മദ്യപിച്ച് സ്കൂൾ വളപ്പിൽ കാർ അഭ്യാസം: യുവാക്കൾ അറസ്റ്റിൽ
# വാഹനത്തിൽ നിന്ന് കഞ്ചാവും പിടികൂടി
മാവേലിക്കര: മറ്റം സെന്റ് ജോർജ് സ്കൂളിൽ മദ്യപിച്ച് എത്തി കാറിൽ അഭ്യാസപ്രകടനം നടത്തി ഭീകരന്തരീക്ഷം സൃഷ്ടിച്ച യുവാക്കൾ പിടിയിൽ. തഴക്കര സഹ്യാദ്രി വീട്ടിൽ അനീഷ് എം.വി, കൈതതെക്ക് തേവലപ്പുറത്ത് കിഴക്കത്തിൽ വീട്ടിൽ അവിനാശ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. വാഹനത്തിൽ നിന്ന് കഞ്ചാവും പിടികൂടി.
കാർ സ്കൂൾ ഗേറ്റിലൂടെ ഓടിച്ചു കയറ്റുകയും വിദ്യാർത്ഥികളെയും പി.ടി.എ യോഗത്തിന് വന്ന രക്ഷിതാക്കളുടെയും ഇടയിലൂടെ അതിവേഗതയിൽ ഗ്രൗണ്ടിൽ വട്ടം കറക്കി ഭീകരന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു. ഇത് ചോദ്യംചെയ്‌ത കായികാധ്യാപകനെ കാർ ഇടിപ്പിച്ചു കൊല്ലാൻ ശ്രമിക്കുകയും ദേഹോപദ്രവം ഏൽപ്പിക്കുകയും ചെയ്തു. സംഭവസ്ഥലത്തെത്തിയ പൊലീസ് ഉദ്യോഗസ്ഥരെയും ദേഹോപദ്രവം ഏൽപ്പിച്ചു. തുടർന്ന് പ്രതികളേയും വാഹനത്തെയും കസ്റ്റഡിയിൽ എടുത്ത് സ്റ്റേഷനിൽ എത്തിച്ചു. ഇവിടെവച്ച് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. എസ്.ഐ എബി വർഗീസ് , കോൺസ്റ്റബിൾ അശോക് , ജിഷ്ണു, അഖിൽ എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.