സംഘമിത്ര നാടക പുരസ്കാരം കണ്ണൂർ സരസ്വതിക്ക്

Monday 25 August 2025 12:18 AM IST
കണ്ണൂർ സരസ്വതി

മയ്യിൽ: സംഘമിത്ര നാടക പുരസ്കാരത്തിന് പ്രശസ്ത അഭിനേത്രി കണ്ണൂർ സരസ്വതിയെ തിരഞ്ഞെടുത്തു. പത്തായിരം രൂപയും ഫലകവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരം. സപ്തംബർ 14ന് രാവിലെ 10ന് കമ്പിൽ സംഘമിത്ര ഹാളിൽ നടക്കുന്ന നാടക പ്രവർത്തക സംഗമത്തിൽ പുരസ്കാരം വിതരണം ചെയ്യും. എം.കെ. മനോഹരൻ, സുരേഷ് ബാബു ശ്രീസ്ഥ , ശ്രീധരൻ സംഘമിത്ര തുടങ്ങിയ ജൂറിയാണ് പുരസ്കാര ജേതാവിനെ തിരഞ്ഞെടുത്തത്.

കേരളത്തിലെ അമേച്വർ - പ്രൊഫഷണൽ നാടക രംഗത്ത് നിറഞ്ഞു നിന്ന അഭിനയ പ്രതിഭയാണ് കണ്ണൂർ സരസ്വതി. സ്കൂൾ കാലം മുതൽ അഭിനയ രംഗത്തുണ്ട്. അമേച്വർ നാടകരംഗത്ത് ശ്രദ്ധേയമായ സാന്നിദ്ധ്യമായിരുന്നു. ഇബ്രാഹിം വേങ്ങരയുടെ ചിരന്തനയിലൂടെയാണ് പ്രൊഫഷനൽ നാടകരംഗത്തെത്തിയത്. കണ്ണൂർ സംഘചേതനയുടെ പ്രശസ്ത നാടകമായ സഖാവ് മുതൽ എട്ട് വർഷക്കാലം മികച്ച അഭിനേത്രിയായി പ്രേക്ഷകരുടെ സവിശേഷ ശ്രദ്ധ പിടിച്ചു പറ്റി. ചരിത്രം അവസാനിക്കുന്നില്ല എന്ന നാടകത്തിലെ അഭിനയത്തിന് കേരള സംഗീത നാടക അക്കാഡമിയുടെ സഹനടിക്കുള്ള അവാർഡ് കരസ്ഥമാക്കി. ചലച്ചിത്ര മേഖലയിലും കൈവച്ചിട്ടുണ്ട്. ഷോർട്ട് ഫിലിമുകളിലും ശ്രദ്ധേയമായ വേഷം അവതരിപ്പിച്ചു.

ആകാശവാണി കണ്ണൂർ നിലയം എ ഗ്രേഡ് ആർട്ടിസ്റ്റാണ്. 2008ൽ കേരള സംഗീത നാടക അക്കാഡമിയുടെ ഗുരുപൂജ അവാർഡും 2018ൽ സമഗ്രസംഭാവനയ്ക്കുള്ള സാവിത്രി ഭായ് ഫൂലെ അവാർഡും കരസ്ഥമാക്കി.

വാർത്ത സമ്മേളനത്തിൽ എയവി അജയകുമാർ, ശ്രീധരൻ സംഘമിത്ര, എ. കൃഷ്ണൻ, എം.പി രാമകൃഷ്ണൻ, പി. സന്തോഷ് പങ്കെടുത്തു.