ഇന്റേണൽ പരാതി സെല്ലുകൾ നിർബന്ധമാക്കണം

Monday 25 August 2025 12:00 AM IST

തൃശൂർ: എല്ലാ രാഷ്ട്രീയ സംഘടനകളിലും ഇന്റേണൽ പരാതി സെല്ലുകൾ നിർബന്ധമാക്കണമെന്ന് ഐ.എൻ.ടി.യു.സി യംഗ് വർക്കേഴ്‌സ് കൗൺസിൽ. രാഷ്ട്രീയ സംഘടനകൾക്കുള്ളിൽ സ്ത്രീകൾ ഉയർത്തുന്ന പരാതികളിൽ ഗൗരവകരമായ പരിശോധനകൾ നടക്കുന്നില്ലെന്ന് യോഗം വിലയിരുത്തി. സ്ത്രീകൾ നൽകുന്ന പരാതികൾ പൂഴ്ത്തിവയ്ക്കാനും സമ്മർദ്ദം ചെലുത്തി പിൻവലിപ്പിക്കാനുമാണ് ഉത്തരവാദിത്തപ്പെട്ടവർ ശ്രമിക്കുന്നത്. ഇത് ജനാധിപത്യത്തിന് ഭൂഷണമല്ല. സംഘടനയ്ക്ക് പുറത്തുള്ള നിയമ വിദഗ്ദ്ധരെയോ സമാനരായ സ്ത്രീവ്യക്തിത്വങ്ങളെയോ കൂടി ഉൾപ്പെടുത്തി ഇന്റേണൽ വനിത പരാതി സെല്ലുകൾ രൂപീകരിക്കാനുള്ള ധാർമ്മികത കാണിക്കണം. യംഗ് വർക്കേഴ്‌സ് കൗൺസിലിനുള്ളിൽ സെല്ല് രൂപീകരിക്കാനും ഭാരവാഹികളായ ശരണ്യ ശ്രീകുമാർ, ശ്രീജ, അഡ്വ.സിനി വിപിൻ, അഡ്വ.അനൂപ് മോഹൻ, ഐ.എൻ.ടി.യു.സി സംസ്ഥാന ജനറൽ സെക്രട്ടറിമാരായ വി.ജെ.ജോസഫ്, സതി എന്നിവരെ സെൽ അംഗങ്ങളായി നിയമിക്കും.