'രാഹുൽ മാങ്കൂട്ടത്തിലിന്റെ ഫ്ലാറ്റ് കേന്ദ്രീകരിച്ച് അന്വേഷണം വേണം, സിസി ടിവി ദൃശ്യങ്ങൾ പരിശോധിക്കണം'
പാലക്കാട്: രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എയുടെ തിരുവനന്തപുരം തൃക്കണ്ണാപുരത്തെഫ്ളാറ്റ് കേന്ദ്രീകരിച്ച് അന്വേഷണം വേണമെന്ന് ബി.ജെ.പി പാലക്കാട് ജില്ലാ പ്രസിഡന്റ് പ്രശാന്ത് ശിവൻ ആവശ്യപ്പെട്ടു. ജനുവരി, മേയ് മാസങ്ങളിലെ ഫ്ളാറ്റിലെ സിസി ടിവി ദൃശ്യങ്ങൾ പരിശോധിക്കണം. ജനുവരി 27, 28 തിയതികളിലും, മേയ് 25 നും പാലക്കാട്ടെ രാഹുലിന്റെ ഫ്ളാറ്റിൽ ആരെല്ലാം വന്നിട്ടുണ്ടെന്ന് പരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു. മാദ്ധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു പ്രശാന്ത് ശിവൻ
ഇതിനകം പുറത്തു വന്ന ശബ്ദ സന്ദേശം തന്റേതല്ലെന്ന് രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞിട്ടില്ല. ഇത് പ്രചരിപ്പിച്ചവർക്കെതിരെ നിയമനടപടിയെടുക്കുമെന്ന് കോൺഗ്രസിന്റെ ഒരു നേതാവും പറഞ്ഞില്ല. രാഹുൽ മാങ്കൂട്ടത്തിലിന്റെ മോശം പെരുമാറ്റത്തെക്കുറിച്ച് പറയാൻ അവന്തിക തന്നെ സമീപിച്ചിരുന്നു എന്നും പ്രശാന്ത് ശിവൻ വെളിപ്പെടുത്തി. പുറത്ത് പറയാൻ ഭയമുണ്ടെന്ന് അവന്തിക പറഞ്ഞു. കാര്യങ്ങൾ പുറത്ത് പറയാൻ അവന്തികയ്ക്ക് ധൈര്യം നൽകിയത് താനാണ്. അവന്തികയെ ആദ്യമായി കാണുന്നത് യുവ മോർച്ച പരിപാടിയിൽ വച്ചാണ്. അവന്തികയും രാഹുലും തമ്മിലെ ബന്ധം അറിയില്ല. ഇൻസ്റ്റഗ്രാം വഴിയാണ് അവന്തിക ബന്ധപ്പെട്ടത്. ഒരു പെൺകുട്ടിയെ നിർബന്ധിച്ച് ഗർഭഛിദ്രം നടത്താൻ പ്രേരിപ്പിക്കുന്ന ഓഡിയോ സന്ദേശം രാഹുൽ നിഷേധിച്ചിട്ടില്ലെന്നും പ്രശാന്ത് ശിവൻ ചൂണ്ടിക്കാട്ടി.