മത്സ്യകൃഷി  വ്യാപിപ്പിക്കാൻ കുട്ടനാട്ടിൽ കേന്ദ്ര പദ്ധതി 

Monday 25 August 2025 1:59 AM IST

കൊച്ചി: കുട്ടനാട്ടിൽ മത്സ്യകൃഷി വ്യാപിപ്പിക്കാൻ കേന്ദ്ര ഫിഷറീസ് മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ ബഹുമുഖ പദ്ധതികൾ. ആധുനികവും പരമ്പരാഗതവുമായ കൃഷി രീതികളിൽ മത്സ്യ കർഷകർക്ക് പരിശീലനം നൽകും. നെൽകൃഷിയുമായി ചേർന്നുള്ള സംയോജിത മത്സ്യകൃഷി, കൂടു മത്സ്യകൃഷി, ഒരു മത്സ്യം ഒരു നെല്ല്, ബയോഫ്‌ളോക് മത്സ്യകൃഷി (മത്സ്യ വിസർജ്യവും ഭക്ഷണാവശിഷ്ടങ്ങളും ഉപയോഗപ്പെടുത്തിയുള്ള കൃഷി)എന്നിവയാണ് ആദ്യഘട്ടത്തിൽ നടപ്പാക്കുക. വിശദ പ്രോജക്ട് റിപ്പോർട്ട് ഉടൻ തയ്യാറാക്കും. കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിൽ (സി.എം.എഫ്.ആർ.ഐ) കേന്ദ്ര ഫിഷറീസ് സഹമന്ത്രി ജോർജ് കുര്യന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. അപ്പർ, ലോവർ കുട്ടനാടിന്റെ വ്യത്യസ്ത സാഹചര്യങ്ങൾക്കനുസൃതമായി ശുദ്ധജലത്തിലും ഓരുജലാശയത്തിലും പ്രത്യേക പദ്ധതികൾ വരും. ഗവേഷണ സ്ഥാപനങ്ങൾ, കേന്ദ്ര ഏജൻസികൾ, കൃഷി വിജ്ഞാന കേന്ദ്രങ്ങൾ (കെ.വി.കെ) എന്നിവയുടെ സാങ്കേതിക പിന്തുണയുണ്ടാകും. വിദഗ്ദ്ധരുടെ മേൽനോട്ടത്തിൽ കർഷകരെ പങ്കാളികളാക്കിയാണ് കൃഷിരീതികൾ പ്രചരിപ്പിക്കുക. മുൻ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ, കേന്ദ്ര ഫിഷറീസ് ഡെവലപ്‌മെന്റ് കമ്മിഷണർ ഡോ. മുഹമ്മദ് കോയ, സി.എം.എഫ്.ആർ.ഐ ഡയറക്ടർ ഡോ. ഗ്രിൻസൺ ജോർജ്, പ്രിൻസിപ്പൽ സയന്റിസ്റ്റ് ഡോ. ഇമെൽഡ ജോസഫ്, ഐ.സി.എ.ആറിന് കീഴിലുള്ള ഫിഷറീസ് ഗവേഷണ സ്ഥാപനങ്ങൾ, കേന്ദ്ര സർക്കാർ ഏജൻസികൾ, കെ.വി.കെ പ്രതിനിധികൾ പങ്കെടുത്തു.

തൊഴിലവസരങ്ങൾ,​ സ്റ്റാർട്ടപ്പുകൾ

  • കർഷകരെ ശാക്തീകരിക്കാനും പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനും മത്സ്യ കർഷക ഉത്പാദക സംഘടനകൾ (എഫ്.എഫ്.പി.ഒ) രൂപീകരിക്കും
  • മത്സ്യസംസ്‌കരണം, പായ്ക്കിംഗ്, വിപണനം എന്നിവയിൽ സംരംഭകരാകാൻ സഹായം
  • തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ഉത്പന്നങ്ങളുടെ മൂല്യം വർദ്ധിപ്പിക്കുകയും ചെയ്യുന്ന സ്റ്റാർട്ടപ്പുകൾക്ക് പ്രോത്സാഹനം