ഏകീകൃതനിരക്കിന്റെ പേരിൽ വെട്ടിക്കുറവ്,​ അക്ഷയകേന്ദ്രങ്ങൾ പ്രതിസന്ധിയിൽ

Monday 25 August 2025 1:34 AM IST

ആലപ്പുഴ: ചെലവുകൾ വർദ്ധിച്ച് നട്ടം തിരിയുന്നതിനിടെ, ഏകീകൃത നിരക്കിന്റെ പേരിൽ ചാർജ്ജുകൾ വെട്ടിക്കുറച്ചതോടെ അക്ഷയകേന്ദ്രങ്ങൾ കൂടുതൽ പ്രതിസന്ധിയിലേക്ക്.

2018ൽ നിരക്ക് പുതുക്കിയപ്പോൾ തന്നെ കാലോചിതമല്ലെന്ന് സംരംഭകർ ആക്ഷേപം ഉന്നയിച്ചെങ്കിലും ചെവിക്കൊണ്ടില്ല. അതേസമയം,​ 2022ൽ ഐ.എൽ.ജി.എം.എസ് സോഫ്റ്റ് വെയർ (ഇന്റഗ്രേറ്റഡ് ലോക്കൽ ഗവേർണൺസ് മാനേജ്മെന്റ് സിസ്റ്റം) വന്നതോടെ പഞ്ചായത്തിന്റെ സേവനങ്ങൾക്ക് സർവീസ് ചാർജ്ജ് വർദ്ധിപ്പിച്ചിരുന്നു. എന്നാൽ, അടുത്തിടെ കെ- സ്മാർട്ട് ഏകീകൃത നിരക്കിന്റെ പേരിൽ എല്ലാനിരക്കുകളും വെട്ടികുറച്ചതാണ് അക്ഷയ കേന്ദ്രങ്ങൾക്ക് കനത്ത തിരിച്ചടിയായത്.

ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് ഒരു ഓണക്കാലത്ത് 1000 രൂപ നൽകിയതൊഴിച്ചാൽ നാളിതുവരെ സർക്കാരിന്റെ ഭാഗത്ത് നിന്ന് യാതൊരു പരിഗണനയും മേഖലയ്ക്ക് ലഭിച്ചിട്ടില്ലെന്ന് സംരംഭകർ പറയുന്നു. കൊവിഡ് കാലത്ത് പോലും തിരിഞ്ഞുനോക്കിയിട്ടില്ല. നിരക്ക് ഏകീകരണത്തിന് മുമ്പ് സംരംഭകരുമായി കൂടിയാലോചന പോലും നടത്തിയിട്ടില്ലെന്നും പരാതിയുണ്ട്.

അക്ഷയയല്ലാത്ത സേവന കേന്ദ്രങ്ങൾ ഉയർന്ന നിരക്ക് ഈടാക്കുന്നതിന്റെ പഴി കേൾക്കേണ്ടി വരുന്നതും സംരംഭകരാണ്. പെൻഷൻ മസ്റ്ററിംഗും, ആധാർ ബയോമെട്രിക്കും മാത്രമാണ് അക്ഷയ കേന്ദ്രങ്ങളിൽ മാത്രം ലഭിക്കുന്ന സേവനങ്ങൾ. കെ- സമാർട്ടുമായി ബന്ധപ്പെട്ട് നിരക്കുകൾ കുറച്ചതിൽ സംരംഭകർ കോടതിയെ സമീപിച്ചിരിക്കുകയാണ്.

ചെലവുകൾ കുതിക്കുന്നു

1.ഒരു അക്ഷയകേന്ദ്രത്തിന് കുറഞ്ഞത് ആറുലക്ഷം രൂപ മുതൽമുടക്കാവും. 50,000 മുതൽ 80,000 രൂപ വരെയാണ് പ്രതിമാസ പ്രവർത്തന ചെലവ്. വിപുലമായ സൗകര്യവും കൂടുതൽ ജീവനക്കാരുമുള്ള സെന്ററുകളിൽ ചെലവും ഇനിയും വർദ്ധിക്കും

2.സർക്കാർ നേരിട്ട് നൽകുന്ന സേവനങ്ങൾക്ക് ഇക്കാലയളവിൽ ഇരട്ടിയിലേറെ വർദ്ധനവുണ്ടായിട്ടുണ്ട്. വാടക, വൈദ്യുതി, ഇന്റർനെറ്റ്, പേപ്പർ, മഷി എന്നിവയുടെ വിലയും ജീവനക്കാരുടെ ശമ്പളവുമെല്ലാം ഇക്കാലയളവിൽ കാര്യമായി വർദ്ധിച്ചു

3. നൂറോളം സേവനങ്ങൾ അക്ഷയ കേന്ദ്രങ്ങൾ വഴി നൽകുന്നുണ്ട്. നിരവധി രേഖകകളുടെ സ്കാനിംഗ്, പ്രിന്റിംഗ്, വിവാഹ രജിസ്ട്രേഷന് വീഡിയോ റെക്കാഡിംഗ് അടക്കം ഒരു സേവനത്തിന് മാത്രം മണിക്കൂറുകൾ ചെലവഴിക്കേണ്ടി വരും. 2018ൽ 125 ആയിരുന്ന ജി.എസ്.എം പേപ്പർ പാക്കറ്റിന് ഇപ്പോൾ 285 രൂപ വിലയുണ്ട്.

4. സർക്കാർ ഒരു പ്രിന്റിനും സ്കാനിംഗിനും മൂന്ന് രൂപ ഈടാക്കുന്നത് പോലെ അക്ഷയ സംരംഭകർക്ക് ചെയ്യാനാവില്ല. കേന്ദ്രങ്ങൾക്ക് പിടിച്ചുനിൽക്കാൻ സാധിക്കുന്ന തരത്തിൽ നിരക്കിൽ മാറ്റ വരുത്തണമെന്നതാണ് അക്ഷയ സംരംഭകരുടെ ആവശ്യം

സർവീസ് ചാർജ്ജ്

സർവീസ്,​ കെ- സ്മാർട്ട് ,​ ഐ.എൽ.ജി.എം.എസ് )​

# ജനന സർട്ടിഫിക്കറ്റ് : 40 - 100 രൂപ

# മരണ സർട്ടിഫിക്കറ്റ് : 40 - 120 രൂപ

# വിവാഹ രജിസ്ട്രേഷൻ: ജനറൽ 70, എസ്.സി, എസ്.ടി 50 - 170 രൂപ

മാന്യമായ വരുമാനം ലഭിക്കാതെ വരുമ്പോഴാണ് അഴിമതിയുണ്ടാകുന്നത്. പുതുക്കിയ നിരക്കിൽ സംരംഭം മുന്നോട്ട് കൊണ്ടുപോകാനാവില്ല

- സ്റ്റീഫൻ ജോൺ, സംസ്ഥാന പ്രസിഡന്റ്,

ഫോറം ഒഫ് അക്ഷയ സെന്റർ എന്റർപ്രണേഴ്സ്