പൂവിളി ഉണർത്തി നാളെ അത്തം
തിരുവനന്തപുരം: നാടെങ്ങും പൂവിളി മുഴങ്ങിത്തുടങ്ങി, നാളെ അത്തം പിറക്കുന്നതോടെ തിരുവോണത്തിനായുള്ള പത്തുനാളത്തെ കാത്തിരിപ്പിന് തുടക്കമാകും. നഗരത്തിലെ പ്രധാന ജംഗ്ഷനുകളെല്ലാം ഓണത്തിരക്കിലായി. ചാല, കിഴക്കേക്കോട്ട, പാളയം എന്നിവിടങ്ങളിൽ പൂവ് വാങ്ങാനെത്തുന്നവരുടെ വലിയ തിരക്കാണ്. സ്കൂളിലും കോളേജിലും ഓഫീസിലുമെല്ലാം ഓണാഘോഷങ്ങൾ ഈയാഴ്ചയും അടുത്തയാഴ്ചയുമായാണ് നടക്കുന്നത്. ഇക്കൂട്ടരാണ് ഏറ്റവും അധികം പൂവാങ്ങാനെത്തുന്നതെന്ന് വ്യാപാരികൾ പറയുന്നു. അത്തപ്പൂക്കള മത്സരങ്ങൾക്കായി ബൾക്ക് ഓർഡറുകളെത്തും. ടെക്നോപാർക്കിലെ വിവിധ കമ്പനികളിൽ നിന്ന് ഒന്നിച്ച് ഓർഡർ ലഭിക്കും. 200 മുതൽ 5000 രൂപയ്ക്ക് വരെ പൂവിന് ആവശ്യക്കാരുണ്ട്. എല്ലാ പൂവുകളും ചേർന്ന് സെറ്റായി നൽകുന്നതിന് 5000 രൂപയോളമാണ് ചാർജ്. പ്ലാസ്റ്റിക്ക് പൂവും കളർ ഉപ്പും ഇടുന്ന ട്രെൻഡുള്ളപ്പോഴും ഒറിജിനൽ പൂവിന് ആവശ്യക്കാർ കുറയുന്നില്ല.
പ്രിയം അരളിയോട്
അരളിപ്പൂവ് തേടിയാണ് കൂടുതൽപേരും എത്തുന്നത്. 150-200 രൂപ വരെയാണ് കിലോയ്ക്ക് വില. മുല്ലയ്ക്ക് നിലവിൽ 1000-1200 രൂപ വരെയാണ് വിലയെങ്കിലും തിരുവോണത്തോടടുക്കുമ്പോൾ ഇത് കൂടിയേക്കാം. ഫ്ലാറ്റിൽ അത്തമിടുന്നവരും കുറവല്ല. ഓൺലൈനായി പത്തുദിവസത്തേക്കും ഫ്ലവർ ഷോപ്പുകളിൽ നിന്ന് പൂവ് ഓർഡർ ചെയ്യാം. ഇതിന് പൂവിന്റെ തുകയ്ക്ക് പുറമേ ഡെലിവറി ചാർജും ഈടാക്കും.
ക്ലബുകൾ പിന്നിലേയ്ക്ക്
മുമ്പ് എല്ലാ പ്രധാന ജംഗ്ഷനുകളിലും ക്ലബുകളും അസോസിയേഷനുകളും സന്നദ്ധസംഘടനകളും തിരുവോണം വരെ അത്തപ്പൂക്കളം ഒരുക്കാറുണ്ടായിരുന്നു. ഓരോ ദിവസവും ഓരോ പ്രമേയത്തിലാണ് പൂക്കളം ഇട്ടിരുന്നത്. ഇക്കുറി ഈ ട്രെൻഡിന് അല്പം നിറംമങ്ങിയമട്ടാണ്. ദിവസങ്ങൾക്ക് മുമ്പേ അത്തമിടാൻ കെട്ടിയൊരുക്കുന്ന ഷെഡുകൾ ഇക്കുറി അധികം കാണാനില്ല.