ഗഗൻയാൻ: എയർ ഡ്രോപ്പ് ടെസ്റ്റ് വിജയം
തിരുവനന്തപുരം: മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കുന്ന ഇന്ത്യയുടെ സ്വപ്ന ദൗത്യമായ ഗഗൻയാന്റെ നിർണായക പരീക്ഷണങ്ങളിലൊന്നിൽ കൂടി വിജയം. ഗഗൻയാൻ ക്രൂ മൊഡ്യൂളിന്റെ മടക്കയാത്രയിൽ സുരക്ഷ ഉറപ്പാക്കുന്ന ഇന്റർഗ്രേറ്റഡ് എയർ ഡ്രോപ്പ് ടെസ്റ്റാണ് ഇന്നലെ നടത്തിയത്. ക്രൂമൊഡ്യൂളിന്റെ വേഗത പാരച്യൂട്ടുകൾ ഉപയോഗിച്ച് ക്രമമായി കുറച്ചു കൊണ്ടുവരുന്നതാണിത്. ഗഗൻയാൻ പദ്ധതിയിൽ ആത്മവിശ്വാസം നൽകുന്നതാണ് തദ്ദേശീയമായി വികസിപ്പിച്ച പാരച്യൂട്ടുകളുടെ വിജയം.
ശ്രീഹരിക്കോട്ടയിൽ നിന്ന് ഗഗൻയാന്റെ ക്രൂമൊഡ്യൂൾ അമേരിക്കൻ നിർമ്മിത ചിന്നൂക്ക് ഹെലികോപ്ടർ ഉപയോഗിച്ച് ഉയർത്തി. ബംഗാൾ ഉൾക്കടലിൽ മൂന്ന് കിലോമീറ്റർ മുകളിലെത്തിച്ചശേഷം താഴേക്ക് ഇട്ടു. തുടർന്ന് ഒന്നിന് പിറകെ ഒന്നായി പാരച്യൂട്ടുകൾ കൃത്യമായ ഇടവേളകളിൽ വിടർന്ന് സാവകാശം ക്രൂമൊഡ്യൂളിനെ കടലിൽ എത്തിച്ചു. കോസ്റ്റ് ഗാർഡും നാവികസേനയും ചേർന്ന് ഇത് വീണ്ടെടുക്കുന്നതു വരെയായിരുന്നു പരീക്ഷണം.
എക്സ്ട്രാക്ഷൻ, ഡ്രോഗ് ഷൂട്ട് തുറക്കൽ, പ്രധാന പാരച്യൂട്ട് വിന്യസിക്കൽ, ലാൻഡിംഗിന് മുമ്പ് വേഗത കുറയ്ക്കൽ എന്നിവയടക്കം സങ്കീർണമായ പ്രവർത്തനങ്ങളുടെ പരീക്ഷണം വിജയകരമായെന്ന് ഐ.എസ്.ആർ.ഒ വൃത്തങ്ങൾ അറിയിച്ചു. സുരക്ഷയടക്കം ഉറപ്പാക്കുന്നതിനായി പാരച്യൂട്ട് പരിശോധന, പാഡ് അബോർട്ട് പരീക്ഷണം, കടലിൽ നിന്ന് വീണ്ടെടുക്കൽ പരിശീലനങ്ങൾ എന്നിവ ഇനിയും നടത്തും. ഡിസംബറിലാണ് ഗഗൻയാനിന്റെ ബഹിരാകാശ പരീക്ഷണങ്ങൾ തുടങ്ങുക. അതിനു മുന്നോടിയായുള്ള നിർണായക പരീക്ഷണമാണ് ഇന്നലെ പൂർത്തിയാക്കിയത്.
വികസിപ്പിച്ചത് 10
പാരച്യൂട്ടുകൾ
1.ആഗ്രയിലെ ഏരിയൽ ഡെലിവറി റിസർച്ച് ആൻഡ് ഡവലപ്പ്മെന്റ് എസ്റ്റാബ്ളിഷ്‌മെന്റിലാണ്
25 മീറ്റർ വ്യാസമുള്ള പത്ത് പാരച്യൂട്ടുകൾ വികസിപ്പിച്ചത്
2.ഗഗൻയാൻ ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് പ്രവേശിച്ചതിനുശേഷം 11കിലോമീറ്റർ മുകളിൽ വച്ചാണ് പാരച്യൂട്ടുകൾ ഉപയോഗിക്കുക. ഒരു ജെറ്റ് വിമാനത്തിന്റെ വേഗതയിൽ മണിക്കൂറിൽ 700കിലോമീറ്റർ വേഗത്തിലായിരിക്കും ക്രൂമൊഡ്യൂൾ പായുന്നത്
3.കടലിൽ പതിക്കേണ്ടസമയത്ത് വേഗത മണിക്കൂറിൽ 30കിലോമീറ്ററായി കുറയ്ക്കണം. ക്രൂമൊഡ്യൂളിലെ ബഹിരാകാശയാത്രികരുടെ സുരക്ഷ ഉറപ്പാക്കാനാണിത്. ക്രൂമൊഡ്യൂളിന് മൂന്ന് പാരച്യൂട്ടുകളാണ് വേണ്ടിവരിക
3000 പരീക്ഷണങ്ങൾ
പൂർത്തിയായത് 700
ഗഗൻയാനുമായി ബന്ധപ്പെട്ട് നടത്തുന്നത് 3000 പരീക്ഷണങ്ങൾ. 700 എണ്ണം പൂർത്തിയായി. സർവീസ് മൊഡ്യൂൾ, ക്രൂഎസ്കേപ്പ്, ക്രൂമൊഡ്യൂൾ, ഹ്യൂമൻറേറ്റഡ് വിക്ഷേപണ റോക്കറ്റ്, ബഹിരാകാശയാത്രികരുടെ സ്യൂട്ട്, പരിശീലനം തുടങ്ങിയ പരീക്ഷണങ്ങളാണ് പൂർത്തിയായത്. ഇനി ശേഷിക്കുന്നത് അവസാനവട്ട പരീക്ഷണങ്ങൾ.
12,000 കോടി
പരീക്ഷണങ്ങൾക്കുള്ള ചെലവ്