ് ഷെഡിന്റെ മുൻവശം ഒഴിവാക്കി കാനറാ ബാങ്ക് എ.ടി.എമ്മിന്റെ മുന്നിൽ നിറുത്തുക.

മഹാദേവേശ്വരം ജംഗ്ഷൻ സ്റ്റോപ്പ് ബൈപ്പാസ് റോഡ് ആരംഭിക്കുന്ന സ്ഥലത്തേക്കും സരള ആശുപത്രിയിലെ സ്റ്റോപ്പ് എക്സൈസ് ഓഫീസ് കോമ്പൗണ്ട് അവസാനിക്കുന്ന സ്ഥലത്തേക്കും മാറ്റിയിട്ടുണ്ട്.

ശ്രീരാഗം ജംഗ്ഷനിലെ സ്റ്റോപ്പ് ഒഴിവാക്കണം. സ്ഥിരമായി റോഡിൽ പാർക്ക് ചെയ്തിരിക്കുന്ന വാഹനങ്ങൾക്കെതിരെ നടപടി സ്വീകരിക്കണം.

ഓണം വരെ പൊലീസിന്റെ സേവനം ലഭ്യമാക്കണം. സ്റ്റാൻഡിൽ പാർക്ക് ചെയ്യാതെ ബസിന് പുറകിലും മുമ്പിലുമായി ഓടുന്ന ആട്ടോകൾക്കെതിരെയും നടപടി സ്വീകരിക്കും. വാഴോട് - ഇരട്ടച്ചിറ വരെയുള്ള കെ.എസ്.ടി.പി റോഡിലും പുതിയകാവ് ജംഗഷൻ വരെയുള്ള പി.ഡബ്ല്യൂ.ഡി റോഡിലേയും അനധികൃത കൈയേറ്റവും ഫുഡ്പാത്ത് കച്ചവടവും കർശനമായി തടയും.