ആറാംനാൾ പുന്നമടപ്പോര് സാംസ്‌കാരിക ഘോഷയാത്ര ഇന്ന്
ആലപ്പുഴ: ഇന്നേക്ക് അറാം നാൾ പുന്നമക്കായലിൽ വാശിയേറുന്ന പോരാട്ടത്തിനൊടുവിൽ 71ാമത് നെഹ്റുട്രോഫിയുടെ വെള്ളിക്കപ്പിൽ ആര് മുത്തമിടുമെന്ന് വ്യക്തമാകും. ഒരുക്കങ്ങളെല്ലാം ദ്രുതഗതിയിൽ മുന്നേറുകയാണ്. ഒപ്പം ക്ലബുകളും ഫാൻസുകാരും സമൂഹ മാദ്ധ്യമങ്ങളിൽ സജീവമാണ്. ചുണ്ടൻമാരുടെ പരിശീലനവും ട്രാക്ക് എൻട്രിയുമടക്കം റീലുകളായി നിറയുകയാണ്. കരുത്തന്മാർ മികച്ച സമയം പുറത്തെടുത്താണ് ട്രാക്ക് എൻട്രി നടത്തിയിരിക്കുന്നത്. ഇതോടെ പോരാട്ടം തീപാറുമെന്നുറപ്പാണ്. വിജയത്തിൽ കുറഞ്ഞൊന്നും ലക്ഷ്യം വയ്ക്കാതെയുള്ള പരിശീലനമാണ് ഓരോ ടീമും നടത്തുന്നത്.
ജലോത്സവത്തിന് മുന്നോടിയായി ആലപ്പുഴ നഗരസഭയും, ജില്ലാ ഭരണകൂടവും, കേരള ടൂറിസവും, ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലും ചേർന്ന് സംഘടിപ്പിക്കുന്ന സാംസ്കാരിക പരിപാടികൾക്ക് തുടക്കം കുറിച്ചുള്ള ഘോഷയാത്ര ഇന്ന് കളക്ട്രേറ്റ് ജംഗ്ഷനിൽ നിന്ന് ആരംഭിക്കും. ജില്ലാ കളക്ടർ അലക്സ് വർഗ്ഗീസ് ഫ്ലാഗ് ഒഫ് ചെയ്യും. പഞ്ചവാദ്യം, സ്കേറ്റേഴ്സ്, ശിങ്കാരിമേളം, ബാൻഡ് സെറ്റ്, പുരാണവേഷങ്ങൾ, കൊട്ടക്കാവടി, പൊയ്ക്കാൽ മയിൽ, തെയ്യം പ്ലോട്ടുകൾ വഞ്ചിപ്പാട്ടിന്റെ അകമ്പടിയോടെ നാൽപ്പാലത്തിനു സമീപം സമാപിക്കും. സമ്മേളനം പി.പി. ചിത്തരഞ്ജൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. തുടർന്ന് മണ്ണഞ്ചേരി ദാസ് അവതരിപ്പിക്കുന്ന ഓട്ടൻ തുള്ളൽ അരങ്ങേറും. ഇന്ന് മുതൽ 5 ദിവസം നീണ്ടു നിൽക്കുന്ന കലാ പരിപാടികൾ മുല്ലയ്ക്കൽ ജോൺസ് ഗ്രൗണ്ടിലാണ് ക്രമീകരിച്ചിരിക്കുന്നത്.
വൈകുന്നേരം 6ന് നഗര ദീപാലങ്കാരങ്ങളുടെ സ്വിച്ച് ഓൺ ജില്ലാ പൊലീസ് മേധാവി മോഹനചന്ദ്രൻ നിർവഹിക്കും. 6ന് ഹാർമണി വേൾഡ് ഓർക്കസ്ട്രയുടെ ഇളയനില, 7.30 ന് ഷൈനിംഗ് സ്റ്റാർ അവതരിപ്പിക്കുന്ന മെഗാഷോ. നാളെ 4ന് നാൽപ്പാലം മുതൽ ശവക്കോട്ട പാലം വരെ ജലഘോഷയാത്ര. 5 ന് മിഴാവ് മേളം, 6 ന് ഫോക് ഫിയസ്റ്റ, 8ന് ഡീജെ