ഓണക്കാലം വന്നെത്തി, റോഡുകളിലെല്ലാം, ദുരിതക്കുഴി
തൃശൂർ: പെരുമഴക്കാലം പിന്നിട്ട് ഓണം വന്നെത്തി. മഴ കഴിഞ്ഞ് നഗരത്തിലെ റോഡുകൾ ടാറിടാമെന്ന് പ്രഖ്യാപിച്ചവർക്ക് ഇപ്പോൾ അനക്കമില്ല. വ്യാപാരികളും നാട്ടുകാരും ചേർന്ന് പെരുമഴയത്തെ ടാറിംഗ് തടഞ്ഞപ്പോൾ മഴ മാറുമ്പോൾ പണി ഉഷറാകുമെന്നാണ് കരുതിയത്. എന്നാൽ മഴ കഴിഞ്ഞ് ഒരാഴ്ച പിന്നിടുമ്പോഴും ചിങ്ങത്തിലെ അത്തം ഇന്ന് പിറന്നിട്ടും റോഡുകളെല്ലാം പൊട്ടിപ്പൊളിഞ്ഞു തന്നെ. ശക്തൻ സ്റ്റാൻഡ് മുതൽ കെ.എസ്.ആർ.ടി.സിക്ക് സമീപമുള്ള റെയിൽവേ സ്റ്റേഷൻ റോഡാണ് ഏറ്റവുമധികം പൊട്ടിപ്പൊളിഞ്ഞിരിക്കുന്നത്. ഒരു സ്‌കൂട്ടറിന്റെ ടയറോളം വരുന്ന കുഴികളാണ് ഇവിടെയുള്ളത്. കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിലെ പെട്രോൾ പമ്പിന് മുൻവശമാണ് കൂടുതൽ തകർന്നത്. വൺവേയായ ഈ റോഡിൽ നിന്നും കുഴികൾ ചാടി പെട്രോൾ പമ്പിലേക്ക് ഇരുചക്ര വാഹനങ്ങളും മറ്റും പോകുന്നത് വലിയ അപകടക്കെണിയാകുന്നുണ്ട്. കുഴികൾ കാരണം ഗതാഗതക്കുരുക്കും ഇവിടെ പതിവാണ്. ഓണം അടുക്കുന്നതോടെ കുരുക്ക് കൂടുതൽ രൂക്ഷമായേക്കും. ദിവാൻജി മൂലയ്ക്കും പൂത്തോളിനും ഇടയിലുള്ള ഭാഗത്തെ പഴയ കുപ്പിക്കഴുത്ത് മാറ്റി മേൽപ്പാലം നിർമ്മിച്ചെങ്കിലും ഇപ്പോഴും പ്രദേശത്ത് വൻ കുരുക്കാണ്. പൂത്തോളിൽ നിന്നും ദിവാൻജി മൂലയിലേക്ക് എത്തുമ്പോൾ റോഡിന്റെ വീതികുറയുന്നതാണ് കുരുക്കിന് കാരണം.
ദിവാൻജി മൂല - ചെട്ടിയങ്ങാടി റോഡ്
ദിവാൻജി മൂല റെയിൽവേ സ്റ്റേഷൻ ജംഗ്ഷനിൽ നിന്നും ചെട്ടിയങ്ങാടി ഭാഗത്തേക്കുള്ള റോഡും പൊട്ടിപ്പൊളിഞ്ഞ നിലയിലാണ്. കുറുപ്പം റോഡ് എത്തുംവരെയുള്ള 250 മീറ്റനുള്ളിൽ മിക്കയിടത്തും കുഴിയാണ്. ഇതുമൂലം ഇരുചക്രവാഹന യാത്രക്കാരും ഓട്ടോറിക്ഷകൾക്കുമാണ് കൂടുതൽ ദുരിതം.
ദുരിതക്കോട്ട
പൊട്ടിപ്പൊളിഞ്ഞ് അപകടക്കെണിയായി പടിഞ്ഞാറെക്കോട്ട ജംഗ്ഷൻ. ട്രാഫിക് ഐലൻഡിന് ചുറ്റും തകർന്ന് റോഡ് ഇല്ലാത്ത സ്ഥിതിയാണ്. കാഞ്ഞാണിയിലേക്കും ഗുരുവായൂരിലേക്കും തൃശൂർ നഗരത്തിലേക്കും പൂങ്കുന്നം ഭാഗത്തേക്കുമുള്ള യാത്രാ ബസുകളും സ്വകാര്യ വാഹനങ്ങളും ഉൾപ്പെടെ സഞ്ചരിക്കുന്ന വഴിയാണ് തകർന്ന് അപകടഭീതിയിലായത്.
കൊക്കാലെ റെയിൽവേ ജംഗ്ഷൻ
കൊക്കാലെയിലെ റെയിൽവേ സ്റ്റേഷൻ ജംഗ്ഷനിൽ വലിയ കുഴി രൂപപ്പെട്ടിട്ട് മാസങ്ങളായി. ഇതുമൂലം കാഞ്ഞാണി, തൃപ്രയാർ ഭാഗത്തേക്കുള്ള ബസുകളും റെയിൽവേ സ്റ്റേഷനിലേക്കുള്ള സ്വകാര്യ വാഹനങ്ങളും ഉൾപ്പെടെ ബുദ്ധിമുട്ടിലാകുന്നുണ്ട്.
മാർച്ച് 27 ന്
തൃശൂർ: റോഡുകളുടെ തകർച്ചയിലും നിർമ്മാണത്തിലെ മെല്ലെ പോക്കിലും ജില്ലയിലെ ഇടതുപക്ഷ എം.എൽ.എമാർ തുടരുന്ന നിസ്സംഗതയിൽ പ്രതിഷേധിച്ച് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റികളുടെ സംയുക്ത നേതൃത്വത്തിൽ 27 ന് ധർണ സംഘടിപ്പിക്കും.
രാവിലെ 10 മണിക്ക് ജില്ലയിലെ പന്ത്രണ്ട് ഇടതു എം.എൽ.എമാരുടെ ഓഫീസുകളിലേക്ക് മാർച്ചും ധർണയും നടത്താൻ ജില്ലാ കോൺഗ്രസ് കമ്മിറ്റി നേതൃത്വ യോഗം തീരുമാനിച്ചു. ഡി.സി.സി പ്രസിഡന്റ ് അഡ്വ.ജോസഫ് ടാജറ്റ് അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി അംഗം ടി.സിദ്ദീഖ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. എം.പി.വിൻസെന്റ്, ഒ.അബ്ദുറഹ്മാൻ കുട്ടി, ജോസ് വള്ളൂർ, അനിൽ അക്കര, ടി.വി.ചന്ദ്രമോഹൻ, ജോസഫ് ചാലിശ്ശേരി, സുനിൽ അന്തിക്കാട്, രാജേന്ദ്രൻ അരങ്ങത്ത്, ജോൺ ഡാനിയേൽ, ഷാജി ജെ കോടങ്കണ്ടത്ത്, എ.പ്രസാദ്, സി.സി.ശ്രീകുമാർ, കെ.ബി.ശശികുമാർ എന്നിവർ പങ്കെടുത്തു.