ഭൂമി തർക്കം: സംയുക്ത പ്രതിഷേധം

Monday 25 August 2025 12:00 AM IST

തൃശൂർ: കാർഷിക സർവകലാശാലയുടെ മണ്ണുത്തിയിലെ ഭൂമി തട്ടിയെടുക്കാനുള്ള വെറ്റിനറി സർവകലാശാലാ ഉദ്യോഗസ്ഥ ലോബിയുടെ നീക്കത്തിനെതിരെ ഇന്ന് ഉച്ചയ്ക്ക് മണ്ണുത്തി കാർഷിക ഗവേഷണകേന്ദ്രത്തിന് മുന്നിൽ വിവിധ സംഘടനകളുടെ ആഭിമുഖ്യത്തിൽ സംയുക്ത പ്രതിഷേധം സംഘടിപ്പിക്കും. 2011ൽ വിഭജനസമയത്ത് വെറ്റിനറി സർവകലാശാല നിയമം അനുശാസിക്കുന്ന 20 കേന്ദ്രങ്ങളും ബന്ധപ്പെട്ട് മൊത്തം ഭൂമിയും കൈമാറിയിട്ടുള്ളതാണ്. തുടർന്ന് 2013 മുതൽ എ. ആർ. എസ്. മണ്ണുത്തി കരമടച്ചു കൈവശം വച്ചുപോരുന്ന ഭൂമിയാണ് ഇപ്പോൾ വെറ്റിനറിക്കാർ ആവശ്യപ്പെടുന്നത്. ഇതിനെതിരെയാണ് കാർഷിക സർവകലാശാലയിലെ അദ്ധ്യാപകരും ജീവനക്കാരും തൊഴിലാളികളും വിദ്യാർത്ഥികളും പെൻഷൻകാരും ചേർന്ന് സംയുക്തമായി മണ്ണുത്തിയിൽ പ്രതിഷേധം നടത്തുന്നത്. മണ്ണുത്തി ആറ്റിക് ഗവേഷണകേന്ദ്രത്തിൽ നിന്ന് പ്രകടനമാരംഭിച്ചു മണ്ണുത്തി കാർഷിക ഗവേഷണ കേന്ദ്രത്തിനു മുന്നിലാണ് പ്രതിഷേധ യോഗം.