വില്ല് കെട്ടാൻ വേദിയില്ലാതെ വിൽപ്പാട്ട് കല

Monday 25 August 2025 1:49 AM IST

ഉദിയൻകുളങ്ങര: ഓണ പരിപാടികൾ ഗ്രാമാന്തരങ്ങളിൽ നിറയുമ്പോഴും വിൽപ്പാട്ട് കലാകാരന്മാർക്ക് ഇക്കുറിയും പ്രതീക്ഷയ്ക്ക് വകയില്ല. വിൽപ്പാട്ട് കലയെ പിന്തുടർന്ന് ജീവിച്ചു പോകുന്നവർ വേദികളില്ലാതെ

പെരുവഴിയിലാണിപ്പോൾ.

നെയ്യാറ്റിൻകര താലൂക്കിൽ മാത്രം 100 കണക്കിന് വിൽപ്പാട്ട് കലാകാരന്മാരാണ് നിലവിലുള്ളത്.

തെക്കൻ തിരുവിതാംകൂറിൽ രൂപംകൊണ്ട ഒരു കഥാ സമ്പ്രദായമാണ് നവീന വില്ലുപാട്ട്. വില്പാട്ട്, വില്ലടിച്ചാൻപാട്ട്, വില്ലടി, വില്ലുകൊട്ടിപ്പാട്ട് എന്നൊക്കെ പേരുകളുണ്ട്. തെക്കൻപാട്ടുകൾ എന്നറിയപ്പെട്ടിരുന്ന കഥാഗാനങ്ങളാണ് വില്ലടിച്ചാൻപാട്ടിന് ഉപയോഗിച്ചിരുന്നത്.

വില്ല്, വീശുകോൽ, ഉടുക്ക്, കുടം, ജാലർ എന്നീ വാദ്യോപകരണങ്ങളാണ്‌ വില്ലുപാട്ടിൽ പരമ്പരാഗതമായി ഉപയോഗിക്കുന്നത്. പിൽക്കാലത്ത് ഹാർമോണിയം, തബല തുടങ്ങിയവയും വില്ലുപാട്ടിൽ ഉപയോഗിച്ചുതുടങ്ങി. നവീന വില്പാട്ടിൽ ഈ ഉപകരണങ്ങൾ ചായംപൂശി ആകർഷകമാക്കാറുണ്ട്.

ചുടലൈ മാടൻ, മുത്താരമ്മൻ, പെച്ചിയമ്മൻ, ഇസക്കിയമ്മൻ തുടങ്ങിയ ദേവതകളുമായി ബന്ധപ്പെട്ടതാണ് ക്ഷേത്ര ആചാരങ്ങൾക്കും ഉത്സവങ്ങൾക്കുമായി വില്ലു പാട്ട് സംഘങ്ങൾ അവതരിപ്പിച്ചു പൊരുന്നത്.

വില്ലുപാട്ട് പാരമ്പര്യം

തെക്കൻ തമിഴ്‌നാട്, തെക്കൻ കേരളം, വടക്കുകിഴക്കൻ ശ്രീലങ്ക എന്നിവയുടെ സംസ്കാരവുമായി ബന്ധപ്പെട്ടിരിക്കുന്നതാണ് വില്ലുപാട്ട് പാരമ്പര്യം. കാൽ നൂറ്റാണ്ടുമുൻപ് കന്യാകുമാരി സ്വദേശിയായ തിരുവട്ടാർ ബാലൻപിള്ളയാണ്‌ അനുഷ്ഠാനകലയായിരുന്ന വില്ലുപാട്ടിനെ ജനകീയകലയാക്കി മാറ്റാനുള്ള ആദ്യശ്രമം നടത്തിയത്.

നെയ്യാറ്റിൻകര തലയൽ കേശവൻ നായരാണ്‌ മറ്റൊരു പരിഷ്കർത്താവ്. വേഷവിധാനത്തിലാണ്‌ അദ്ദേഹം മാറ്റം‌വരുത്തിയത്. നെയ്യാറ്റിൻകരയിൽ അദ്ദേഹം സ്ഥാപിച്ച 'യുഗസന്ധ്യ' ഉത്സവവേദികളിൽ ശ്രദ്ധേയമായ വിൽക്കലാമേളകൾ അവതരിപ്പിച്ചുവരുന്നു.

അടുത്ത കാലത്ത് സ്ത്രീകൾ വില്ലുപാട്ടിൽ കടന്നുവരികയും ട്രൂപ്പുകൾ രൂപവത്കരിക്കുകയും ചെയ്തിട്ടുണ്ട്.

നെയ്യാറ്റിൻകര താലൂക്കിൽ

30 ഓളം വിൽപ്പാട്ട് കലാകേന്ദ്രങ്ങളാണ് നെയ്യാറ്റിൻകര താലൂക്കിൽ മാത്രം പ്രവർത്തിക്കുന്നത്.

ഒരു നവീന വിൽപ്പാട്ട് അവതരിപ്പിക്കാൻ പതിനാറായിരം രൂപയോളം ചെലവുള്ളതായും കലാകാരൻ പറയുന്നു. വേദികൾ കുറഞ്ഞതിനാൽ കലാകാരന്മാർ ബുദ്ധിമുട്ടുകയാണ്

കലാസൃഷ്ടികളെ സംരക്ഷിക്കണം

ഈ കലാസൃഷ്ടികളെ സംരക്ഷിക്കുവാൻ സാംസ്കാരിക വകുപ്പ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വഴി തനത് ഫണ്ട് കണ്ടെത്തുമെന്ന പ്രഖ്യാപനങ്ങളുണ്ടെങ്കിലും അവയൊന്നും

പ്രാവർത്തികമായി കാണുന്നില്ലെന്ന ആക്ഷേപങ്ങൾ നിലവിലുണ്ട്.

സ്കൂൾ കോളേജ് കലോത്സവങ്ങളിലും, തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങൾ നടത്തുന്ന

മത്സരങ്ങളിലും ഇവയെ ഉൾപ്പെടുത്തിയാൽ പിന്നാക്കം നിൽക്കുന്ന ഇത്തരത്തിലുള്ള കലകളെ ഒരു പരിധിവരെ സംരക്ഷിക്കാൻ കഴിയും.