കാർഷിക പൈതൃകം കാത്തുസൂക്ഷിച്ച് അദ്ധ്യാപകന്റെ 'വിശ്രമ ജീവിതം'

Monday 25 August 2025 12:11 AM IST
മുരളി മാഷ്

345 ലധികം നെൽവിത്തുകൾ  180 പരമ്പരാഗത കാർഷിക ഉപകരണങ്ങൾ

കണ്ണൂർ: പയ്യന്നൂർ കാങ്കോൽ ആലക്കാട്ടെ, കെ.എം. മുരളീധരന്റെ വീട്ടിലെത്തിയാൽ കാണുന്നത് കാർഷിക പൈതൃകത്തിന്റെ നേർചിത്രം. വിരമിച്ച അദ്ധ്യാപകനും കാർഷിക പൈതൃക സംരക്ഷകനുമായ മുരളി മാഷ് 61ാം വയസ്സിലും കൃഷിയെ നെഞ്ചോടു ചേർത്താണ് ജീവിക്കുന്നത്. മാഷിന്റെ മനസ്സിൽ കൃഷിയോടുള്ള ഈ അചഞ്ചലമായ സ്‌നേഹത്തിന്റെ വിത്തു വിതച്ചതാകട്ടെ പരേതനായ അച്ഛൻ കുഞ്ഞിക്കണ്ണൻ നമ്പ്യാരും അമ്മ കുഞ്ഞി പാർവ്വതിയമ്മയും.

വീടിനകത്തെ ഒരു വലിയ മുറിയിൽ 345ലധികം നെൽവിത്തുകളുടെ ശേഖരമുണ്ട്. ഇതിൽ 280ഓളം നാടൻ ഇനങ്ങളാണ്. കൃഷ്ണകൗമുദി, അഘോരിവോറ, രാമളി, ദാബർശാല, ചെന്നെൽ, സേലം സണ്ണ, ജയ, പ്രത്യാശ, ഗന്ധകശാല, ചെന്താടി, ആസം ബ്ലോക്ക്, ജാസ്മിൻ, മല്ലികുറുവ, കണ്ണിച്ചെന്നെൽ, ശിങ്കാരി, കോട്ട തൊണ്ടി, അനാമിക, മാത്തൂർ മട്ട, കുങ്കുമശാലി... ഓരോ പേരും കേരളത്തിന്റെ കാർഷിക ചരിത്രത്തിലെ ഓരോ അദ്ധ്യായം പോലെ.

നെൽവിത്തുകളുടെ ശേഖരത്തിനൊപ്പം 180ഓളം പരമ്പരാഗത കാർഷിക ഉപകരണങ്ങളും സംരക്ഷിച്ചിട്ടുണ്ട്. കലപ്പ, പലക, നുകം, ഇടങ്ങഴി, പണപ്പെട്ടി, വിത്തുപൊതി... വർഷങ്ങളുടെ പഴക്കമുള്ള ഓരോ ഉപകരണവും നമ്മുടെ മുൻതലമുറയുടെ കാർഷിക ജ്ഞാനത്തിന്റെ സാക്ഷ്യമാണ്.

പ്രാഥമിക വിദ്യാലയ അദ്ധ്യാപകനായിരുന്ന മുരളി കണ്ണൂർ തയ്യേനിയിൽ നിന്ന് വിരമിച്ച ശേഷം തന്റെ കാർഷിക അറിവുകൾ വിദ്യാർത്ഥികളുമായി പങ്കുവയ്ക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു. ഭാര്യ വിജയശ്രീയുടെയും (പ്രധാനാദ്ധ്യാപിക, എസ്.എൻ.ഡി.പി.എ.യു.പി.എസ്. കടുമേനി), മക്കളായ മേഘ (സോഫ്റ്റ്‌വെയർ എൻജിനീയർ, ബംഗളൂരു), അശ്വിൻ (മെക്കാനിക്കൽ എൻജിനീയർ, മുംബയ്), മരുമകൻ ദീപക് (സോഫ്റ്റ്‌വെയർ എൻജിനീയർ, ബംഗളൂരു) എന്നിവരുടെ പൂർണ പിന്തുണയോടെയാണ് മാഷിന്റെ ഈ കാർഷിക പൈതൃക സംരക്ഷണ പ്രവർത്തനങ്ങൾ.

വിത്തുപൊതി ശേഖരത്തിലെ ഏറ്റവും കൗതുകകരമായ വസ്തു 12 വർഷം പഴക്കമുള്ള വിത്തുപൊതിയാണ്. വാഴനാരും വൈക്കോലും ഉപയോഗിച്ച് നിർമ്മിച്ച ഈ പൊതിയിലെ നെൽ ഒരു വർഷം കഴിഞ്ഞും വിതയ്ക്കാൻ കഴിയുമെന്ന് മാഷ് പറയുന്നു. പ്രകൃതിദത്ത സംരക്ഷണ രീതിയുടെ മികച്ച ഉദാഹരണമാണിത്.

കൃഷിയിടത്തിൽ ജൈവവൈവിദ്ധ്യം

വീടിനകത്തെ ശേഖരങ്ങൾക്കൊപ്പം പുറത്തെ കൃഷിയിടവും കൗതുകങ്ങളാൽ നിറഞ്ഞിരിക്കുന്നു. ദശപുഷ്പങ്ങൾ, ഹംസവേദി എന്ന പേരിലുള്ള ഔഷധത്തോട്ടം, മൂസാ ഫ്ളോറിഡ എന്ന സീബ്രാ സ്‌റ്റൈൽ വാഴ എന്നിവയെല്ലാം സന്ദർശകരെ ആകർഷിക്കുന്നു. 35 ഇനം നാടൻ വാഴകൾ, 60 ഔഷധ സസ്യങ്ങൾ, 32 പഴവർഗങ്ങൾ, 10 ഇനം തെങ്ങ്, 13 ഇനം കിഴങ്ങുവർഗ്ഗങ്ങൾ, 3 ഇനം കന്നുകാലികൾ എന്നിവയും അദ്ദേഹത്തിന്റെ കൃഷിത്തോട്ടത്തിലുണ്ട്.

ലക്ഷ്യം കാർഷിക പൈതൃക മ്യൂസിയം

കാസർകോട്, കണ്ണൂർ ജില്ലകളിൽ നിന്ന് എത്തുന്ന വിദ്യാർത്ഥികൾക്കായി അദ്ദേഹം കാർഷിക പൈതൃക മ്യൂസിയം സ്ഥാപിക്കാനുള്ള തയ്യാറെടുപ്പിലാണ്. വിദ്യാർത്ഥികൾക്കുള്ള പഠനസഹായിയായി നിറയോലം എന്ന കാർഷിക പദകോശവും കുരിയ എന്ന കാർഷിക ഉപകരണങ്ങളുടെ ചരിത്രവും വിശദീകരണങ്ങളും അടങ്ങിയ പുസ്തകവും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഈ വർഷം പഞ്ചായത്തിന്റെ വിത്ത് സംരക്ഷകനുള്ള പുരസ്‌കാരം ലഭിച്ചിട്ടുണ്ട്.