യൂറോപ്പ് വിസ വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ ആൾ അറസ്റ്റിൽ
കാളികാവ്: യൂറോപ്യൻ രാജ്യങ്ങളിലേക്ക് വിസ വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ ആളെ കാളികാവ് പൊലീസ് അറസ്റ്റുചെയ്തു. തൃശൂർ കാറളം നാലുകണ്ടൻ പൗലോസിന്റെ മകൻ ജിന്റോ പൗലോസിനെയാണ് (36) തിരുവനന്തപുരം കിളിമാനൂരിൽ വച്ച് പിടികൂടിയത്. കാളികാവ് അടക്കാക്കുണ്ട് സ്വദേശി കാരടി മുഹമ്മദ് അൻശിഫ്, കരുവാരക്കുണ്ട് കേരള സ്വദേശി ആലക്കൽ മുഹമ്മദ് ജാബിർ എന്നിവരുടെ പരാതിയിലാണ് കേസെടുത്തത്.സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് പലരിൽ നിന്നായി 80 ലക്ഷത്തോളം രൂപ തട്ടിയതായാണ് വിവരം.കോതമംഗലം, വാരാപ്പുഴ, ബിനാമിപുരം എന്നീ പോലീസ് സ്റ്റേഷനുകളിലും ഇയാൾക്കെതിരെ വിസ തട്ടിപ്പുമായി ബന്ധപ്പെട്ട് കേസുണ്ട്. ശനിയാഴ്ച തിരുവനന്തപുരത്ത് കിളിമാനൂരിൽ വേഷം മാറി മീൻ കച്ചവടം നടത്തുന്നതിനിടെയാണ് കാളികാവ് പൊലീസ് സംഘത്തിന്റെ പിടിയിലായത്.ആറുമാസത്തോളമായിനിലമ്പൂരിൽ താമസിക്കുന്നതിനിടെ സ്വീഡനിലേക്കുള്ള വിസയെന്ന പേരിൽ പത്തോളം പേരിൽ നിന്ന് പണം തട്ടിയതായി കണ്ടെത്തി.ഇപ്പോൾ പരാതി നൽകിയ രണ്ടു പേരിൽ നിന്നായി മൂന്നര ലക്ഷം രൂപയാണ് തട്ടിയത്.ഇനിയും പരാതികൾ വരാനുണ്ടെന്നും പൊലീസ് പറഞ്ഞു.
തട്ടിപ്പിന്റെ വഴി
- പല സ്ഥലങ്ങളിലായി അപ്പാർട്ടുമെൻറ്റുകൾ വാടകക്കെടുത്ത് മാസങ്ങൾ താമസിച്ച് പ്രദേശത്തെ പ്രധാനികളായ ആളുകളുമായി ചങ്ങാത്തം സ്ഥാപിക്കും.
- സ്ഫുടവും മാന്യവുമായ സംസാരങ്ങളിലൂടെ അവരെ വശീകരിക്കും. പിന്നീട് ഇവരിലൂടെയാണ് ഇരകളെ കണ്ടെത്തുന്നത്.
- യു.കെ, സ്വീഡൻ, കാനഡ തുടങ്ങിയുള്ള രാജ്യങ്ങളിലേക്കുള്ള വിസകളുണ്ടെന്നാണ് ഇയാൾ വിശ്വസിപ്പിക്കുന്നത്.
- സർവ്വീസ് ചാർജിനും ടിക്കറ്റിനുമുള്ള പണം മതിയെന്നും വിസയുടെ ജോലി ചെയ്ത് കൊടുത്താൽ മതി എന്നുമാണ് പറയുക.