ആകാശ പ്രതിരോധത്തിൽ പുതിയ ഇന്ത്യൻ മുന്നേറ്റം

Monday 25 August 2025 1:01 AM IST

ന്യൂഡൽഹി: ശത്രുക്കളുടെ ഡ്രോൺ മുതൽ മിസൈലുകളെ വരെ ഒരേസമയം പ്രതിരോധിക്കുന്ന ഇന്ത്യയുടെ ഇന്റഗ്രേറ്റഡ് എയർ ഡിഫൻസ് വെപ്പൺ സിസ്റ്റത്തിന്റെ (ഐ.എ.ഡി.ഡബ്ലിയു.എസ്) കന്നിപ്പരീക്ഷണം വിജയം. ഒഡീഷ തീരത്തെ ചാന്ദിപ്പൂർ കേന്ദ്രത്തിൽ ശനിയാഴ്ച ഉച്ചയ്‌ക്ക് 12.30നായിരുന്നു പരീക്ഷണം. ഡി.ആർ.ഡി.ഒയുടെ (ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്‌മെന്റ് ഓർഗനൈസേഷൻ) നേതൃത്വത്തിലാണ് വികസിപ്പിച്ചത്.

അതിവേഗം വിവിധ ദിശകളിലും ഉയരത്തിലുമെത്തിയ രണ്ട് ആളില്ലാ ഡ്രോൺ, മൾട്ടി - കോപ്ടർ ഡ്രോണടക്കമുള്ളവയെ നിർവീര്യമാക്കി.മിസൈൽ സംവിധാനം, ഡ്രോൺ കണ്ടെത്തി നശിപ്പിക്കുന്ന സംവിധാനം, സിസ്റ്റം കമാൻഡ് ആൻഡ് കൺട്രോൾ പ്രവർത്തനം, ആശയവിനിമയം, സിഗ്നൽ പിടിച്ചെടുക്കാനും നിരീക്ഷിക്കാനുമുള്ള റഡാറുകൾ എന്നിവയുൾപ്പെടെ എല്ലാം മികച്ചരീതിയിൽ പ്രവർത്തിച്ചെന്ന് ചാന്ദിപ്പൂരിലെ ഇന്റഗ്രേറ്റഡ് ടെസ്റ്റ് റേഞ്ചിലെ ഉപകരണങ്ങൾ സ്ഥിരീകരിച്ചു.

പരീക്ഷണം രാജ്യത്തിന്റെ ബഹുനിര വ്യോമ പ്രതിരോധ ശേഷി തെളിയിച്ചെന്നും ശത്രുവിന്റെ വ്യോമ ഭീഷണികൾക്കെതിരെ ആകാശ പ്രതിരോധം ശക്തിപ്പെടുത്തുമെന്നും പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് പറഞ്ഞു.

പരീക്ഷിച്ചത് മൂന്നു സംവിധാനങ്ങൾ

1.ക്വിക്ക് റിയാക്ഷൻ സർഫേസ് ടു എയർ മിസൈൽ:

ഒരു ലോഞ്ചറിൽ 6 മിസൈൽ. ശത്രു വിമാനം, മിസൈൽ എന്നിവ റഡാറിൽ പതിഞ്ഞാലുടൻ കമാൻഡ് ആന്റ് കൺട്രോളിലേക്ക് സന്ദേശം പോകും. സന്ദേശം ലഭിച്ചാലുടൻ മിസൈൽ തൊടുക്കും. ലക്ഷ്യം തിരിച്ചറിഞ്ഞ് തകർക്കാൻ ട്രാക്കർ സംവിധാനം. 10 കിലോമീറ്റർ (6.2 മൈൽ) ഉയരത്തിൽ പറക്കുന്നവയെ തകർക്കും. 2014ൽ 476.43 കോടി ബഡ്‌ജറ്റിൽ വകയിരുത്തി.

2. അഡ്വാൻസ്ഡ് വെരി ഷോർട്ട് റേഞ്ച് എയർ ഡിഫൻസ് സിസ്റ്റം

താഴ്ന്നു പറക്കുന്ന ശത്രു വിമാനങ്ങൾ, ഹെലികോപ്ടർ എന്നിവയെ നിർവീര്യമാക്കും . മിസൈൽ, ലോഞ്ചർ, സെൻസറുകൾ, തെർമൽ ഇമേജിംഗ് യൂണിറ്റ്, കമാൻഡ് ആന്റ് കൺട്രോൾ യൂണിറ്റ് എന്നിവ ചേർന്നത്. ട്രൈപോഡിന്റെ സഹായത്തോടെയോ, തോളിൽ വച്ചോ വിക്ഷേപിക്കാവുന്ന മിസൈൽ. ലക്ഷ്യത്തെ സ്വയം കണ്ടെത്തി നശിപ്പിക്കും.

പദ്ധതി ചെലവ്: 4,800 കോടി.

3. ലേസർ അധിഷ്ഠിത ഡയറക്ടഡ് എനർജി വെപ്പൺ

ചെറിയ മിസൈലുകളെയും ഡ്രോണുകളെയും പ്രതിരോധിക്കാനുള്ള ലേസർ അധിഷ്‌ഠിത ആയുധം. റഡാർ വഴി ശത്രു നീക്കമറിഞ്ഞ് പ്രകാശവേഗത്തിൽ ആക്രമിക്കാനും തീവ്രമായ ലേസർ ബീം ഉപയോഗിച്ച് തകർക്കാനും കഴിയും. ശബ്‌മില്ലാതെ ശത്രുവിനെ തകർക്കാം. പരമ്പരാഗത ആയുധങ്ങളെക്കാൾ ചെലവ് കുറവ്.