നാളെ അത്തം, ഇനി പൂവിളി ഉയരും
തൃശൂർ: നാളെ അത്തം, സമൃദ്ധിയുടെ പൂവിളിയുമായി നാട് ഓണാഘോഷത്തിലേക്ക്. നഗരത്തിലടക്കം വൻ തിരക്കാണ്. തേക്കിൻക്കാട് മൈതാനിയിൽ കിഴക്കേ ഗോപുര നടയിൽ പൂ പന്തലുകൾ ഉയർന്നു. പൂ വിപണി ഇന്ന് രാവിലെ മുതൽ സജീവമാകും. ആദ്യകാലങ്ങളിൽ നാടൻ പൂക്കൾ കൊണ്ട് പൂക്കളം ഒരുക്കിയതെങ്കിൽ ഇപ്പോൾ അന്യസംസ്ഥാനങ്ങളെയാണ് ആശ്രയിക്കുന്നത്. തമിഴ്‌നാട്ടിലും കർണാടകയിലും ആന്ധ്ര അതിർത്തിയിലുമെല്ലാമുളള പൂക്കൃഷിയിടങ്ങളിൽ മഴ ശക്തമായതോടെ അത്തവിപണിയിൽ പൂക്കളുടെ വില കൂടുമെന്നാണ് കച്ചവടക്കാർ പറയുന്നത്. മൂന്നിരട്ടി വില വർദ്ധനയുണ്ടാകുമെന്നാണ് കണക്കുകൂട്ടൽ. ബുധനാഴ്ച വിനായകചതുർത്ഥിയാണ്. അത്തം നാൾ എത്തും മുമ്പ് തന്നെ വസ്ത്രവ്യാപര സ്ഥാപനങ്ങളിലും വഴിയോര കച്ചവടങ്ങളിലും ഇന്നലെ വൻതിരക്കായിരുന്നു. പീച്ചി, വാഴാനി, സ്‌നേഹതീരം, തുമ്പൂർമുഴി, ചാവക്കാട് മുസരിസ് എന്നിവിടങ്ങളിൽ ഓണാഘോഷം നടത്തും. വള്ളം കളികളും ജില്ലാതല ഓണാഘോഷത്തിന്റെ ഭാഗമാക്കും. സെപ്തംബർ നാലിന് വൈകിട്ട് തുടങ്ങുന്ന ഓണാഘോഷം എട്ടിന് പുലികളിയോടെ അവസാനിക്കും.
തെക്കേ ഗോപൂര നടയിൽ ഭീമൻ പൂക്കളം നാളെ
നാളെ തേക്കെ ഗോപൂര നടയിൽ അത്തപൂക്കളം പിറക്കും. കഴിഞ്ഞ വർഷം വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ പൂക്കളമൊഴിവാക്കിയിരുന്നു. ഇന്ന് രാവിലെ മുതൽ തേക്കിൻകാട് സയാഹ്ന കൂട്ടായ്മയുടെ നേതൃത്വത്തിൽ ഭീമൻ പൂക്കളമൊരുക്കൽ ആരംഭിക്കും. നാളെ പുലർച്ചെ തന്നെ പൂക്കള സമർപ്പണം നടക്കും. ഏകദേശം 1,500 കിലോ പൂക്കളാണ് ഉപയോഗിക്കുന്നത്. 150 പേർ ചേർന്നാണ് പൂക്കളമൊരുക്കുന്നത്.
ഓണം ഫെയർ ഇന്ന് മുതൽ
സപ്ലൈകോയുടെ ഓണം ഫെയർ ജില്ലയിൽ ഇന്ന് ആരംഭിക്കും. തേക്കിൻകാട് മൈതാനത്ത് തെക്കേ ഗോപുര നടയിൽ ഇന്നു മുതൽ സെപ്തംബർ 4 വരെ നടക്കുന്ന ഫെയറിന്റെ ഉദ്ഘാടനം വൈകീട്ട് 5.30 ന് മന്ത്രി കെ രാജൻ നിർവഹിക്കും. പി. ബാലചന്ദ്രൻ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. മേയർ എം. കെ.വർഗീസ് മുഖ്യാതിഥിയാവും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി. എസ്. പ്രിൻസ് ആദ്യ വില്പന നിർവഹിക്കും. സപ്ലൈകോയുടെ ഈ വർഷത്തെ ആകർഷകങ്ങളായ സമൃദ്ധി കിറ്റ്, ഗിഫ്റ്റ് കാർഡ്, എന്നിവയും അരിയും വെളിച്ചെണ്ണയുമടങ്ങുന്ന ആവശ്യ സാധനങ്ങളും ഫെയറിൽ വിതരണം ചെയ്യും. ഒല്ലൂർ നിയോജക മണ്ഡലത്തിലെ പാണഞ്ചേരി പഞ്ചായത്തിലെ വിവിധ വാർഡുകളിലേക്ക് അവശ്യസാധനങ്ങളുമായി പര്യടനം നടത്തുന്ന സഞ്ചരിക്കുന്ന ഓണം ഫെയറിന്റെ ഫ്‌ളാഗ് ഓഫ് മന്ത്രി നിർവഹിക്കും.
സംസ്ഥാന തല ഓണം വിപണനമേള ഉദ്ഘാടനം
കുടുംബശ്രീ മിഷൻ സംസ്ഥാന തല ഓണം വിപണനമേള 28 മുതൽ സെപ്തംബർ 4 വരെ ടൗൺഹാളിൽ സംഘടിപ്പിക്കും. കുടുംബശ്രീ സംരംഭകരുടെ ഉത്പന്നങ്ങളാണ് മേളയിൽ. 28ന് ഉച്ചതിരിഞ്ഞ് 2 മണിക്ക് സാംസ്‌കാരിക ഘോഷയാത്രയും തുടർന്ന് 3 ന് ടൗൺഹാളിൽ ഉദ്ഘാടനം നടക്കും. മന്ത്രി ഡോ. ആർ.ബിന്ദു അദ്ധ്യക്ഷത വഹിക്കും. മന്ത്രി എം.ബി.രാജേഷ് ഉദ്ഘാടനം ചെയ്യും.